സൗദിയും റഷ്യയും എണ്ണ ഉൽപാദനം കുറയ്ക്കാനുള്ള കരാർ നീട്ടും 

ഒസാക്ക - എണ്ണ ഉൽപാദനം കുറയ്ക്കുന്നതിനുള്ള കരാർ നീട്ടാൻ റഷ്യയും സൗദി അറേബ്യയും തമ്മിൽ ധാരണയായതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുചിൻ. ഒസാക്കയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. 

ഇടപാട് ആറ് മുതൽ ഒൻപത് മാസത്തേക്ക് നീട്ടാനാണ് ഉദ്ദേശിക്കുന്നതെന്ന് പുചിൻ വ്യക്തമാക്കി. ഒപെക് രാജ്യങ്ങളും സഖ്യകക്ഷികളും ക്രൂഡ് ഉൽ‌പാദനം 1.2 ദശലക്ഷം ബാരൽ കുറയ്ക്കാൻ ഡിസംബറിൽ തീരുമാനിച്ചിരുന്നു. 

ലോകത്തെ എണ്ണയുടെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന 14 രാജ്യങ്ങളുടെ സഖ്യമായ ഒപെകും (OPEC) അന്താരാഷ്ട്ര ഊർജ ഏജൻസിയും ചൊവ്വാഴ്ച വിയന്നയിൽ നടത്താനിരിക്കുന്ന ഉന്നത തല യോഗത്തിനു മുന്നോടിയായാണ് കരാർ നീട്ടാൻ ധാരണയായിരിക്കുന്നത്. അസംസ്കൃത എണ്ണയുടെ വിപുലമായ വിതരണം നടക്കുന്ന പശ്ചാത്തലത്തിൽ അതിനെതിരായുള്ള  ചർച്ചകൾ നടത്താനാണ് യോഗം ചേരുന്നതെന്ന് സൂചനകളുണ്ട്.  

Latest News