കൊച്ചി- ലൈംഗിക പീഡനത്തിനിരയായ ചലച്ചിത്ര നടിക്കെതിരെ ഗുരുതര ആരോപണവുമായി നടന് ദിലീപ്. നടിയും പ്രതി പള്‍സര്‍ സുനിയും വളരെ അടുപ്പം പുലര്‍ത്തിയിരുന്നവരാണെന്ന് ദിലീപ് ഒരു ടി.വി ചാനല്‍ പരിപാടിയില്‍ ആരോപിച്ചു.
അവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണെന്നും ഇക്കാര്യം തന്നോട് സംവിധായകന് ലാലേട്ടന് പറഞ്ഞിട്ടുളളതാണെന്നും ദിലീപ് വിശദമാക്കി. വലിയ അടുപ്പത്തിലായിരുന്നു അവര്‍. ഗോവയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു. അവര്‍ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട്. അതാണ് അപകടത്തിന് വഴിവെച്ചത്. താന്‍ ആരുമായി കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടതാണ്. ഞാന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല. അതിന് തയാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. പള്‍സര്‍ സുനിയെ എന്റെ ഓര്‍മ്മയില്‍ കണ്ടിട്ടില്ല. എന്റെ ലൊക്കേഷനിലുളള ഒരാളും കണ്ടിട്ടില്ല. എന്റെ കൂടെ ജോലി ചെയ്യുന്നയാള്‍ക്കാര്‍ കണ്ടിട്ടില്ല -ദിലീപ് പറഞ്ഞു.
നടിയുമായി തനിക്ക് നേരത്തെ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് പള്‍സര്‍ സുനി സഹതടവുകാരോട് പറഞ്ഞതായി പോലീസിനും ജയില്‍ അധികൃതര്‍ക്കും വിവരം ലഭിച്ചിട്ടുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ദിലീപ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.






