Sorry, you need to enable JavaScript to visit this website.

നേതാക്കളുടെ ഹൃദയം കവര്‍ന്നു; ജി 20 ഉച്ചകോടിയില്‍ താരമായി കിരീടാവകാശി

ഒസാക, ജപ്പാൻ - സൗദിയിൽ സമൂലമായ സാമ്പത്തിക, സാമൂഹിക പരിഷ്‌കരണങ്ങൾക്കും നവീകരണങ്ങൾക്കും നായകത്വം വഹിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജി-20 ഉച്ചകോടിക്കിടെ ലോക നേതാക്കളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ്  വ് ളാദിമിര്‍ പുട്ടിൻ എന്നിവർ ഉച്ചകോടിയുടെ തിരക്കിനിടെ കിരീടാവകാശിയുമായി കുശലം പറയുന്നതിനും സൗഹൃദം പങ്കുവെക്കുന്നതിനും പ്രത്യേകം താൽപര്യം പ്രകടിപ്പിച്ചു. ട്രംപുമായും പുട്ടിനുമായും കിരീടാവകാശിക്കുള്ള പ്രത്യേക അടുപ്പം ഇത് വ്യക്തമാക്കി. അമേരിക്ക, റഷ്യ, ചൈനീസ്, ഫ്രഞ്ച്, ഇന്തോനേഷ്യൻ പ്രസിഡന്റുമാർ ജി-20 ഉച്ചകോടിക്കിടെ കിരീടാവകാശിയുമായി ചർച്ചകൾക്ക് ആഗ്രഹം പ്രകടിപ്പിച്ചു. ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ലോക നേതാക്കളുടെ മധ്യത്തിലായാണ് കിരീടാവകാശി നിലയുറപ്പിച്ചത്. ഉച്ചകോടിക്ക് ആതിഥ്യം നൽകുന്ന ജപ്പാനിലെ പ്രധാനമന്ത്രിക്കും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിനും മധ്യേയായിരുന്നു കിരീടാവകാശിയുടെ സ്ഥാനം. സൗദി കിരീടാവകാശിക്ക് ലോക നേതാക്കൾക്കിടയിലുള്ള സ്ഥാനം എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഗ്രൂപ്പ് ഫോട്ടോ സെഷൻ. 


ജി-20 ഉച്ചകോടിക്കിടെ ഡൊണൾഡ് ട്രംപും സൗദി കിരീടാവകാശിയും ഹസ്തദാനം ചെയ്യുന്ന ഫോട്ടോ ഇന്നലെ ലോക വാർത്താ ഏജൻസികൾ പുറത്തുവിട്ട ലോകത്തെ ഏറ്റവും മികച്ച ഫോട്ടോകളിൽ ഒന്നാണെന്ന് ഓസ്‌ട്രേലിയൻ പത്രമായ ബ്രിസ്ബൻ ടൈംസ് വിശേഷിപ്പിച്ചു. മറ്റു ലോക നേതാക്കൾ ഗ്രൂപ്പ് ഫോട്ടോക്കുവേണ്ടി കൈകൾ ഉയർത്തി അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു ട്രംപിന്റെയും കിരീടാവകാശിയുടെയും ഹസ്തദാനം.

ഗ്രൂപ്പ് ഫോട്ടോ സെഷനിടെ തനിക്കൊപ്പം നിലയുറപ്പിക്കുന്നതിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ അമേരിക്കൻ പ്രസിഡന്റ് പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. ഉച്ചകോടിക്കിടെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച കിരീടാവകാശിയുടെ വ്യക്തിപ്രഭാവത്തെ  പ്രശംസിച്ചും ആഹ്ലാദം പ്രകടിപ്പിച്ചും സൗദിയിലെ സാമൂഹിക മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി. അടുത്ത വർഷത്തെ ജി-20 ഉച്ചകോടിക്ക് ആതിഥ്യം നൽകുന്നത് സൗദി അറേബ്യ ആയതിനാലാണ് ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ജപ്പാൻ പ്രധാനമന്ത്രിക്കൊപ്പം ഏറ്റവും മധ്യത്തിൽ കിരീടാവകാശിക്ക് സ്ഥാനം അനുവദിച്ചതെന്ന് റിപ്പോർട്ടുണ്ട്.

Latest News