Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ വിലമതിക്കാനാവാത്ത പങ്കാളിയെന്ന് ഇന്ത്യ 

ഒസാക, ജപ്പാൻ- സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കൂടിക്കാഴ്ച ഹൃദ്യമായി. നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ചയായ കൂടിക്കാഴ്ചയിൽ പരസ്പര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കേണ്ടതിനെയും ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കേണ്ടതിനെയും കുറിച്ച് ഇരുനേതാക്കളും വിശകലനം ചെയ്തു. ഇന്ത്യയുടെ ഹജ് ക്വാട്ട രണ്ട് ലക്ഷമായി വർധിപ്പിക്കാനുള്ള സൗദി തീരുമാനവും ചർച്ചയിൽ പരാമർശിക്കപ്പെട്ടു. ഹജ് ക്വാട്ട 1,70,000 ൽനിന്ന് രണ്ട് ലക്ഷമായി ഉയർത്തുമെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ജി 20 ഉച്ചകോടിക്കിടെ നടത്തിയ ചർച്ചക്ക് ശേഷം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. 
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ജി-20 ഉച്ചകോടി അജണ്ടയിൽ ഉൾപ്പെടുത്തിയ വിഷയങ്ങളെക്കുറിച്ചും മുഹമ്മദ് ബിൻ സൽമാനും നരേന്ദ്രമോഡിയും വിശകലനം ചെയ്തു. നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. 
ഇന്ത്യയുടെ വിലമതിക്കാനാവാത്ത പങ്കാളിയാണ് സൗദി അറേബ്യയെന്ന് വിദേശ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. വ്യാപാര, സാമ്പത്തിക, നിക്ഷേപ, ഊർജ, ഭീകര വിരുദ്ധ പോരാട്ട മേഖലകൾ അടക്കം വ്യത്യസ്ത മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയും സൗദി കിരീടാവകാശിയും ചർച്ച നടത്തിയതായും രവീഷ് കുമാർ പറഞ്ഞു. സിംഗപ്പൂർ പ്രധാനമന്ത്രി ലി ഹസീൻ ലൂംഗ്, നെതർലാന്റ്‌സ് രാജ്ഞി മാക്‌സിമ എന്നിവരുമായും കിരീടാവകാശി പ്രത്യേകം ചർച്ചകൾ നടത്തി. ദക്ഷിണ കൊറിയൻ സന്ദർശനം പൂർത്തിയാക്കിയാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജപ്പാനിലെത്തിയത്. 
 

Latest News