യാത്രാ വിലക്ക്: ട്രംപിന്റെ ഉത്തരവിന് ഭാഗിക അംഗീകാരം

യു.എസ് സുപ്രീം കോടതി ജഡ്ജിമാര്‍

വാഷിംഗ്ടണ്‍ -ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുളളവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ആദ്യ വിജയം. യാത്രാ വിലക്കിനുള്ള സ്‌റ്റേ സുപ്രീം കോടതി ഭാഗികമായി നീക്കി. അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം നടപ്പാക്കാന്‍ അനുവദിക്കണമെന്ന വൈറ്റ് ഹൗസ് ആവശ്യം കോടതി താല്‍ക്കാലികമായി അംഗീകരിച്ചു. ട്രംപിന്റെ നടപടി അംഗീകരിക്കണമോ റദ്ദാക്കണമോ എന്ന വിഷയം ഒക്‌ടോബറില്‍ പരിഗണിക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.
ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 2017 മാര്‍ച്ച് 15 ന് അര്‍ധരാത്രി മുതല്‍ 90 ദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപിന്റെ ഉത്തരവ്. അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തേക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ യു.എസില്‍ ഉള്ളവരുമായോ സ്ഥാപനങ്ങളുമായോ വിശ്വാസ്യതയുള്ള ബന്ധമുള്ളവര്‍ക്ക് ഉത്തരവ് ബാധകമാക്കരുതെന്നു വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കി.
ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാകില്ലെന്നു കോടതികള്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീല്‍ കോടതിയാണ് നിലപാടെടുത്തത്. ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അന്നു കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവാണ് സുപ്രീം കോടതി അസാധുവാക്കിയത്.

Latest News