കാമുകന്‍ സത്യം പറഞ്ഞു; ജയില്‍ ചാടിയ യുവതികള്‍ കുടുങ്ങി

തിരുവനന്തപുരം- സാരിയഴിച്ച് കമ്പിയില്‍ ചുറ്റി മതിലില്‍ കയറിയാണ് ജയില്‍ ചാടിയതെന്ന് അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ചാടിയ ശില്‍പയും സന്ധ്യയും മൊഴി നല്‍കി. ഇതിന് സഹതടവുകാരിയുടെ സഹായവും ലഭിച്ചെന്ന് വ്യക്തമായിട്ടുണ്ട്.  കഴിഞ്ഞ ദിവസം പാലോട് നിന്ന് അറസ്റ്റ് ചെയ്ത ഇരുവരെയും അട്ടക്കുളങ്ങര വനിതാ ജയിലിലെത്തിച്ചു തെളിവെടുത്തു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു വനിതാ തടവുകാരുടെ ജയില്‍ ചാട്ടം.

ശില്‍പയുടെ വീട് സ്ഥിതി ചെയ്യുന്ന കോളനിയില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും പിടികൂടിയത്. ജയില്‍ വളപ്പിലെ ബയോഗ്യാസ് കുഴിയുടെ മൂടി തുറക്കാനുപയോഗിക്കുന്ന കമ്പിപ്പാരയില്‍ സാരി ചുറ്റി മതിലില്‍ കയറി  ചാടിക്കടക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.

ജയില്‍ ചാടി ഓട്ടോയില്‍ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോയ യുവതികള്‍ അവിടെ നിന്ന് ഭിക്ഷ ചോദിച്ച് പണം ശേഖരിച്ചു. തുടര്‍ന്ന് വര്‍ക്കല കാപ്പില്‍ റെയില്‍വേ സ്റ്റേഷനിലെത്തി രാത്രി ചെലവഴിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ ഇവരെ തിരിച്ചറിഞ്ഞതായി സംശയം തോന്നിയപ്പോള്‍ ഓട്ടോയില്‍ അയിരൂരിലേക്ക് പോയി.
ഇതിനിടെ ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ വാങ്ങി യുവതികളിലൊരാളുടെ കാമുകനായ രാഹുലിനെ വിളിച്ചു.  സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ യുവതികള്‍ ഇറങ്ങിയ ശേഷം രാഹുലിന്റെ ഫോണിലേക്ക് വീണ്ടും വിളിച്ചപ്പോള്‍ തടവു ചാടിയ യുവതികളാണെന്ന് അയാള്‍ വെളിപ്പെടുത്തി.

ഓട്ടോ ഡ്രൈവര്‍ ഈ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പാരിപ്പള്ളിയിലെ യൂസ്ഡ് ബൈക്ക് വില്‍പന കേന്ദ്രത്തില്‍ എത്തിയ യുവതികള്‍ ഓടിച്ചു നോക്കാനെന്ന വ്യാജേന ഇവിടെ നിന്ന് എടുത്ത സ്‌കൂട്ടറില്‍ കടന്നു. ബൈക്ക് വില്‍പനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി പോലീസ് അന്വേഷിക്കുകയായിരുന്നു.

 

 

Latest News