Sorry, you need to enable JavaScript to visit this website.

ആവശ്യമുണ്ട് നിങ്ങളുടെ ശബ്ദം;  ഇരുട്ടിൽ  ഭാവന പൂത്തുലയാൻ

തൃശൂർ- കൂരിരുട്ടിന്റെ ലോകത്ത് ജീവിക്കുന്നവർക്ക് ഭാവനയുടെ സ്വപ്‌നലോകം തീർക്കാൻ നിങ്ങളുടെ ശബ്ദം ദാനം ചെയ്യാം. കാഴ്ചയില്ലാത്തവർക്കായി ശബ്ദപുസ്തകം തയാറാക്കുന്ന തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ 'അകക്കണ്ണ്' കാമ്പയിന് ജൂലൈ ഒന്നിന് തുടക്കമാവും. കാഴ്ചയില്ലാത്തവരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനായി ശബ്ദ പുസ്തകങ്ങൾ സമാഹരിക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
കാഴ്ച പരിമിതർക്ക് പുസ്തകം വായിക്കുന്നതിനുള്ള ആഗോളതല ഫോർമാറ്റായ ഡെയ്‌സി ആണ് ഇതിനായി ഉപയോഗപ്പെടുത്തുക. പുസ്തകങ്ങൾ വായിച്ച് റെക്കോർഡ് ചെയ്ത് ശബ്ദ പുസ്തകങ്ങളായി കൺവേർട്ട് ചെയ്താണ് ഡെയ്‌സി പുസ്തകങ്ങൾ തയാറാക്കുന്നത്. ഒരു വാചകത്തിൽനിന്നും മറ്റൊരു വാചകത്തിലേക്കും ഒരു തലക്കെട്ടിൽനിന്ന് മറ്റൊരു തലക്കെട്ടിലേക്കും ഒരു പേജിൽനിന്ന് മറ്റേതു പേജിലേക്കും വളരെ പെട്ടെന്ന് പോകുവാൻ കഴിയുന്ന വിധത്തിലാണ് ഡെയ്‌സി ശബ്ദ പുസ്തകങ്ങളുടെ ഘടന. കാഴ്ചയുള്ളയാൾ പുസ്തകം വായിക്കുന്നതു പോലെ കാഴ്ചയില്ലാത്തയാൾക്കും പുസ്തകം വായിക്കാം.
പുസ്തകം വായിച്ച് റെക്കോർഡ് ചെയ്യുമ്പോൾ കവർ പേജ് മുതൽ അവസാനം വരെ ഒന്നും വിട്ടുകളയാതെയാണ് വായിക്കേണ്ടത്. കവർ പേജിലും മറ്റു പേജുകളിലും നൽകിയ ചിത്രങ്ങൾ ആവുന്ന വിധത്തിൽ വിവരിക്കണം. ഒഴിഞ്ഞ പേജുണ്ടെങ്കിൽ അതുൾപ്പെടെ പറയണം. എല്ലാ പേജ് നമ്പറുകളും കൃത്യമായി വായിക്കണം. കാഴ്ചയുള്ളവരുടെ ശബ്ദം കാഴ്ചയില്ലാത്തവർക്ക് അനുഗ്രഹമായി എന്നെന്നും നിലനിൽക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.
വായനാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അകക്കണ്ണ് കാമ്പയിന്റെയും 'മാറുന്ന ലോകം, മാറുന്ന വായന' സെമിനാറിന്റെയും ഉദ്ഘാടനം ജൂലൈ ഒന്നിന് രാവിലെ പത്തിന് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്‌കൃത സർവകലാശാല വൈസ് ചാൻസിലർ ഡോ. ധർമ്മരാജ് അടാട്ട് നിർവഹിക്കും. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. ഷീജു അധ്യക്ഷത വഹിക്കും. 
ചാലക്കുടി നഗരസഭ ചെയർപേഴ്‌സൻ ജയന്തി പ്രവീൺ കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആർ സുമേഷ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.പി സുലഭകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി. സേതുരാജ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എൻ ഹരി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Latest News