Sorry, you need to enable JavaScript to visit this website.

മക്ക റൂട്ട് പദ്ധതി അഞ്ച് രാജ്യങ്ങളില്‍ കൂടി; ഇന്ത്യക്കാര്‍ക്ക് ഇത്തവണയില്ല

മക്ക റൂട്ട് പദ്ധതിയെക്കുറിച്ച് വിശകലനം ചെയ്യുന്നതിന് ജിദ്ദയിൽ സംഘടിപ്പിച്ച ശിൽപശാല.

ജിദ്ദ- വിദേശ ഹജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ വെച്ച് മുൻകൂട്ടി പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി ഈ വർഷം അഞ്ചു രാജ്യങ്ങളിൽ നടപ്പാക്കും. മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലെ എയർപോർട്ടുകളിലാണ് ഈ വർഷം മക്ക റൂട്ട് പദ്ധതി നടപ്പാക്കുക. ഇന്ത്യൻ തീർഥാടകരെയും ഈ വർഷം പദ്ധതി ഗുണഭോക്താക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് ആലോചനകളും നീക്കങ്ങളും നടത്തിയിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ ഇന്ത്യയിലെ എയർപോർട്ടുകളിൽ ഈ വർഷം പദ്ധതി നടപ്പാക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള തീർഥാടകർക്ക് പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി വലിയ വിജയമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കൂടുതൽ രാജ്യങ്ങളിലേക്ക് ഈ വർഷം പദ്ധതി വ്യാപിപ്പിക്കുന്നത്. 
സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങളെല്ലാം സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ വെച്ചു തന്നെ പൂർത്തിയാക്കുന്നതു വഴി ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഇറങ്ങിയാലുടൻ ആഭ്യന്തര യാത്രക്കാരെ പോലെ ഹാജിമാർക്ക് വേഗത്തിൽ പുറത്തിറങ്ങി ബസുകളിൽ താമസ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാൻ സാധിക്കും. 
എമിഗ്രേഷൻ അടക്കമുള്ള നടപടികൾക്ക് ജവാസാത്ത് അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ കൗണ്ടറുകൾക്കു മുന്നിൽ തീർഥാടകർക്ക് കാത്തു നിൽക്കേണ്ടി വരില്ല. തീർഥാടകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതോടൊപ്പം ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ തിരക്ക് കുറക്കുന്നതിനും പദ്ധതി സഹായിക്കും. 


അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 2,25,000 ലേറെ ഹജ് തീർഥാടകർക്ക് ഈ വർഷം മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടെയും വിദേശ രാജ്യങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് ജിദ്ദയിൽ വ്യാഴാഴ്ച രാത്രി ശിൽപശാല സംഘടിപ്പിച്ചു. സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽ യഹ്‌യയുടെ അധ്യക്ഷതയിലാണ് ശിൽപശാല സംഘടിപ്പിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് മക്ക റൂട്ട് പദ്ധതി ആരംഭിച്ചത്. മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നതിന് മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ജിദ്ദ, മദീന എയർപോർട്ടുകളിലും പൂർത്തിയാക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് ശിൽപശാല വിശകലനം ചെയ്തു. 
ഹജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള ജവാസാത്ത് നടപടിക്രമങ്ങൾ സ്വന്തം രാജ്യങ്ങളിൽ വെച്ച് പൂർത്തിയാക്കുകയും തീർഥാടകരുടെ ലഗേജുകൾ തരംതിരിച്ച് എൻകോഡ് ചെയ്യുകയും പ്രതിരോധ കുത്തിവെപ്പ് അടക്കമുള്ള ആരോഗ്യ വ്യവസ്ഥകൾ ഹാജിമാർ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് മക്ക റൂട്ട് പദ്ധതി വഴി ചെയ്യുക. ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ ഇറങ്ങി നേരെ ബസുകളിൽ കയറിപ്പറ്റി താമസ സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കുന്ന ഹജ് തീർഥാടകരുടെ ലഗേജുകൾ പിന്നീട് ബന്ധപ്പെട്ട സർവീസ് സ്ഥാപനങ്ങൾ താമസ സ്ഥലങ്ങളിൽ എത്തിച്ചുനൽകും. 

 

 

Latest News