Sorry, you need to enable JavaScript to visit this website.

അസമില്‍ വിദേശിയെന്ന് തെറ്റിദ്ധരിച്ച്   ജയിലിലടച്ച സ്ത്രീയ്ക്ക് മോചനം

ഗുവാഹതി- വിദേശിയെന്ന് തെറ്റിദ്ധരിച്ച്  തടവിലടച്ച അസം സ്വദേശി മധുബാല മണ്ഡലിനെ (59) മൂന്ന് വര്‍ഷത്തിനുശേഷം വിട്ടയച്ചു. നിയമവിരുദ്ധ കുടിയേറ്റം നടത്തിയെന്നാരോപിച്ചായിരുന്നു മധുബാലയെ അറസ്റ്റ് ചെയ്തത്. പേരിലെ സാമ്യമാണ്  അറസ്റ്റിനിടയാക്കിയതെന്നാണ് പോലീസ് ഭാഷ്യം. അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍നിന്ന്  മോചിതയായ മധുബാല കഴിഞ്ഞ ദിവസം  വീട്ടിലെത്തി.
മധുമാല ദാസ് എന്ന സ്ത്രീക്കാണ് 2016ല്‍ കോടതി നോട്ടീസ് അയച്ചത്. എന്നാല്‍, നോട്ടീസ് അയക്കുന്നതിന് മുമ്പേ ഇവര്‍  മരിച്ചു.  തുടര്‍ന്ന് മണ്ടലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദേശികള്‍ക്കായുള്ള നീതിന്യായക്കോടതിയാണ് മധുബാലയെ വിട്ടയച്ചത്. ഇതേ കോടതിയാണ് 2016ല്‍ ഇവരെ വിദേശിയെന്ന് മുദ്രകുത്തി ജയിലില്‍ അടച്ചത്. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചിരങ് ജില്ലാ എസ്പി നടത്തിയ അന്വേഷണത്തിലാണ് ആളുമാറി അറസ്റ്റ് ചെയ്തതാണെന്ന് ഉറപ്പാക്കിയത്.  മധുബാല മണ്ഡല്‍ അസം സ്വദേശിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. 
കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍ മുഹമ്മദ് സനാവുല്ലയെ വിദേശിയെന്ന് മുദ്രകുത്തി  ജയിലിലടച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ  കുടുംബം നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ഗുവാഹത്തി കോടതി ജാമ്യം അനുവദിച്ചത്.

Latest News