Sorry, you need to enable JavaScript to visit this website.

മുസ്ലിങ്ങൾ കൂടുതലുള്ള സ്കൂളുകളിൽ ഭക്ഷണശാല; മമതക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി; പ്രതികരിച്ച് മമത  

കൊൽക്കൊത്ത - ബംഗാളിൽ, 70 ശതമാനത്തിലധികം മുസ്ലിം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ ഭക്ഷണശാലകൾ നിർമ്മിക്കുന്നതിനെതിരെ സംസ്ഥാന ബി.ജെ.പി നേതൃത്വം. മമത ബാനർജി വിവേചനപൂർവം പെരുമാറുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. വെസ്റ്റ് ബംഗാൾ ബി.ജെ.പി പ്രസിഡൻറ് ദിലീപ് ഘോഷാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. 

കൂച്ബെഹർ ജില്ലയിലെ സർക്കാർ സ്‌കൂളുകളിലാണ് ബംഗാൾ സർക്കാർ ഭക്ഷണശാലകൾ നിർമ്മിക്കുന്നത്. തീരുമാനത്തെ 'വഞ്ചനാപരമായ വേർതിരിവെ'ന്നാണ് ഘോഷ്  വിശേഷിപ്പിച്ചിരിക്കുന്നത്. 

മതത്തിന്റെ പേരിൽ കുട്ടികളോട് എന്തിനാണ് വിവേചനം കാണിക്കുന്നത് എന്ന് ചോദിച്ച ഘോഷ്, ഇതൊരു ഗൂഡാലോചനയാണോ എന്നും ചോദ്യമുന്നയിക്കുന്നുണ്ട്. 

സ്‌കൂളുകളിൽ മതവിവേചനം എന്തിനാണെന്നും മമത തന്നെയാണ് തൃണമൂൽ കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ബാബുൽ സുപ്രിയോ വിഷയത്തിൽ പ്രതികരിച്ചു. 

എന്നാൽ,  ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഫണ്ടുകൾ കൊണ്ട്, ന്യൂനപക്ഷ ക്ഷേമത്തിനായാണ് ഭക്ഷണശാലകൾ നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ഇന്ത്യ ഗവണ്മെന്റിന്റെ മാർഗ്ഗനിർദേശമനുസരിച്ചാണ് ഇവ നിർമ്മിക്കുന്നതെന്നും മമത അറിയിച്ചു. ന്യൂനപക്ഷ വിദ്യാർഥികൾക്കു മാത്രമല്ല, അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഇത് പ്രയോജനപ്പെടും. അതെങ്ങനെ മത വിവേചനമാകും- മമത ചോദിച്ചു. 

 

Latest News