Sorry, you need to enable JavaScript to visit this website.

മുംബൈയിൽ കനത്ത മഴ; ഗതാഗത കുരുക്ക് രൂക്ഷം 

മുംബൈ - ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ മഴയിൽ കുതിർന്ന് മുംബൈ നഗരം. അടുത്ത 48 മണിക്കൂറുകൾ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. കഴിഞ്ഞ അഞ്ച് മണിക്കൂറിൽ നഗരത്തിൽ ശരാശരി 43.23 മില്ലിമീറ്ററും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 64.14 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 78.21 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 

നഗരത്തിൽ പലയിടങ്ങളിലായി വെള്ളക്കെട്ടുകൾ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പെട്ടെന്നുണ്ടായ കനത്ത മഴയിൽ, ഗതാഗതം തടസ്സപ്പെട്ടു. ധാരവി, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസുകൾ വഴി തിരിച്ചു വിട്ടതായി നഗരത്തിലെ ഗതാഗത ഓപ്പറേറ്റർ 'ബെസ്റ്റ്' അറിയിച്ചു. കനത്ത മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്. 

മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സമയത്തെ മഴ ബാധിച്ചിട്ടുണ്ട്. പ്രാദേശിക ട്രെയിനുകളുടെ സമയത്തിൽ മാറ്റമില്ലെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.

നിലവിൽ നഗരത്തിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 24 ഡിഗ്രി സെൽഷ്യസും 31 ഡിഗ്രി സെൽഷ്യസും ഈർപ്പം 88 ശതമാനവുമാണ്.

 

 

Latest News