Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീരിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് അമിത് ഷാ; തെരഞ്ഞെടുപ്പ് 6 മാസത്തിനകം

ന്യൂ ദൽഹി - ജമ്മു കശ്മീരിലെ ഭീകരവാദം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ വളരെയധികം പ്രവർത്തിച്ചിട്ടുണ്ടെന്നും ഇപ്പോൾ ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത ആറുമാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താമെന്നും ഷാ ലോക്സഭയിൽ പറഞ്ഞു. രാഷ്ട്രപതി ഭരണം 6 മാസത്തേക്ക് കൂടി നീട്ടണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിന് ഇടയിലാണ് തെരഞ്ഞെടുപ്പിന്റെ കാര്യം അമിത് ഷാ പറഞ്ഞത്. 

ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നിലപാടാണ് കാശ്മീരിൽ ഇപ്പോൾ ഉള്ളതെന്നും ഭീകരത പിഴുതുമാറ്റാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു വർഷത്തിൽ വളരെയധികം പ്രവർത്തിച്ചിട്ടുണ്ടെന്നും വിശദമാക്കിയ അമിത ഷാ, തെരഞ്ഞെടുപ്പ് കാലം അതിന് തെളിവാണെന്നും ക്രമ സമാധാനം നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കി. 

അതേസമയം, ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാൻ വാജ്പേയി തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മോഡി സർക്കാർ തകിടം മറിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയത്തെ എതിർക്കുന്നതായി ആര്‍എസ്പി നേതാവ് എൻ കെ പ്രേമചന്ദ്രൻ ചര്‍ച്ചയില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് നീട്ടുന്നതിനെയും പ്രതിപക്ഷം വിമർശിച്ചു. ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ കശ്മീരിലുള്ളത്. എത്രയും വേഗം തെരഞ്ഞെടുപ്പ‌് നടത്തി സർക്കാർ രൂപീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. 

ജമ്മുകശ്മീർ സംവരണ ഭേദഗതി ബില്ലും അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. ജമ്മുകശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേഗദതിയാണ് സംവരണ ബില്ലിലുള്ളത്.കഴിഞ്ഞ വർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുമായുള്ള ഭരണ സഖ്യം ബിജെപി അവസാനിപ്പിച്ചതുമുതൽ ജമ്മു കശ്മീർ റാസ്ത്രപതി ഭരണത്തിന്റെ കീഴിലാണ്. 

Latest News