Sorry, you need to enable JavaScript to visit this website.

ചെന്നൈയില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മൂന്ന് മരണം

ചെന്നൈ- തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. താംബരം സേലയൂരിലാണ് അപകടം. അണ്ണാ ഡിഎംകെയുടെ വാര്‍ത്താ ചാനലായ ന്യൂസ് ജെ ടിവിയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. രാവിലെ ജോലിക്കെത്തിയ വേലക്കാരി ഏറെ നേരം വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

സേലൂര്‍ പോലീസും അഗ്‌നിശമന സേനയും എത്തി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. വോള്‍ട്ടേജ് വ്യതിയാനത്തെ തുടര്‍ന്നു കംപ്രസര്‍ പൊട്ടിത്തെറിച്ചാണ് അപകടം.

റഫ്രിജറേറ്ററില്‍ നിന്നുള്ള വിഷ വാതകവും പ്ലാസ്റ്റിക് കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണകാരണമെന്നാണ്  പോലീസ് നിഗമനം. വീട്ടില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും തുണികളും മാത്രമാണു കത്തി നശിച്ചത്. ജനലുകളും വാതിലുകളും അടച്ചിട്ടത് വിഷവാതകം വീട്ടില്‍ തങ്ങി നില്‍ക്കാന്‍ കാരണമായി.

വീട്ടിലെ സ്വീകരണ മുറിയിലായിരുന്നു പ്രസന്നയുടെയും മാതാവിന്റെയും മൃതദേഹം.  ഭാര്യയുടെ മൃതദേഹം കിടപ്പുമുറിയിലും കണ്ടെത്തി.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അപകടത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

 

Latest News