Sorry, you need to enable JavaScript to visit this website.

ജലീലിനെതിരെ പ്രയോഗിക്കാൻ അച്യുതമേനോൻ മാതൃകയുമായി പ്രതിപക്ഷം

തിരുവനന്തപുരം- 1971 ലുണ്ടായ വെള്ളാനിക്കര ഭൂമിയിടപാട് ആരോപണത്തിൽ  അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോൻ സ്വന്തം മുന്നണിയിൽ പെട്ടവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച ചരിത്രം ഓർമിപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  
തിരൂർ മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിലെ അഴിമതിയിൽ മന്ത്രി കെ.ടി. ജലീലിന്റെ പങ്ക് അന്വേഷിക്കുന്ന കാര്യത്തിൽ ഈ മാതൃക സ്വീകരിക്കാവുന്നതാണെന്നാണ് പ്രതിപക്ഷ നേതാവ് ആയുധമെറിയുന്നത്.    അടിയന്തര പ്രമേയ നോട്ടീസായും പിന്നീട് ലീഗ് അംഗം സി.മമ്മൂട്ടിയുടെ പ്രസംഗമായുമൊക്കെ സഭയിലെത്തിയ ആരോപണത്തിന് ജലീൽ അറുത്ത് മുറിച്ചു മറുപടി പറഞ്ഞുകൊണ്ടേയിരുന്നു. സ്ഥലമേറ്റെടുപ്പ് നടപടികളിൽ ഭൂരിഭാഗവും പൂർത്തിയാക്കിയത് യു.ഡി.എഫ് ഭരണ കാലത്താണ്. കമ്മീഷൻ ലഭിക്കാത്ത ചിലരാണ് സ്ഥലമേറ്റെടുപ്പ് മുടക്കാൻ ശ്രമിക്കുന്നതെന്നും  താനൊരു പറമ്പ് കച്ചവടക്കാരനല്ലെന്നും ജലീൽ പ്രതിരോധിച്ചെങ്കിലും പ്രതിപക്ഷം വിട്ടുകൊടുക്കുന്നില്ല. സെന്റിന് മൂവായിരം രൂപ മതിപ്പു വിലയുള്ള ഭൂമി ഒരു ലക്ഷത്തി അറുപതിനായിരത്തിന് വാങ്ങി എന്നാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരിൽനിന്ന് മത്സരിച്ച ഇടതു സ്വതന്ത്ര സ്ഥാനാർഥി ഗഫൂർ സി ലില്ലീസും ഒരു ഭരണപക്ഷ എം എൽ എയുടെ സഹോദരങ്ങളും ഭൂമിയുടമസ്ഥരിൽ പെടുന്നു. കോടികളുടെ അഴിമതിയാണ്. 
ഇന്നലെയും ഈ വിഷയത്തിൽ ജലീലിനെതിരെ മുദ്രാവാക്യം മുഴക്കി രണ്ട് തവണ പ്രതിപക്ഷം സഭ വിട്ടിറങ്ങി. 
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രസംഗിക്കുമ്പോൾ അത് മൈതാന പ്രസംഗമാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ നിങ്ങൾക്കെങ്ങിനെ കഴിഞ്ഞു -മന്ത്രി എ.കെ.ബാലന്റെതാണ് ചോദ്യം. ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവേ ബാലൻ മുഖ്യമന്ത്രിയുടെ പോരാട്ട പാരമ്പര്യമൊക്കെ ഓർത്തെടുത്തു. പിണറായിയെ കൊല്ലാൻ ശത്രുക്കൾ നടത്തിയ ശ്രമങ്ങളൊക്കെ മറന്നുകൊണ്ടാണോ ഇതൊക്കെ? പോരാട്ടങ്ങളിലൂടെ ഇന്നത്തെ നിലയിലെത്തിയ പിണറായി വിജയനെതിരെയുള്ള നീക്കങ്ങളുടെ പ്രതികരണം കേരളം കാണാൻ പോകുന്നതേയുള്ളൂ- മുതിർന്ന നേതാവായ ബാലന്റെ  വാക്കുകളിൽ പ്രതിസന്ധി നേരിടാൻ സി.പി.എം സ്വീകരിക്കാൻ പോകുന്ന പുത്തൻ പരിപാടികളുടെ സൂചനയാകാം. കഴിഞ്ഞ ദിവസം കോൺഗ്രസിലെ പി.ടി.തോമസ് നടത്തിയ സി.പി.എം - കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര വിമർശത്തിന്റെ ചൂടും ചൂരും ഇനിയും മാറിയിട്ടില്ലെന്ന ബാലന്റെ വാക്കുകളും തെളിവായി. പി.ടി.തോമസിന്റെ ഏതോ കുറ്റബോധമാണ് ഇമ്മട്ടിൽ പ്രസംഗിക്കാൻ ഇടവരുത്തിയതെന്നാണ് ബാലന്റെ സംശയം. കാരണം കെ.എസ്.യുവിന്റെ പുഷ്‌കല കാലത്ത്  ആ സംഘടനയുടെ നേതാവായിരുന്നയാളാണ് തോമസ്. അന്ന് നടന്ന ചില സംഭവങ്ങൾ  - ലക്ഷദ്വീപിൽ നിന്നുള്ള മുത്തുക്കോയ എന്ന വിദ്യാർഥി എറണാകുളം മഹാരാജാസിൽ കൊല്ലപ്പെട്ടത്  ആളു മാറിയാണെന്നും കൊല്ലാനുദ്ദേശിച്ചത് ഇന്ന് പിണറായി മന്ത്രിസഭയിലെ അംഗമായ ഒരാളെയായിരുന്നുവെന്നൊക്കെയുള്ള പഴയ വർത്തമാനങ്ങൾ ഓർത്തെടുത്ത ബാലന്റെ ചോദ്യം-   പൂർവ കാലം പി.ടിയെ  വേട്ടയാടുന്നുണ്ടോ? തനിക്കൊരു കുറ്റബോധവുമില്ലെന്ന് അപ്പോൾ തന്നെ പി.ടി തോമസ് തിരിച്ചടിച്ചു- കൊല്ലും കൊലയും നിങ്ങളുടെ പരിപാടിയാണ്. 
പ്രതിപക്ഷത്തുള്ള എല്ലാ അംഗങ്ങളും പോരിന് വന്നതാണ് എന്ന ശരീര ഭാഷയിലാണ് അടുത്ത ദിവസങ്ങളിൽ സഭയിലിരിക്കുന്നത്. ഭരണ കക്ഷിയിലാകട്ടെ ആ വീര്യം കുറച്ചു പേരിലാണ് ഇപ്പോൾ കാണുന്നത്. അവരിലൊരാളാണ് മന്ത്രി ബാലൻ. പിന്നെയൊരു മന്ത്രി വി.എസ്.സുനിൽ കുമാർ. എല്ലാ ഘട്ടത്തിലും ബാലനും സുനിൽ കുമാറും സർക്കാരിനെതിരെയുള്ള ചെറുവിരൽ അനക്കങ്ങളെപ്പോലും അതിശക്തമായി പ്രതിരോധിക്കുന്നു. 
മന്ത്രി കെ.ടി.ജലീലുമായി ബന്ധപ്പെട്ട മലയാളം സർവകലാശാല ഭൂമിയിടപാട് വിവാദം ലീഗ് അംഗം സി.മമ്മൂട്ടിയുടെ പ്രസംഗത്തിൽ ആരോപണമായി ഉയർന്നപ്പോഴുണ്ടായ വിവാദത്തിനിടക്ക് മന്ത്രി ബാലനും രമേശ് ചെന്നിത്തലയും വാക്കുകളിൽ ഏറ്റുമുട്ടി. പ്രസംഗത്തിൽ ആരോപണം അനുവദിച്ചതിനെ മന്ത്രി ബാലൻ ചോദ്യം ചെയ്തപ്പോൾ സ്പീക്കർ അനുവദിച്ചതിനെ മന്ത്രി ബാലൻ ചോദ്യം ചെയ്യുന്നുവെന്ന മർമത്തിൽ കയറി പ്പിടിക്കാൻ ചെന്നിത്തലക്ക് സാധിച്ചപ്പോഴായിരുന്നു ബാലൻ-ചെന്നിത്തല പോര്. 
കഠിനമായ രീതിയിൽ സി.പി.എം വിമർശം നടത്തിയ തോമസിനെ വിഷജന്തു എന്നാണ് സി.പി.എമ്മിലെ ജോൺ ഫെർണാണ്ടസ് വിശേഷിപ്പിച്ചത്. 
പോരിന്റെ വീര്യമൊന്നും പക്ഷേ ഇന്നലെ മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ കേട്ടില്ല. ലോക കേരള സഭയിൽ നിന്ന് രാജിവെച്ച പ്രതിപക്ഷ അംഗങ്ങൾ തിരിച്ചു വരണമെന്ന ആവർത്തിച്ചുള്ള അഭ്യർഥനയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം. ആന്തൂർ മുനിസിപ്പൽ ചെയർപേഴ്‌സനെ കേസിൽ പ്രതിയാക്കണമെന്ന ആവശ്യം രാഷ്ട്രീയമാണ്. രാഷ്ട്രീയ ആവശ്യത്തിന്റെ പേരിൽ ലോക കേരള സഭ പോലൊരു സംവിധാനത്തിൽ നിന്ന് മാറിനിൽക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന തുടർന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഏറ്റെടുക്കുന്നതും  കേട്ടു- മഞ്ഞുരുക്കത്തിന്റെ സൂചനയായിരിക്കുമോ? 
ധനാഭ്യർഥന ചർച്ചയിൽ സംസാരിച്ച അഡ്വ.പി.ടി.എറഹീം സി.പി.എമ്മിന്റെ മുസ്‌ലിം പക്ഷ നിലപാടുകൾക്ക് ചരിത്രത്തിലെ തെളിവുകൾ ഉൾപ്പെടെ ചികഞ്ഞെടുത്തു. രാമസിംഹൻ കൊലക്കേസിന്റെ കാലത്ത് മലബാറിലെ മുസ്‌ലിം സമൂഹം ഭയചകിതരായപ്പോൾ ഇ.എം.എസ് എഴുതിയ രണ്ട് ലേഖനങ്ങളാണത്രേ അവർക്ക് ധൈര്യം നൽകിയത്. അതല്ലാതെ അക്കാലത്ത് മാറാട് സംഭവ കാലത്തേത് പോലെ മുസ്‌ലിംകൾക്ക് പേടിച്ചു കഴിയേണ്ടി വന്നില്ല. കോഴിക്കോട് ഹജ് ക്യാമ്പിൽ മന്ത്രി ജലീൽ കൊടി വീശുന്നത് കാണുമ്പോൾ ലീഗുകാർക്ക് സഹിക്കുമോ? റഹീം  പതിവ് പോലെ തന്റെ പൂർവാശ്രമ പാർട്ടിയെ പരിഹസിച്ചു. എന്തിന് റഹീം നമസ്‌കരിക്കുന്ന സ്വന്തം വീട്ടിനടുത്ത പള്ളി പോലും ഇ.എം.എസ് ഭരിച്ചതുകൊണ്ടുണ്ടാക്കാനായതാണത്രേ.
കാരാട്ട് റസാഖ് പ്രധാനമായും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയാണ് പരാമർശിച്ചത്. ഉദ്യോഗസ്ഥരാണ് അതിനൊക്കെ കാരണക്കാർ എന്നാണ് റസാഖ് കാണുന്നത്. അവരെ നിലയ്ക്ക് നിർത്തണം. തദ്ദേശ മന്ത്രിക്ക് കൊടുത്ത നിവേദനത്തിൽ ഈ കെട്ടിട ലൈസൻസിന്റെ കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നതും  സി.പി.എം സ്വതന്ത്ര അംഗം എടുത്തു പറഞ്ഞു- പക്ഷേ ഒരു നടപടിയുമുണ്ടായില്ല.  നിവേദനം കിട്ടിയിരുന്നുവെന്ന് മന്ത്രി ജലീലും വെളിപ്പെടുത്തിയിട്ടുണ്ട്. ''അപ്പോഴേക്കും വകുപ്പിൽ നിന്ന് ഞാൻ മാറിയിരുന്നു. പിന്നീടെന്തുണ്ടായി എന്നറിയില്ല.'' നിലവിലുള്ള തദ്ദേശ മന്ത്രി എ.സി.മൊയ്തീൻ കത്തിൽ എന്ത് നടപടിയെടുത്തുവെന്ന് ആരും വിശദീകരിച്ചിട്ടില്ല. 
ഏതായാലും ഇനി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വീണ്ടും വൻ ഭൂരിപക്ഷത്തിൽ  അധികാരത്തിൽ വരും എന്ന കാര്യത്തിൽ റസാഖിന് അൽപവുമില്ല സംശയം.  സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിൻ ആന്തൂർ സംഭവത്തെ ഒറ്റപ്പെട്ടതായാണ് കാണുന്നത്. ലൈസൻസ് കൊടുത്തിരുന്നുവെങ്കിൽ അതാകുമായിരുന്നു പ്രശ്‌നം. 
ഒ.ആർ.കേളൂ, ബി.സത്യൻ (സി.പി. എം), വി.പി.സജീന്ദ്രൻ (കോൺഗ്രസ്) ചിറ്റയം ഗോപകുമാർ, മോൻസ് ജോസ്, എൽദോ എബ്രഹാം, യു.ആർ. പ്രദീപ്,  കെ.ഡി. പ്രസേനൻ, കെ.സി. ജോസഫ് എന്നിവരും  പ്രസംഗിച്ചു.
ആന്തൂരിൽ വ്യവസായി സാജൻ പാറയലിന്റെ കൺവെൻഷൻ സെന്ററുമായി ബന്ധപ്പെട്ട് ജെയിംസ് മാത്യു  കത്തു നൽകിയെന്ന് മന്ത്രി കെ.ടി ജലീൽ സ്ഥിരീകരിച്ചിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിന്നു കത്തെന്നും എം.വി ഗോവിന്ദൻ തന്റെ പേഴ്‌സണൽ സ്റ്റാഫിനെ വിളിച്ചതായി അറിയില്ലെന്നുമാണ് ജലീൽ പറയുന്നത്. എം.വി ഗോവിന്ദൻ ഇടപെട്ടത് ഞെട്ടിക്കുന്ന കാര്യമാണെന്ന പ്രഖ്യാപനത്തിലൂടെ  രമേശ് ചെന്നിത്തലയും വിഷയം സജീവമാക്കി നിർത്താൻ ഉത്സാഹിച്ചു.

Latest News