പുതിയ ഭാര്യമാരെ താമസിപ്പിക്കാന്‍ മകളെയും ഭര്‍ത്താവിനെയും ഇറക്കി വിട്ടു 

ന്യൂദല്‍ഹി-തന്റെ രണ്ട് ഭാര്യമാരെ താമസിപ്പിക്കാന്‍ മകളെയും ഭര്‍ത്താവിനെയും ഇറക്കി വിടാന്‍ ശ്രമിച്ച് മദ്ധ്യവയസ്‌കന്‍. വീട്ടില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതിന് പിതാവ് മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി 28കാരി പരാതി നല്‍കി. ജന്നതി ബീഗം എന്ന യുവതിയാണ് പരാതിക്കാരി. ജന്നതി ബീഗത്തിന്റെ അമ്മ മീര ബീഗം ഈ വര്‍ഷം ഫെബ്രുവരിയിലാണ് മരിച്ചത്. തുടര്‍ന്ന് ജന്നതിയുടെ പിതാവ് മുഹമ്മദ് ഷക്കീല്‍ ഒരു പതിനാറുകാരിയെ വിവാഹം ചെയ്തു. പുതിയ ജീവിത പങ്കാളിക്കൊപ്പം ജീവിക്കാന്‍ മകളും ഭര്‍ത്താവും വീടൊഴിയണമെന്നാണ് ഷക്കീലിന്റെ ആവശ്യം. മകളും ഭര്‍ത്താവും ആവശ്യം നിരസിച്ചതോടെ ക്രൂരമര്‍ദ്ദനവും തുടങ്ങി. ഇതിന് പതിനാറുകാരിയായ ഭാര്യയുമായി പിതാവ് വീട്ടില്‍ എത്തിയപ്പോഴാണ് രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞതെന്ന് ജന്നതി ബീഗം പറഞ്ഞു. അതിനിടെ കഴിഞ്ഞ ആഴ്ച മൂന്നാമതൊരു വിവാഹം കഴിച്ചതായി ഷക്കീല്‍ അവകാശപ്പെട്ടു. ഇവരെ കൂടി വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഇയാളുടെ ഇപ്പോഴത്തെ ആവശ്യം. 
മകളുടെ പരാതിയില്‍ ഷക്കീലിനെതിരെ ഐ.പി.സി 506, 504 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Latest News