Sorry, you need to enable JavaScript to visit this website.

മാറിയിട്ടും മാറാത്ത കേരളം

കേരള മോഡലിന് പെരുമ പെരുത്താണ്. ഏതു കാര്യത്തിലും കേരളക്കാരെ കവച്ചുവെക്കാൻ മറ്റാരുമില്ലെന്ന ഭാവം എല്ലാ മലയാളികളിലുമുണ്ട്. ലോകത്തിന്റെ മുക്കു മൂലകളിൽ വരെ അന്നം തേടിപ്പോയവരുടെ അനുഭവ സമ്പത്തു കൊണ്ട് നിറഞ്ഞ നാട്. വിദ്യാസമ്പന്നതയുടെ കൊടുമുടിയിൽ കൊടിയേറിയവർ. ആരോഗ്യ മേഖലയിൽ പരിഷ്‌കരണങ്ങളുമായി മുമ്പേ നടക്കുന്നവർ. ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നവരിൽ മാർഗദർശികൾ. വൻ രമ്യഹർമ്യങ്ങൾ തീർത്ത് ആളനക്കമില്ലാതെ പൊടിപിടിച്ച് കീടങ്ങൾക്ക് സുഖവാസമൊരുക്കിയ ശേഷം തൊഴിലിടങ്ങളിലെ കുടുസു മുറികളിൽ തല ചായ്ച്ചും നാലും അഞ്ചും കക്കൂസുകളുള്ള വീടുകളുണ്ടായിട്ടും ക്യൂ നിന്ന് സമയപരിധി വെച്ച് കക്കൂസിൽ പോകാൻ വിധിക്കപ്പെട്ടവരുടെ പ്രദേശം. പ്രതികൂല കാലാവസ്ഥയോടും സാഹചര്യങ്ങളോടും പടവെട്ടി പണമുണ്ടാക്കി നാടിനെയും നാട്ടുകാരെയും സമ്പന്നതയിലേക്ക് ആനയിച്ചവരെക്കൊണ്ട് നിറഞ്ഞ നാട്. പ്രകൃതി രമണീയതയാൽ സ്വർഗാനുഭൂതി നുകരുന്നവർ. 
മതേതരത്വത്തിന്റെ അപ്പോസ്തലന്മാർ എന്ന് വീമ്പിളക്കുമ്പോഴും സ്വന്തം മതത്തെ താലോലിച്ച് വർഗീയതുടെ വിഷവിത്തു പാകുന്നവർ. അന്യായമായ തടസ്സവാദങ്ങളുന്നയിച്ച് എന്തും മുടക്കാനായി നിറവ്യത്യാസമില്ലാതെ കൊടികളുയർത്താൻ കച്ചകെട്ടിയിറങ്ങിയവരുടെ ദേശം. അങ്ങനെ കേരള മോഡലിനെക്കുറിച്ച് പറഞ്ഞാൽ തീരില്ല. 
കേരളം മാറി, വികസിച്ചു എന്നൊക്കെയാണ് ചൊല്ല്. പക്ഷേ, എന്തു മാറ്റം, എന്തു വികസനം എന്നു പരിശോധിച്ചാൽ നാം വിഡ്ഢികളുടെ സ്വർഗത്തിലാണെന്നു മനസ്സിലാകും. ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന്റെ മൂല ഘടകം അടിസ്ഥാന സൗകര്യങ്ങളാണ്. സുലഭമായ കുടിവെള്ളം, സൈ്വരമായ ജീവിതം, വൈദ്യുതി, ശുചിത്വം, സഞ്ചാര സൗകര്യം, നിയമാനുസൃതം ലഭിക്കേണ്ട കാര്യങ്ങളുടെ തടസ്സങ്ങളില്ലാതെയുള്ള ലഭ്യത -ഇതൊക്കൊയായിരിക്കണം അടിസ്ഥാനമായി ഉണ്ടാവേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ നാം ഇന്നും ഏറെ പിന്നിലാണ്. 
44 നദികളും ആറു മാസം തോരാതെ പെയ്യുന്ന മഴയും ഉണ്ടായിട്ടും കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. മാറിമാറി വന്ന സർക്കാരുകൾ കോടികൾ മുടക്കിയിട്ടും എല്ലാവരിലേക്കും കുടിവെള്ളം എത്തിക്കാൻ ഇന്നും ആയിട്ടില്ല. അമിത നിരക്ക് നൽകാൻ തയാറായാലും നേരേ ചൊവ്വേ വൈദ്യുതി ലഭിക്കില്ല. 
രോഗം പരത്തുന്ന കൊതുകുകളുൾപ്പെടെയുള്ള കീടാണുക്കളുടെ ആക്രമണത്താൽ സുഖമായി ഒരു പോള കണ്ണടക്കാൻ പലർക്കും കഴിയില്ല. നാടും നഗരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഇപ്പോഴും പരാജയം. വികസനത്തിന്റെ പേരിൽ വർഷങ്ങളെടുത്ത് നിർമിച്ച പാലങ്ങളും റോഡുകളും നിമിഷനേരം കൊണ്ട് തകരുന്ന അവസ്ഥ. വികസനമെന്ന പേരിൽ കുറെ കെട്ടിടങ്ങളുണ്ടാക്കിയും വഴിനീളെ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ തുറന്നും റോഡുകൾക്ക് ഉൾക്കൊള്ളാനാവുന്നതിലുമേറെ വാഹനങ്ങൾ കടമായും പലിശക്കെടുത്ത് വാങ്ങിക്കൂട്ടിയുമെല്ലാം തീർത്ത പുറംപൂച്ചുകളല്ലാതെ കേരളം മാറി, വികസിച്ചുവെന്നെല്ലാം എങ്ങനെയാണ് പറയാൻ കഴിയുക. 
മാറിയിട്ടും മാറാത്ത അന്തരീക്ഷമാണ് ഇന്നും കേരളത്തിൽ. വിദേശങ്ങളിലെ ജീവിതാനുഭവ സമ്പത്തുമായി അവധി ആഘോഷിക്കാൻ എത്തുന്നവർക്കാണ് ഇത് പെട്ടെന്ന് മനസ്സിലാവുക. ഇത്രയേറെ ലോക അനുഭവ സമ്പന്നരുടെ നാടായിട്ടും എന്തേ നമ്മുടെ രാഷ്ട്രീയക്കാരിലും ഉദ്യോഗസ്ഥരിലുമൊന്നും കാര്യമായ മാറ്റം ഉണ്ടാവാത്തത്? എന്തേ നിയമം അനുസരിക്കുന്നതിൽ, നടപ്പാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നു?  എന്തുകൊണ്ടാണ് എന്തിനും ബഹളമുണ്ടാക്കി ഒന്നും ഇല്ലാതാക്കുന്നവരായി നാം മാറുന്നത്? ഈ ചോദ്യങ്ങൾ നാം സ്വയം ചോദിച്ച് പരിഹാരം കണ്ടെത്താത്തിടത്തോളം പുറംമോടിയുടെ നാട്യക്കാരായി ജീവിക്കാനേ കഴിയൂ. 
പ്രവാസികളെന്നാൽ അതിസമ്പന്നരാണെന്ന ധാരണയാണ് ഇന്നും അധിക പേർക്കുമുള്ളത്. കഠിനാധ്വാനം ചെയ്ത് ദീർഘകാലം കൊണ്ട് എണ്ണിച്ചുട്ടെടുത്ത സമ്പാദ്യവുമായി നാട്ടിലെത്തി എന്തെങ്കിലും ചെയ്തു ശിഷ്ടകാലം ജീവിക്കാമെന്നു വിചാരിച്ചാൽ അവനെ വട്ടം കറക്കി ഭ്രാന്തനാക്കിയും ആത്മഹത്യയിലേക്കു നയിച്ചും ഇല്ലാതാക്കുന്ന രീതിയാണ് ഇന്നും ഉള്ളത്. പ്രവാസിയുടെ വീടാണെങ്കിൽ എന്തു ജോലി ചെയ്യിക്കുന്നതിനും അധിക കൂലി കൊടുക്കണം. സർക്കാർ ഓഫീസിൽ നിന്ന് നിയമാനുസൃതം ലഭിക്കേണ്ട അനുമതികൾക്കും അവകാശങ്ങൾക്കും പ്രാദേശിക നേതാക്കളെയും ഉദ്യോഗസ്ഥരെയും കാണേണ്ട രീതിയിൽ കണ്ടില്ലെങ്കിൽ പൊല്ലാപ്പ് ചില്ലറയല്ല. അവരാവശ്യപ്പെടുന്നതെല്ലാം ചെയ്താലും കാര്യങ്ങൾ നടക്കണമെന്നില്ല. കൈയിലുള്ളതെല്ലാം തുലച്ചിട്ടും ലക്ഷ്യം കാണാൻ കഴിയാതെ വരുമ്പോൾ ഒന്നുകിൽ അവൻ വീണ്ടും നാടുവിടും, അല്ലെങ്കിൽ പുനലൂരിലെ സുഗതനെപ്പോലെയും ആന്തൂരിലെ സാജനെപ്പോലെയും ജീവിതം ഒരു തുണ്ട് കയറിൽ അവസാനിപ്പിക്കും. എല്ലാത്തിനെയും അതിജീവിച്ച്് പിടിച്ചുനിൽക്കാൻ കഴിഞ്ഞിട്ടുള്ളവർ അപൂർവം മാത്രം. 
കൊടി പിടിച്ച് തടസ്സവാദങ്ങൾ ഉന്നയിക്കുന്നതിന് എന്നും മുന്നിൽ നിന്നിട്ടുള്ളവർ ഭരിക്കപ്പെടുകയും നിക്ഷേപാവസരങ്ങൾക്ക് വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയും ചെയ്തിരിക്കുന്നുവെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടും കാര്യങ്ങൾ ഇന്നും അധോഗതിയിലാണെന്നതിനു തെളിവാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങൾ. ലോകത്തുള്ള സകല പ്രവാസികളെയും വിളിച്ചുകൂട്ടി ലോക കേരള സഭയുണ്ടാക്കി പ്രവാസികളുടെ അനുഭവ സമ്പത്തും  സമ്പാദ്യവും കൊണ്ട് കേരളത്തെ മാറ്റി മറിക്കുമെന്ന പ്രഖ്യാപനത്തിന്റെ മഷിയുണങ്ങും മുമ്പേ രണ്ടു പ്രവാസികളാണ് സമ്പാദ്യം മുഴുവൻ തുലച്ചിട്ടും കാര്യങ്ങൾ നടക്കാനാവാത്ത നിരാശയിൽ ജീവിതം അവസാനിപ്പിച്ചത്. ആത്മഹത്യയിലേക്ക് ഏതു നിമിഷവും എത്താവുന്ന വിധത്തിൽ പ്രയാസം അനുഭവിച്ചുകൊണ്ട് നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും കനിവു കാത്ത് ക്യൂവിൽ നിൽക്കുന്ന പ്രവാസികൾ വേറേയും നിരവധി. സ്വന്തം നാട്ടിൽ തൊഴിലില്ലാതെ, ജീവിക്കാൻ വകയില്ലാതെ വന്നപ്പോൾ ജീവിതം കരുപ്പിടിപ്പിക്കാനായി നാടു വിട്ടവരാണ് പ്രവാസികൾ. അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല.
 പ്രതികൂല കാലാവസ്ഥയെ, ജോലിയിടങ്ങളിലെ മനം മടുപ്പിക്കുന്ന അന്തരീക്ഷത്തെ, ആരോഗ്യം ക്ഷയിപ്പിക്കുന്ന മാനസിക സംഘർഷങ്ങളെ...അങ്ങനെ പലതും നേരിട്ടാണ് അവൻ അന്യനാട്ടിൽ കഴിയുന്നത്. സ്വദേശിവൽക്കരണത്തിന്റെ പേരിൽ അവരിൽ പലർക്കും ഇന്ന് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിൽനിന്ന് തെല്ല് ആശ്വാസം തേടി, പ്രിയപ്പെട്ട നാടിനോടും വീടിനോടും ഒത്തുചേർന്ന് ജീവിക്കാനുള്ള കൊതിയുമായാണ് അവൻ നാട്ടിലെത്തുന്നത്. എന്നിട്ടുമെന്തേ അവനോട് ഈ ക്രൂരത കാണിക്കുന്നു.
പ്രിയ കേരളമേ, നിന്നെ പകിട്ടിന്റെ പട്ടുകുപ്പായം അണിയിക്കുന്നതിൽ പ്രവാസികളായ ഞങ്ങളുടെ വിയർപ്പിന്റെ കണികകളുണ്ട്. ഞങ്ങളോടുള്ള നിന്റെ മനോഭാവത്തിന്റെ രക്തസാക്ഷികളാണ് സുഗതനും സാജനുമെല്ലാം. ആ ഗണത്തിലേക്ക് ഇനിയും ഞങ്ങളെ തള്ളിവിടാതിരിക്കാൻ നീ മാറിയേ മതിയാവൂ. വഴിവിട്ട് ഞങ്ങൾക്കൊന്നും നീ നൽകേണ്ടതില്ല. നിയമാനുസൃതമായി ലഭിക്കേണ്ട അവകാശങ്ങളുടെ കടയ്ക്കൽ കത്തിവെക്കാതിരുന്നാൽ മാത്രം മതി. 
നാട്ടിലെത്തി ജീവിക്കാനുള്ള വഴികൾ തേടുമ്പോൾ അതിനു മാർഗത തടസ്സം സൃഷ്ടിക്കാതെയും വല്ലപ്പോഴുമൊക്കെ നാട്ടിലെത്തുമ്പോൾ ശുദ്ധമായ വെള്ളം കുടിക്കാനും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനും സൈ്വരമായി ഉറങ്ങാനുമുള്ള സൗകര്യം മാത്രം നൽകിയാൽ മതിയാകും. അതിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടാവാം ഗീർവാണമടിക്കൽ.
 

Latest News