Sorry, you need to enable JavaScript to visit this website.

കൊടുങ്ങല്ലൂര്‍ മേഖലയില്‍ പലരും പെട്ടെന്ന് പണക്കാരായി ; കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു

തൃശൂര്‍ - കൊടുങ്ങല്ലൂര്‍ മതിലകം  ശ്രീനാരായണപുരത്ത് ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും. രണ്ടാം പ്രതി രാജീവ് ഈമാസം 10-നാണ് പ്രിന്റര്‍ വാങ്ങിയത്. ഒ.ബി.സി. മോര്‍ച്ച നേതാവും മതിലകം സ്വദേശിയുമായ രാജീവ് ഞായറാഴ്ച രാത്രിയാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരനും ഒന്നാംപ്രതിയുമായ രാഗേഷ് നേരത്തെ അറസ്റ്റിലായിരുന്നുവെങ്കിലും രാജീവ് ഒളിവിലായിരുന്നു. മണ്ണുത്തിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് രാജീവിനെ പിടികൂടിയത്. അറസ്റ്റിലായ രാഗേഷ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ശ്രീനാരായണപുരം അഞ്ചാംപരുത്തി പടിഞ്ഞാറു ഭാഗത്തുള്ള രാകേഷിന്റെ വീട്ടിലെ കിടപ്പുമുറിയില്‍നിന്നാണ് ഒരുലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്. കള്ളനോട്ട് ഉപയോഗിച്ച് ലോട്ടറി ടിക്കറ്റുകള്‍ മൊത്തമായി ഇവര്‍ വാങ്ങിയതായി സൂചനയുണ്ട്. കള്ളനോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പണം പലിശയ്ക്കു കൊടുത്തതുമായി ബന്ധപ്പെട്ട മുദ്രപേപ്പറുകളും ആധാരത്തിന്റെ കോപ്പികളും രണ്ട് ചെക്കുകളും പോലീസ് പിടിച്ചെടുത്തിരുന്നു. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണു പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസും കണ്ടെടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി മതിലകം പോലീസ് നടത്തിയ പരിശോധനയിലാണ് കള്ളനോട്ടടി കണ്ടെത്തിയത്. തൃശൂരിലെ ഒളരിക്കരയില്‍നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ഞായറാഴ്ച രാത്രി പതിനൊന്നോടെ പോലീസ് പിടികൂടുകയായിരുന്നു. അന്വേഷണ ചുമതലയുള്ള ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുള്ള പോലീസ സംഘമാണ് പ്രതിയെ കുടുക്കിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. അറസ്റ്റിലായ പ്രതി രാജീവ് ഇടയ്ക്കിടെ ബാംഗളൂരുവിലേക്കാണെന്ന് പറഞ്ഞ് പോയിരുന്നതു സംബന്ധിച്ചും പോലീസ് അന്വേഷിച്ചു. കള്ളനോട്ടുകള്‍ അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.  1.37 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പിന്നില്‍ വലിയൊരു സംഘമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.
കള്ളനോട്ടുകള്‍ കൊടുങ്ങല്ലൂര്‍, ശ്രീനാരായണപുരം മേഖലയില്‍ വിതരണം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ പോലീസ് വ്യാപകമായ അന്വേഷണം  ആരംഭിച്ചു. ഈ മേഖലയിലെ ബി.ജെ.പി നേതാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പലരുടെയും പെട്ടന്നുള്ള സാമ്പത്തിക വളര്‍ച്ച സംശയിക്കേണ്ടതാണെന്ന് പോലീസ് പറഞ്ഞു. ഒരു ജോലിയുമില്ലാത്ത പലരും ആര്‍ഭാട ജീവിതം നയിച്ചുവരുന്നതു സംബന്ധിച്ച് ആരോപണം ഉയര്‍ന്നതിനാല്‍ അതു സംബന്ധിച്ചും അന്വേഷണം നടത്തും.


 

Latest News