Sorry, you need to enable JavaScript to visit this website.

ശാന്തിവനം വിഷയത്തിൽ നഷ്ടപരിഹാരം പരിഗണിക്കുമെന്ന് എം.എം.മണി 

തിരുവനന്തപുരം- ശാന്തിവനത്തിൽ മുറിച്ച മരങ്ങൾക്കു പകരം പുതിയവ നടുമെന്നും നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കുമെന്നും വൈദ്യുത മന്ത്രി എം.എം.മണി. ടവർ നിർമ്മാണം പരിസ്ഥിതിയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ന്യായമായ നടപടി മാത്രമാണ് സർക്കാർ സ്വികരിച്ചതെന്നും അന്തിമഘട്ടത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.ശാന്തിവനത്തെ തകർത്തുകൊണ്ടായിരുന്നു കെഎസ്ഇബിയുടെ വൈദ്യുതി ലൈൻ നിർമ്മാണമെന്നായിരുന്നു സ്ഥലമുടമയുടേയും പരിസ്ഥിതി പ്രവർത്തകരുടേയും ആരോപണം. 

മന്നം മുതൽ ചെറായി വരെയാണ് കെ.എസ്.ഇ.ബിയുടെ 110 കെവി വൈദ്യുതി ലൈൻ പോകുന്നത്. ശാന്തിവനത്തിൻറെ ഒരു വശത്തുകൂടി നിർമ്മാണം നടത്താനാണ് അനുമതി നൽകിയതെങ്കിലും അൻപതോളം മരങ്ങൾ മുറിച്ച് സ്ഥലത്തിന്റെ ഒത്ത നടുവിലാണ് ഇപ്പോൾ ടവർ വന്നിരിക്കുന്നത്. ശാന്തിവനത്തെ ബാധിക്കാത്ത തരത്തിലാണ് ആദ്യം പദ്ധതി തയ്യാറാക്കിയതെങ്കിലും പിന്നീട് നേരത്തെ നിശ്ചയിച്ചിരുന്ന വഴി മാറ്റി ജൈവ വൈവിധ്യത്തെ തകർക്കുന്ന മട്ടിൽ നിർമ്മാണം തുടങ്ങുകയായിരുന്നുവെന്ന് സ്ഥലമുടമ പറയുന്നു. മരങ്ങൾ മുറിച്ചതിൽ  സ്ഥലമുടമ സ്വന്തം മുടി മുറിച്ചാണ് പ്രതിഷേധമറിയിച്ചത്.

Latest News