ഇന്ത്യയുടെ അധിക തീരുവ  അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, മോഡിയുമായി നാളെ സംസാരിക്കും 

ഒസാക്ക- അമേരിക്കൻ ഉത്പന്നങ്ങളുടെ മേൽ അധിക ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡോണൾഡ് ട്രംപ്. ഈ നടപടിയിൽ നിന്ന് പിൻവാങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇതേ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നാളെ സംസാരിക്കുന്നത് ഉറ്റു നോക്കുകയാണെന്നും ട്രംപ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. 

വർഷങ്ങളായി അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ വളരെ ഉയർന്ന തീരുവ  ചുമത്തിയിരുന്ന ഇന്ത്യ, അടുത്തിടെ അവ വീണ്ടും വർദ്ധിപ്പിച്ചുവെന്ന വസ്തുതയെക്കുറിച്ച് പ്രധാനമന്ത്രി മോഡിയുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല, തീരുവ പിൻവലിക്കണം -  ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. 

 

ഈ മാസം ആദ്യ പകുതിയിലാണ് ബദാം, ആപ്പിൾ, പയറുവർഗങ്ങൾ എന്നിവ ഉൾപ്പടെയുള്ള 28 അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ അധിക കസ്റ്റംസ് തീരുവ ചുമത്തുന്നത്. സ്റ്റീലിനും അലുമിനിയത്തിനും അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുവ വർധന. 

കഴിഞ്ഞ വർഷം ട്രംപ് ഇന്ത്യയെ 'തീരുവകളുടെ രാജാവ്' എന്ന് വിശേഷിപ്പിച്ചിരുന്നു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് കൂടുതൽ തീരുവ എല്ലായ്‌പോഴും ഇന്ത്യ ഏർപ്പെടുത്തുന്നു എന്ന് പരാതിപ്പെട്ടു കൊണ്ടായിരുന്നു ട്രംപിന്റെ വിശേഷണം. അതിനു ശേഷം ഓരോ മാസവും 6 ബില്യൺ ഡോളർ ചരക്ക് ഡ്യൂട്ടി ഫ്രീ അയയ്ക്കാൻ അനുവദിച്ച ഇന്ത്യയുടെ മുൻഗണനാ നിലവാരം യുഎസ് അവസാനിപ്പിച്ചതോടെ ഈ മാസം ബന്ധം വീണ്ടും വഷളായി.

ജി 20 ഉച്ചകോടിക്കായി ജപ്പാനിലെ ഒസാക്കയിലെത്തിയ മോഡിയുമായി ഡൊണാൾഡ് ട്രംപ് നാളെ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Latest News