Sorry, you need to enable JavaScript to visit this website.

ട്രംപ് തകര്‍ത്തത് 20 വര്‍ഷത്തെ ഇഫ്താര്‍ പാരമ്പര്യം

അമേരിക്കയിലെ പ്രമുഖ മുസ്്‌ലിം നേതാക്കളും നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുക്കാറുള്ള വാര്‍ഷിക ഇഫ്താര്‍ നിരാകരിക്കുക വഴി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുളള യു.എസ് ഭരണകൂടം നശിപ്പിച്ചത് 20 വര്‍ഷത്തെ പാരമ്പര്യം.
പ്രസിഡന്റ് ക്ലിന്റണ്‍ ഭരണം ആരംഭിച്ചതിനുശേഷം ഒറ്റ വര്‍ഷവും വൈറ്റ്ഹൗസ് വര്‍ഷിക ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിട്ടില്ല. 1805 ല്‍ പ്രസിഡന്റ് തോമസ് ജഫേഴസണ്‍ തുടങ്ങി വെച്ച ഇഫ്താര്‍ പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും 1996 ല്‍ പ്രഥമ വനിത ഹിലരി ക്ലിന്റനാണ് പിന്നീടത് തിരിച്ചുപിടിച്ചത്.
ഇഫ്താര്‍ വിരുന്നൊരുക്കണമെന്ന നിര്‍ദേശം യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് നിരാകരിച്ചതെന്ന് പറയുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ മത, ആഗോളകാര്യ കമ്മിറ്റിയാണ് വിരുന്ന് സംഘടിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നത്.
അമേരിക്കയിലെ മുസ്്‌ലിം പള്ളികളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്നതടക്കം വിവാദ നിര്‍ദേശങ്ങളും പരാമര്‍ശങ്ങളും നടത്താറുള്ള പ്രസിഡന്റ് ട്രംപിന്റെ ഇഫ്താര്‍ വിരോധവും അത്ഭുതമുളവാക്കുന്നതല്ല.
ഇഫ്താര്‍ വിരുന്നു ഈദ് ഡിന്നറുമില്ലെന്ന് മാത്രമല്ല, മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ അപേക്ഷിച്ച് ഇഫ്താര്‍ സന്ദേശത്തിലും പിശുക്ക് കാട്ടി ട്രംപും വൈറ്റ് ഹൗസും.
അമേരിക്കന്‍ ജനതക്കുവേണ്ടി ഞാനും മെലാനിയയും ഈദുല്‍ ഫിതര്‍ ആഘോഷിക്കുന്ന മുസ്്‌ലിംകള്‍ക്ക് ഊഷ്മള അഭിവാദ്യങ്ങള്‍ നേരുന്നുവെന്നായിരുന്നു ട്രംപിന്റെ സന്ദേശം.
നോമ്പിന്റെ പുണ്യമാസത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ക്കൊപ്പം യുഎസിലെ മുസ്‌ലിം സഹോദരങ്ങളും വിശ്വാസത്തിലും കാരുണ്യപ്രവര്‍ത്തികളിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. അയല്‍ക്കാര്‍ക്ക് സഹായഹസ്തം നീട്ടുകയും ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ക്കൊപ്പം ഭക്ഷണം പങ്കുവെക്കുകയും ചെയ്യുന്ന പാരമ്പര്യം തുടര്‍ന്ന്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം അവര്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നു. സന്ദേശത്തില്‍ പറഞ്ഞു.
ഈദുല്‍ ഫിതര്‍ ആഘോഷിക്കുന്ന മുസ്്‌ലിംകള്‍ക്ക് ആശംസകളെന്ന പ്രസ്താവന സ്റ്റേറ്റ് സെക്രട്ടറി ടില്ലേഴ്‌സണും പുറത്തിറക്കി.
നല്ലൊരു പതിവാണ് നിര്‍ത്തലാക്കിയതെന്നും തീര്‍ത്തും നിരാശാജനകമാണിതെന്നും വാഷിംഗ്ടണ്‍ ഡി.സിയിലെ മസ്ജിദ് ഇമാം താലിബ് ശരീഫ് പ്രതികരിച്ചു. ഇഫ്താര്‍ പാരമ്പര്യം അവസാനിപ്പിച്ചത് നല്ല സന്ദേശമല്ല നല്‍കുകയെന്നും  ഞങ്ങള്‍ അത്ര പ്രധാന്യമുള്ളവരല്ല എന്നതു കൊണ്ടാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.   
 

Latest News