Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ ഖാന്‍ തല്ലി;മാധ്യമ പ്രവര്‍ത്തകന്‍ കോടതിയില്‍

മുംബൈ- നടന്‍ സല്‍മാന്‍ ഖാനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ടി.വി ജേണലിസ്റ്റ് കോടതിയെ സമീപിച്ചു. സല്‍മാന്‍ ഖാന്‍ സൈക്കിള്‍ ഓടിക്കുന്നത് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താരവും അദ്ദേഹത്തിന്റെ അംഗരക്ഷകരും ചേര്‍ന്നു മര്‍ദിച്ചുവെന്നാണ് മാധ്യമ പ്രവര്‍ത്തകന്റെ ആരോപണം.
അന്ധേരിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍.ആര്‍. ഖാന്റെ കോടതിയിലാണ് മാധ്യമ പ്രവര്‍ത്തകന്‍ അശോക് പാണ്ഡ്യ സ്വകാര്യ പരാതി സമര്‍പ്പിച്ചത്. ഐ.പി.സി 323 (ദേഹോപദ്രവം), 392 (കവര്‍ച്ച), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങള്‍ സല്‍മാനെതിരെ ചുമത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ 24 നാണ് സംഭവം നടന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. രണ്ട് അംഗരക്ഷകര്‍ക്കൊപ്പം സൈക്കിള്‍ സവാരി നടത്തുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഈ സമയം കാറില്‍ വരികയായിരുന്നു പാണ്ഡ്യ. സല്‍മാന്‍ സൈക്കിള്‍ ഓടിക്കുന്നതു കണ്ടതും ഷൂട്ട് ചെയ്യാന്‍ തുടങ്ങി. സല്‍മാന്റെ അംഗരക്ഷകരുടെ അനുവാദം വാങ്ങിയ ശേഷമാണ് ഷൂട്ട് ചെയ്തത്. പക്ഷേ ഷൂട്ട് ചെയ്യുന്നതു കണ്ട സല്‍മാന്‍ ഖാന്‍ ദേഷ്യപ്പെടുകയും അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ അടുത്തേക്കെത്തി മര്‍ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
സല്‍മാന്‍ ഖാനും തന്നെ മര്‍ദിച്ചതായും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചതായും പരാതിയിലുണ്ട്. മൂവരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതില്‍ യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് പറഞ്ഞ് പോലീസ് പരാതി തളളിയതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുളള മാധ്യമ പ്രവര്‍ത്തകന്റെ പരാതിയില്‍ ജൂലൈ 12 ന് കോടതി വാദം കേള്‍ക്കും.

 

Latest News