Sorry, you need to enable JavaScript to visit this website.

മയക്ക് മരുന്ന് വിപണന മാഫിയ തലവന്‍ പിടിയില്‍ 

കൊച്ചി- മയക്ക് മരുന്ന് വിപണന മാഫിയയിലെ പ്രധാന കണ്ണിയായ യുവാവിനെ മാരക ലഹരി ഗുളികകളുമായി ആലുവ റേഞ്ച് എക്‌സൈസ് അറസ്റ്റ് ചെയ്തു. പുക്കാട്ടു പടി – കുഴിവേലിപ്പടി, കുര്‍ലാട് വീട്ടില്‍ തങ്കപ്പന്‍ മകന്‍ ചൂണ്ട സുനി എന്ന അറിയപ്പെടുന്ന അനീഷ് (30) എന്നയാളെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ.ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. മാനസ്സിക വിഭ്രാന്തി നേരിടുന്നവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന മാരകമായ നൈട്രോസെപാം മയക്കുമരുന്ന് ഗുളികളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. 60 ഗുളികകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

ഒട്ടേറെ അടിപിടി കേസ്സുകളില്‍ പ്രതിയായ ഇയാള്‍, വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കുമിടയില്‍ ഏറെ നാളുകളുകളായി മയക്ക് മരുന്ന് വില്‍പ്പന നടത്തി വന്നിരുന്നു എങ്കിലും പിടിയിലാകുന്നത് ഇത് ആദ്യമായാണ്. പുതിയ അദ്ധ്യാന വര്‍ഷം ആരംഭിച്ചതു മുതല്‍ ആലുവയിലെ മയക്ക് മരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടെ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ചന്ദ്രപാലന്റെ മേല്‍ നോട്ടത്തില്‍ 'ഓപ്പറേഷന്‍ മണ്‍സൂണ്‍' എന്ന് പേരിട്ടു കൊണ്ട് ഒരു പ്രത്യേക ഷാഡോ സംഘം ആലുവ എക്‌സൈസ് റേഞ്ചില്‍ രൂപികരിച്ചിരുന്നു. ഈ ഓപ്പറേഷന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം ഷാഡോ സംഘം ഇയാളുടെ പിന്നാലെയായിരുന്നു. ആലുവ ഗ്യാരേജിന് സമീപം മയക്കുമരുന്നുകളുമായി ആവശ്യക്കാരെ കാത്ത് നില്‍ക്കുകയായിരുന്ന ഇയാളെ ഷാഡോ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടിലെ സേലത്തു നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി കൊണ്ട് വരുന്ന മയക്ക് മരുന്നുകള്‍ ഇവിടെ 10 എണ്ണം അടങ്ങിയ സ്ട്രിപ്പിന് 500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. ആവശ്യക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ സാധനം എത്തിച്ച് കൊടുത്തിരുന്നത് കൊണ്ട് നിരവധി കോളുകളാണ് ഇയാളുടെ ഫോണിലേയ്ക്ക് വന്നുകൊണ്ടിരുന്നത്.
ചെറുപ്പക്കാര്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ആശങ്കകരമായ വര്‍ധനവിന്റെ സൂചനയാണെന്നും, കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളേക്കാള്‍ എളുപ്പത്തില്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിനും മറ്റുള്ളവര്‍ അറിയാത്ത തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതുമാണ് യുവാക്കളും, വിദ്യാര്‍ത്ഥി കളും ഇത്തരം ലഹരിയിലേയ്ക്ക് തിരിയുവാനുള്ള പ്രധാന കാരണമെന്നും, ഇത് സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപി അറിയിച്ചു.
40 നൈട്രോസെപാം ഗുളികകള്‍ കൈവശം വയ്ക്കുന്നത് പത്ത് വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. പ്രതിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഒരാഴ്ച മുന്‍പ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം രണ്ട് കോടി രൂപയുടെ മയക്ക് മരുന്ന് പിടിച്ചെടുത്തതിന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഷാഡോ ടീമംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. തുടര്‍ന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Latest News