Thursday , February   27, 2020
Thursday , February   27, 2020

ഫാസിസത്തിലേക്കല്ലേ പോക്ക്; മഹുവയുടെ ചോദ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍

ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ഏറ്റുപിടിച്ച് സമൂഹ മാധ്യമങ്ങള്‍. ജനാധിപത്യ വിശ്വാസികളെ കോരിത്തരിപ്പിക്കുന്നതായിരുന്നു ബംഗാളില്‍ നിന്നുള്ള കന്നി ലോക്‌സഭാംഗമായ മഹുവയുടെ പ്രസംഗം. രാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായിരുന്നു മൊയ്ത്ര. 2016 ല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോഡി സര്‍ക്കാരും ബി.ജെ.പിയും ഇന്ത്യയില്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ അവര്‍ അക്കമിട്ട് നിരത്തി  അമേരിക്കയിലെ ഹോളൊകൊസ്റ്റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററില്‍ വ്യക്തമാക്കിയ ഫാസിസത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ സമകാലിക ഇന്ത്യയില്‍ പ്രകടമായിരിക്കയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

http://malayalamnewsdaily.com/sites/default/files/2019/06/26/tmcmahuamoitra.jpg

ദേശീയതയുടെ ആധിക്യമാണ് ആദ്യ ലക്ഷണം. കോളേജില്‍ പഠിച്ച് ബിരുദമെടുത്തിട്ടുണ്ടെന്ന് വീമ്പിളക്കുന്ന മന്ത്രിമാര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത നാടാണ് ഇന്ത്യ. പക്ഷേ, പാവങ്ങളില്‍ പാവങ്ങളായവരോട് അവര്‍ ഇന്ത്യാക്കാരാണെന്നതിന്റെ തെളിവ് ചോദിക്കുന്നു.

മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നുവെന്നതാണ് ഫാസിസത്തിന്റെ രണ്ടാം ലക്ഷണം. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയില്‍ വെറുപ്പ് നിമിത്തമുള്ള അക്രമങ്ങള്‍ പത്ത് മടങ്ങായാണ് വര്‍ധിച്ചത്. മാസ് മീഡിയയുടെ വിധേയത്വമാണ് മൂന്നാം ലക്ഷണം. രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് ന്യൂസ് മീഡിയകള്‍ നിയന്ത്രിക്കുന്നത് ഒരൊറ്റ വ്യക്തിയാണെന്ന് മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി.
ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറിയിരിക്കുകയാണ് ബഹുഭൂരിഭാഗം മാധ്യമങ്ങളും. ദേശ സുരക്ഷയുടെ അതിപ്രസരമാണ് നാലാം ലക്ഷണം. സുരക്ഷയുടെ പേരില്‍ രാജ്യമെമ്പാടും ഭീതി വിതച്ചുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ നേട്ടങ്ങള്‍ ഒരാളുടെ നേട്ടമായി ചിത്രീകരിക്കപ്പെടുന്നു. മതവും ഭരണകൂടവും കൂടിക്കുഴയുന്നതാണ് അഞ്ചാം ലക്ഷണം. പൗരത്വത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു സമുദായമാണ് എല്ലാ പ്രശ്‌നങ്ങളുടെയും ഉറവിടം എന്ന പ്രചാരണം ശക്തമാകുന്നു. പാര്‍ലമെന്റിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും 2.77 ഏക്കര്‍ ഭൂമിയിലാണ് കൂടുതല്‍ താല്‍പര്യം. രാജ്യത്ത് ബാക്കിയുള്ള 812 ദശലക്ഷം ഏക്കര്‍ ഭൂമിയില്‍ ജിവിക്കുന്നവരെ അവര്‍ മറന്നുപോവുന്നു.

ബുദ്ധിജീവികളോടും കലകളോടുമുള്ള അവജ്ഞയും പുച്ഛവുമാണ് ആറാം ലക്ഷണം. വിയോജിപ്പുകള്‍ നിഷ്‌കരുണം അടിച്ചമര്‍ത്തപ്പെടുന്നു. ശാസ്ത്ര അവബോധം ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുന്നു. രാജ്യത്തെ ഇരുണ്ട കാലത്തേക്ക് തള്ളിവിടുന്നു. ഇലക്ടറല്‍ സംവിധാനത്തിന്റെ സ്വാതന്ത്ര്യം തകര്‍ക്കപ്പെടുന്നതാണ് ഏഴാം ലക്ഷണം. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സംവിധാനമാണ് ജനാധിപത്യം ഉറപ്പുവരുത്തുന്നത്. പക്ഷേ, ഇന്ത്യയില്‍ ഇന്നിപ്പോള്‍  ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഏജന്‍സിയായി മാറിയിരിക്കുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍.

60,000 കോടി രൂപയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെട്ടത്. അതില്‍ 27,000 കോടി രൂപയും ഒരൊറ്റ പാര്‍ട്ടിയാണ് ചെലവാക്കിയത്. രണ്ട് വരി കവിത ചൊല്ലിക്കൊണ്ടാണ് മഹുവ മൊയ്ത്ര പ്രസംഗം അവസാനിപ്പിച്ചത്. എല്ലാ വിഭാഗം ജനങ്ങളുടെയും രക്തം ഈ മണ്ണിലുണ്ട്. ആരുടെയും പൈതൃക സ്വത്തല്ല ഈ ഹിന്ദുസ്ഥാന്‍.

 

Latest News