മണ്ണാര്‍ക്കാട് - മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തില്‍നിന്ന് കുരുമുളക് ചാക്കുകള്‍ മോഷ്ടിച്ച പ്രതിയെ പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ പുഴക്കാട്ടിരി കടുങ്ങപുരം ഓടുപറമ്പില്‍ റഷീദിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 20 നാണ് കസിനാസ്പദമായ സംഭവം.
നെല്ലിപ്പുഴ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ എ.കെ. ട്രഡേഴ്‌സില്‍ ഉച്ചക്ക് രണ്ടു മണിക്കാണ് മോഷണം. സ്ഥാപനയുടമ ഉച്ചയൂണിന് പോയ സമയത്ത് 55 കിലോ തൂക്കം വരുന്ന രണ്ടു ചാക്കുകളിലായുള്ള ഉണക്കകുരുമുളക് കാറിലെത്തിയ റഷീദ് കടത്തി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ കൊണ്ടുപോയി വിറ്റു. സമീപകടയിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തുടര്‍ന്ന് വിറ്റ കടകളില്‍നിന്ന് പോലീസ് കുരുമുളക് ചാക്കുകള്‍ കണ്ടെടുത്തു.
മാസവാടകക്ക് കാറെടുത്താണ് റഷീദ് മോഷണങ്ങള്‍ നടത്തുന്നത്. ഇയാളുടെ സഹായി അജ്മലിനെ പോലീസ് തെരയുന്നുണ്ട്. മലഞ്ചരക്കുകള്‍ മാത്രമാണ് ഇയാള്‍ പതിവായി മോഷ്ടിക്കാറുള്ളതെന്ന് എസ്.ഐ. അരുണ്‍ കുമാര്‍ പറഞ്ഞു. പാലക്കാട് മലപ്പുറം ഭാഗങ്ങളില്‍ മോഷണം നടത്താറുള്ള റഷീദിനെതിരെ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലടക്കം 25 കേസുകളുണ്ട്.