Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനത്തില്‍ തനിച്ച്  ഉറങ്ങിപ്പോയ യുവതിയ്ക്ക് സംഭവിച്ചത് 

ടോറന്റോ-വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ തനിച്ചാക്കി ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്ഥലം കാലിയാക്കി. കാനഡയിലെ ടൊറാന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസം ആദ്യമായിരുന്നു സംഭവം. ഒടുവില്‍ റണ്‍വേയില്‍ നിന്ന് കുറെ അകലെ നിര്‍ത്തിയിട്ട വിമാനത്തില്‍ നിന്ന് അതിസാഹസികമായാണ് യുവതി രക്ഷപ്പെട്ടത്.
എയര്‍ കാനഡ വിമാനത്തില്‍ ക്യൂബെക്കില്‍നിന്ന് ടൊറോന്റോയിലേക്ക് യാത്രചെയ്ത ടിഫാനി ആദംസിനാണ് ഈ ദുരനുഭവം ഉണ്ടായത്. ക്യൂബെക്കില്‍നിന്ന് യാത്രതിരിച്ച ടിഫാനി വിമാനത്തില്‍വച്ച് ഉറങ്ങിപ്പോയിരുന്നു. എന്നാല്‍ വിമാനം ടൊറാന്റോ വിമാനത്താവളത്തിലെത്തിയിട്ടും യുവതിയെ വിളിച്ചുണര്‍ത്താന്‍ ജീവനക്കാരും മറ്റ് യാത്രക്കാരും മറന്നു പോയി. പിന്നീട് ഉറക്കമുണര്‍ന്നപ്പോള്‍ ചുറ്റും ഇരുട്ടായിരുന്നു. താന്‍ മാത്രമെ വിമാനത്തിനുള്ളില്‍ ഉള്ളുവെന്ന് മനസിലാക്കിയ ടിഫാനി ധൈര്യം കൈവിടാതെ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.
മൊബൈലില്‍ സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ചാര്‍ജ് ഇല്ലാത്തതിനാല്‍ ഫോണ്‍ സ്വിച്ച് ഓഫായി. ഇതോടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിമാനത്തില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. തുടര്‍ന്ന് വിമാനത്തിനുള്ളിലെ കൂരിരുട്ടില്‍ ടിഫാനി കോക്പിറ്റിലെത്തി. അവിടെനിന്ന് ഒരു ടോര്‍ച്ച് ലഭിച്ചു. അതും തെളിച്ച് വിമാനത്തിന്റെ വാതില്‍ ബലമായി തുറന്നെങ്കിലും ഏകദേശം അമ്പതടിയോളം ഉയരത്തില്‍നിന്ന് താഴേക്ക് ചാടാന്‍ യുവതി ഭയപ്പെട്ടു. ഇതോടെ കൈയിലെ ടോര്‍ച്ച് തെളിയിച്ച് വിമാനത്താവളത്തിലെ ജീവനക്കാരെ വിവരമറിയിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വിമാനത്താവളത്തിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെത്തിയാണ് ടിഫാനിയെ സുരക്ഷിതമായി വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചത്.
ഈ മാസമാദ്യം നടന്ന സംഭവത്തെക്കുറിച്ച് ടിഫാനിയുടെ സുഹൃത്ത് എയര്‍ കാനഡയുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.തുടര്‍ന്ന് യുവതിക്കുണ്ടായ ദുരനുഭവത്തില്‍ എയര്‍ കാനഡ പിന്നീട് ക്ഷമാപണം നടത്തി.

Latest News