സൗദിയുടെ വടക്ക് പടിഞ്ഞാൻ പ്രദേശമായ തബൂക്കിൽ 3360 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്ന ആസ്ട്രാ ഫാം പ്രസിദ്ധമാണ്.
1979 ൽ 25 ഹെക്ടറിൽ തുടങ്ങിയ ഈ കൃഷിയിടത്തിലേക്ക് സന്ദർശകരുടെ പ്രവാഹം തുടങ്ങിയിട്ട് നാളുകളേറെയായി.
ആപ്പിൾ, ഓറഞ്ച്, മുന്തിരി, ആപ്രിക്കോട്ട്, പ്ലംസ്, പീച്ച്, മാതള നാരങ്ങ, അത്തിപ്പഴം, ഗ്രീൻ ആപ്പിൾ തുടങ്ങിയ പഴവർഗങ്ങൾ, വിവിധ തരം പച്ചക്കറികൾ, കാട, കോഴി, പാൽ, സംസ്‌കരിച്ച ഭക്ഷണങ്ങൾ, വൈവിധ്യമാർന്ന പൂക്കൾ തുടങ്ങിയവയാണ് പ്രധാനമായും ആസ്ട്രാ ഫാമിലെ ഉൽപന്നങ്ങൾ. ജി.സി.സി, മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കെല്ലാം ഇവിടുത്തെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
വൈവിധ്യമാർന്ന പച്ചക്കറിത്തൈകൾ, ഫലവൃക്ഷങ്ങൾ, അലങ്കാര ഇൻഡോർ സസ്യങ്ങൾ, ഔട്ട്‌ഡോർ ലാൻഡ്‌സ്‌കേപ് സസ്യങ്ങൾ തുടങ്ങിയവ ആസ്ട്രയുടെ പ്രത്യേകതകളാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ കാട ഫാം പ്രവർത്തിക്കുന്നത് ആസ്ട്രാ ഫാമിൽ ആണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ജൈവ പച്ചക്കറികളും ഔഷധ സസ്യങ്ങളും വർഷം മുഴുവൻ ഉൽപാദിപ്പിക്കുന്നു. ആസ്ട്രയുടെ ക്ഷീര ഉൽപന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. ഭക്ഷണ പ്രേമികൾക്ക് ഹരം പകരുന്ന രുചി വൈവിധ്യങ്ങളായ ചീസുകൾ ആസ്ട്രയിൽ ഉൽപാദിപ്പിച്ചു വരുന്നു.
1983 ൽ ആണ് പൂക്കളുടെ ഉൽപാദനവും വിതരണവും തുടങ്ങിയത്. അന്ന് മുതൽ തന്നെ കട്ട് ഫഌവർ വിഭാഗത്തിലെ സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയായി ആസ്ട്ര ഫാമിന് അംഗീകാരമായി.
ഉന്നത നിലവാരമുള്ള ഒരു റെസ്റ്റോറന്റും ആസ്ട്രാ ഫാമിനുള്ളിൽ പ്രവർത്തിക്കുന്നുണ്ട്. ചൈനീസ്, അറബ്, ഇന്ത്യൻ, യൂറോപ്യൻ തുടങ്ങി വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ പരിചയ സമ്പന്നരായ ഷെഫുമാർ തയാറാക്കുന്നു. തബൂക്കിലെത്തുന്ന വി.ഐ.പികൾ ഭക്ഷണം കഴിക്കാനായി മാത്രം ഇവിടെയെത്താറുണ്ട്.
ആവശ്യക്കാർക്ക് ഓർഡർ ചെയ്യുന്നതിനനുസൃതമായ ഇഷ്ടവിഭവങ്ങൾ ഇവിടെ തയാറാക്കി നൽകി വരുന്നു.
ദൈനംദിന ജോലിക്കായി 1310 പേർ നേരിട്ടും 1000 പേർ കരാർ അടിസ്ഥാനത്തിലുമായി 2310 തൊഴിലാളികൾ ആസ്ട്രാ ഫാമിൽ സേവനം അനുഷ്ഠിക്കുന്നു.
ഏഷ്യൻ വംശജരായ തൊഴിലാളികളിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്. അറബ്, ആഫ്രിക്കൻ തുടങ്ങിയ രാജ്യങ്ങളിലെ ജീവനക്കാരും ഇവിടെയുണ്ട്.
ആസ്ട്രയുടെ സ്ഥാപകനും ചെയർമാനും ജോർദാൻ വംശജനായ സൗദി പൗരൻ സാബിഹ് മസ്രിയാണ്. ഖാലിദ് മസ്രി (പ്രസിഡന്റ്), കാമിൽ സദേദിൻ (വൈസ് പ്രസിഡന്റ്), ആബിദ് അൽറഹ്മാൻ സദേദിൻ (സി.ഇ.ഒ) എന്നിവരടങ്ങിയ ഭരണ സമിതിയാണ് ആസ്ട്രാ ഫാമിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
സൗദി അറേബ്യയിൽ വിവിധ മേഖലകളിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തിയ ഒരു കൂട്ടം കമ്പനികളാണ് അറബ് സപ്ലൈ ട്രേഡിംഗ് കമ്പനി (അസ്ട്ര) എന്ന പേരിൽ അറിയപ്പെടുന്നത്. ഈ വ്യവസായ സംരംഭത്തിന്റെ ഒരു ഭാഗമാണ് ആസ്ട്രാ ഫാം. പ്രശസ്തമായ ഈ കൃഷിയിടത്തിന് പുറമെ, നിർമാണം, മൈനിംഗ്, എനർജി, ഫിനാൻഷ്യൽ സർവീസസ് ആന്റ് ഇൻവെസ്റ്റ്‌മെന്റ്, ഫുഡ് ആന്റ് അഗ്രികൾച്ചർ, ഹെൽത്ത് ആന്റ് മെഡിസിൻ, ഇൻഡസ്ട്രി, റിയൽ എസ്റ്റേറ്റ് ആന്റ് ഹോസ്പിറ്റാലിറ്റി, മീഡിയ, പ്ലാസ്റ്റിക്‌സ്, സ്‌പെഷ്യാലിറ്റി കെമിക്കൽസ്, സ്റ്റീൽ ആന്റ് ടെലി കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ നിരവധി മേഖലകളിൽ 11 രാജ്യങ്ങളിൽ 6000 ൽപരം തൊഴിലാളികളുമായി വ്യാപിച്ചു കിടക്കുന്ന ഒരു വ്യവസായ സംരംഭമാണ് ആസ്ട്രാ ഗ്രൂപ്പ്.