ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വരുമ്പോൾ നാം പൊതുവെ പറയുന്ന വാചകമാണ് വിധിച്ചതേ നടക്കൂ, കൊതിച്ചത് നടക്കില്ല എന്ന്. വിധിയിൽ വിശ്വസിക്കുക എന്നത് മനസ്സിന് ഏറെ സമാധാനം നൽകുന്ന കാര്യവുമാണ്. അത്തരമൊരു വിധി തന്നെയായിരിക്കണം മദ്‌യൻ ശുഐബ് കാണാൻ എനിക്ക് അവസരമുണ്ടാക്കിയതും.
ചെറിയ പെരുന്നാൾ പ്രമാണിച്ച് ഫിറ്റ് എന്ന സംഘടന മദ്‌യൻ ശുഐബ് യാത്രക്ക് അവസരമൊരുക്കുന്നു എന്ന നോട്ടീസ് കണ്ടപ്പോൾ പോകണം എന്നൊരാഗ്രഹമൊക്കെ ഉണ്ടായിരുന്നു. ഒരു ലീവിൽ കൂടുതൽ ലഭിക്കാത്ത എനിക്ക് മൂന്ന് ദിവസത്തെ യാത്ര ഒരിക്കലും സ്വപ്‌നം കാണാൻ പോലും കഴിയില്ല എന്ന് സ്വയം തോന്നിയിരുന്നു. പെരുന്നാളിന് രണ്ട് ദിവസം മുന്നെ ഒരു നോട്ടീസ് കൂടെ കണ്ടു. അതിൽ പുറപ്പെടുന്ന സമയവും തിരിച്ചെത്തുന്ന സമയവും വ്യക്തമാക്കിയതിന് പുറമെ പരിമിതമായ സീറ്റുകൾ കൂടിയുണ്ട് എന്നൊരു മുന്നറിയിപ്പും ഉണ്ടായിരുന്നു. പിന്നീടുള്ള നീക്കങ്ങളെല്ലാം ദ്രുതഗതിയിൽ ആയിരുന്നു. ആദ്യം ബോസിന്റെ അനുമതി വാങ്ങി. പിന്നെ കൂടെ ജോലി ചെയ്യുന്നവരുടെ ജോലി സമയങ്ങളിൽ ക്രമീകരണം വരുത്തി. അവരും സഹകരിച്ചതോടെ നടക്കില്ലെന്ന് കരുതിയിരുന്ന ആ യാത്രക്ക് തയ്യാറായി സീറ്റ് ബുക്ക് ചെയ്തു.
രണ്ട് രാത്രിയും ഒരു പകലും ക്രമീകരിച്ചിട്ടുള്ള യാത്രാ ഷെഡ്യൂൾ. ഉറക്കത്തിന് ചെറിയ ബുദ്ധിമുട്ടുകൾ വന്നെങ്കിലും ചരിത്ര സ്മാരകങ്ങൾ കാണാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞാൻ.
രാത്രി എട്ട് മണിക്ക് പുറപ്പെട്ട ബസ് രാത്രി ഭക്ഷണത്തിനായി മഹത്ത ജസീറ എന്ന സ്ഥലത്ത് നിർത്തിയതിന് ശേഷം വീണ്ടും യാത്ര തുടർന്ന് നേരം പുലരുമ്പോഴേക്കും ദുബ എന്ന സ്ഥലത്ത് എത്തിയിരുന്നു. അവിടെ വെച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. ജിദ്ദയിൽ നിന്നും ബസ് പുറപ്പെട്ടത് മുതൽ ദുബയിൽ എത്തുന്നത് വരെ ടീം ലീഡർ മുസ്തഫ വാക്കാലൂരിന്റെ പഠനാർഹമായ ഇസ്‌ലാമിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസ് ഉറക്കത്തെ പോലും പിന്നിലാക്കി.
ഒരു യാത്ര സംഘടിപ്പിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട മുന്നൊരുക്കങ്ങൾ എല്ലാം തന്നെ ഫിറ്റ് ഒരുക്കിയിരുന്നു എന്നത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണ്. സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ അറിവ് നൽകാൻ ടീം ലീഡർക്ക് സാധിച്ചു. അതോടൊപ്പം തന്നെ സൗദി അറേബ്യയുടെ ഉൽഭവം മുതൽ ഇന്ന് വരേയുള്ള ചരിത്ര വിവരണം ഏറെ ഉപകാരപ്രദമായിരുന്നു.
ദുബയിൽ നിന്നും വീണ്ടും യാത്ര തുടർന്നു. രാത്രിയിൽ പുറത്തുള്ള ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും നേരം വെളുത്തതോടെ പുറംകാഴ്ചകളിലേക്ക് കണ്ണുകളെ പായിച്ചു. അങ്ങനെയാണ് ദുബ സീപോർട്ടും പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന നിയോൺ സിറ്റിക്കായി കണ്ടെത്തിയ സ്ഥലവും കാണാൻ കഴിഞ്ഞത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അതുകൊണ്ട് തന്നെ ജുമുഅ നമസ്‌കാരത്തിനായി ഒരു പള്ളിയുടെ മുന്നിൽ ബസ് നിർത്തി. അധികം മോടിയൊന്നുമില്ലെങ്കിലും വലിയൊരു പള്ളിയായിരുന്നു അത്. ജുമുഅ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുറച്ച് ദൂരെ ആൾക്കൂട്ടത്തെ കണ്ട് എന്താണെന്ന് അന്വേഷിക്കാനായി അങ്ങോട്ട് നീങ്ങി. അതൊരു ചെറിയ പച്ചക്കറി ചന്തയായിരുന്നു. സ്വന്തമായി കൃഷി ചെയ്ത് വിളയിച്ച പച്ചക്കറി വിൽപനക്കായി വെച്ചിരിക്കുന്നു. രാസവളമൊന്നും ചേർക്കാത്തവയാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും. മത്തന്റെ ഇല വള്ളിയടക്കം പറിച്ചുകൊണ്ടുവന്നതും കാണാനിടയായി.
അവിടെ അധിക നേരം നിൽക്കാതെ ഉച്ച ഭക്ഷണത്തിനായി നീങ്ങി. അത് കഴിഞ്ഞാണ് മദ്‌യൻ ശുഐബ് പ്രദേശം കാണാനായി പുറപ്പെട്ടത്. മദ്‌യൻ എന്നതിന് മഹാൻ എന്നാണ് അർത്ഥം. അതെ മഹാനായ ശുഐബ് നബി (അ) യുടെ സമൂഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ ശേഷിപ്പുകൾ ആണ് മദ്‌യൻ ശുഐബിലുള്ളത്. പരിശുദ്ധ ഖുർആൻ വിവരിച്ചിട്ടുള്ള ഓരോ സംഭവങ്ങളുടേയും ശേഷിപ്പുകൾ ഇന്നും ലോകത്ത് നിലനിൽക്കുന്നുണ്ട് എന്നത് മനുഷ്യന്റെ ചിന്താശേഷി ഉണർത്തേണ്ട സംഗതിയാണ്. തെളിവുകൾ ഒന്നൊന്നായി മുന്നിൽ തെളിഞ്ഞിട്ടും നമുക്ക് വിശ്വസിക്കാൻ പ്രയാസം തോന്നുന്നുവെങ്കിൽ അതിലും വലിയൊരു പരാജയം ജീവിതത്തിൽ സംഭവിക്കാൻ ഉണ്ടാകും എന്ന് തോന്നുന്നില്ല.
നട്ടുച്ച സമയമാണ് . വെയിലിന് നല്ല ചൂടുണ്ട്. മദ്‌യൻ ശുഐബ് പ്രദേശത്തിന്റെ കവാടത്തിലെത്തുമ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. ചെറിയൊരു ഓഫീസ് കെട്ടിടം അവിടെയുണ്ട് . അതിന്റെ ചുമരിൽ സന്ദർശക സമയം അറിയിച്ചുകൊണ്ടുള്ള ബോർഡ് തൂക്കിയിട്ടുണ്ടായിരുന്നു. അതിൽ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ശേഷമേ പ്രവേശനാനുമതിയുള്ളൂ എന്ന അറിയിപ്പ് വായിച്ചപ്പോൾ ഞങ്ങളെല്ലാം നിരാശരായി. കാരണം എണ്ണൂറിലധികം കിലോമീറ്റർ സഞ്ചരിച്ച് ഇവിടെ എത്തിയിട്ട് ലക്ഷ്യസ്ഥാനം കാണാൻ കഴിയാതെ മടങ്ങേണ്ടി വരുമോ എന്ന നിരാശ എല്ലാവരും പങ്ക് വെച്ചു. എന്നാലും അകലെ നിന്നും രണ്ട് മൂന്ന് ഫോട്ടോസ് ക്യാമറയിൽ പകർത്തി അടുത്ത ലക്ഷ്യത്തിലേക്ക് ബസ് നീങ്ങി.
ശുഐബ് നബി (അ) യോട് ചേർത്ത് ചരിത്രം പഠിപ്പിക്കുന്ന മറ്റൊരു പ്രവാചകൻ ആണ് മൂസ നബി (അ). അദ്ദേഹം ഫിർഔന്റെ അക്രമത്തിൽ നിന്നും രക്ഷപ്പെടാനായി കൈയിലുണ്ടായിരുന്ന വടി കൊണ്ട് അടിച്ചപ്പോൾ രണ്ടായി പിളർന്ന കടലും മലയും കാണാനാണ് പിന്നീട് ഞങ്ങൾ പോയത്. ചെങ്കടലിന്റെ പവിഴം എന്നറിയപ്പെടുന്ന ഈ ഭാഗം നീല നിറത്താൽ തിളങ്ങുന്നുണ്ടായിരുന്നു ഞങ്ങളെത്തുമ്പോൾ. അവിടെ നിന്ന് മറുകരയിലേക്ക് നോക്കുമ്പോൾ അങ്ങകലെയായി തൂരി, സിനാ മല അവ്യക്തമായി കാണാമായിരുന്നു. അവിടെ നിന്നും ഞങ്ങൾക്ക് പോകാനുണ്ടായിരുന്നത് സൗദി അറേബ്യ അതിരായ ഹഖ്ൽ എന്ന പ്രദേശത്തേക്കായിരുന്നു. ഈജിപ്ത്, ഇസ്രായിൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന പ്രദേശം കൂടിയാണത്.
മഗ്‌രിബ് നമസ്‌കാരവും ഭക്ഷണം കഴിക്കലും കഴിഞ്ഞ് ബസ് ജിദ്ദയിലേക്ക് തിരിച്ചപ്പോൾ ബസിനുള്ളിൽ അത് വരെ പറഞ്ഞതും പഠിപ്പിച്ചതും വിഷയമാക്കി ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് രാവിലെ ഏഴ് മണിക്ക് ജിദ്ദയിൽ എത്തുന്നത് വരെ പൂർണ വിശ്രമമായിരുന്നു.