Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവർ

പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്ത് മാത്രം മതിയോ സർക്കാരിന്?  വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുഃഖമനുഭവിക്കുന്ന ധാരാളം  പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലിടപെടാത്ത സർക്കാർ, നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ നിർദയം അവഗണിക്കുന്നു. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ.   സാജന്റെ ആത്മാഹുതിയിൽ ഉൽക്കണ്ഠാകുലരായ ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും  ഉപരിവർഗത്തോട് വിധേയത്വമുള്ള പല സംഘടനകളും സാംസ്‌കാരിക നായകരും മൗനവ്രതത്തിലാണ്. സഹതാപാർഹമാണ് ഈയവസ്ഥ.

ആന്തുർ നഗരസഭയുമായി ബന്ധപ്പെട്ട സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ ഒരു ഞെട്ടലോടെയാണ് പ്രവാസികൾ കേട്ടത്.  ഇത്ര ദാരുണമായ മരണം പ്രവാസികളുടെ ഹൃദയത്തിനേറ്റ മുറിവും നൊമ്പരവുമാണ്.  ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം നൈജീരിയയിൽ ജീവിതം പടുത്തുയർത്താൻ കഷ്ടപ്പെട്ട സത്യസന്ധനായ ഒരു പാവം പ്രവാസിയുടെ ആത്മഹത്യ ആരുടെ  സൃഷ്ടിയാണ്?   
നൈജീരിയയിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള ഓരോ വിദേശിയും ഭയന്ന് തന്നെയാണ് ദിനങ്ങൾ നീക്കുന്നത്. ഭീകരരുടെയും കവർച്ചക്കാരുടെയും വെടിയുണ്ടകൾ ഏത് നിമിഷവും അവിടെയെല്ലാം ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്നു. നാട്ടിലെ ശീതീകരിച്ച ആഡംബര മുറികളിലിരിന്ന് ജീവിതം ഉല്ലസിക്കുന്ന മന്ത്രിമാർക്കും നേതാക്കൾക്കും പ്രവാസികളുടെ നൊമ്പരങ്ങൾ അറിയണമെന്നില്ല. നൈജീരിയയിലെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട്  ജന്മനാട്ടിലെത്തി ആർക്കോ വേണ്ടി ജീവൻ ബലികഴിച്ച ഹതഭാഗ്യനാണ് സാജൻ പാറയിൽ. 
ഈ വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നവരും മുമ്പ് പലവട്ടം പ്രതിക്കൂട്ടിൽ നിന്നവരാണ്. സത്യം പറയുന്നവരെ  ഇടത് വലതുപക്ഷ വിരുദ്ധർ എന്ന് വിളിച്ചിട്ട് കാര്യമില്ല. 
ഒരു ഭരണകൂടത്തെ ജനങ്ങൾ വിലയിരുത്തുന്നത് സത്യവും നീതിയും മാത്രമല്ല, അവരുടെ നാക്കും വാക്കും നോക്കും  ജനങ്ങൾക്ക് പ്രസാദാത്മകമാകണം.   ഗുരുദേവൻ പറഞ്ഞ ഒരു വാചകമുണ്ട്. അധർമപക്ഷത്തു നിന്ന് ജയിക്കുന്നതിനേക്കാൾ നല്ലത് ധർമപക്ഷത്തു നിന്ന് തോൽക്കുന്നതാണ്. 
ഇത് തിരിച്ചറിയണമെങ്കിൽ അധികാര അഹങ്കാരത്തേക്കാൾ, പൊന്നിനേക്കാൾ,  പരിജ്ഞാനം സമ്പാദിക്കാനുള്ള മനസ്സുണ്ടാകണം. അധികാര സമ്പത്തിനേക്കാൾ ജ്ഞാനസമ്പത്തുള്ളവരാകണം. രാഷ്ട്രീയ മേഖലയാകുമ്പോൾ അവർ ത്യാഗസമ്പന്നന്മാരാകണം, മറ്റുള്ളവർക്ക് കെണി വെക്കുന്നവരാകരുത്.  ഒരാവശ്യവുമായി ഒരാൾ സർക്കാർ സ്ഥാപനത്തിൽ ചെന്നാൽ അവിടെ നടക്കുന്നത്  ഗാന്ധിയൻ സിദ്ധാ
ന്തമാണോ അതോ ജന്മി കുടിയാൻ സിദ്ധന്തമോ?  ഭരണാധികാരികൾ, സർക്കാർ സ്ഥാപനങ്ങൾ, പോലീസ് വകുപ്പുകൾ,  കലക്ടർ ഇവരെയൊക്കെ തീറ്റിപ്പോറ്റുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാകുമ്പോൾ അവരുടെ പ്രശ്‌നങ്ങൾ പരിഹരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. നീതിനിഷേധം നടന്നാൽ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ചോദ്യങ്ങളുയരും. ചൂഷകർക്കതിരെ പടപൊരുതേണ്ടവർ അവരുടെ സംരക്ഷകരായി മാറാൻ പാടില്ല.  
ഇരുപത് വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തു ഇത്രമാത്രം ജീർണതകൾ മലയാളികൾ കണ്ടുകാണില്ല. രാഷ്ട്രീയ കുത്തക മുതലാളിമാരെയും കണ്ടിട്ടില്ല. ഇന്നു കാണുന്ന പ്രവണതകൾ ജന്മികുടിയാൻ വ്യവസ്ഥിതി വീണ്ടും വരുമോ എന്നതാണ്. ജനങ്ങൾ കുടിയാന്മാരും അധികാരത്തിലുള്ളവർ ജന്മിമാരായും മാറുന്നു.   ഒരാൾ രാഷ്ട്രീയ നേതാവായാൽ അയാളുടെ കുടുംബത്തിലുള്ളവരും ബന്ധുക്കളും അവർക്ക് ഓശാന പാടുന്നവരും അധികാരത്തിലെത്തുന്നത് വളരെ വേഗത്തിലാണ്. ഈ സുഖാനുഭവ നിമിഷങ്ങളിൽ നീതി ലഭിക്കാതെ ഒരു കൂട്ടർ മറുഭാഗത്ത് നിൽക്കുന്നത് ഇവർ മറക്കുന്നു. ഒരു കുറ്റത്താലാണ് അവരെ അകറ്റിയത്. പാർട്ടി അനുഭാവിയല്ല.   മരണം വരെ അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുക, മക്കൾ രാഷ്ട്രീയം, സങ്കുചിത താൽപര്യങ്ങൾ, അധികാര ധാർഷ്ട്യം, ധൂർത്ത്, അധികാരത്തെ തൻകാര്യത്തിനായി ഉപയോഗിക്കുക, രാഷ്ട്രീയം നോക്കി എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, പുരസ്‌കാരം പദവികൾ നൽകുക,  രാഷ്ട്രീയക്കാരല്ലാത്തവരെ പുറംതള്ളുക, സർക്കാർ സ്ഥാപനങ്ങളിലെ  വെള്ളാനകളായ സെക്രട്ടറി അടക്കമുള്ളവരുടെ ധിക്കാരം, നീതി നിഷേധങ്ങൾ, കൈക്കൂലി ഇങ്ങനെ എണ്ണിയാൽ തീരാത്ത അധികാര ദുർവിനിയോഗമാണ് കുറെ കാലങ്ങളായി കേരളത്തിൽ നടക്കുന്നത്.  ഇതെല്ലാം താഴെക്കിടയിലുള്ളവർ കണ്ടുപഠിക്കുന്നത് മുകളിരിക്കുന്ന ജന്മിമാരിൽ നിന്നാണ്.  
ഒരൽപം മനുഷ്യത്വവും വിവേകവും ജനസേവന മനഃസ്ഥിതിയും ഉണ്ടായിരുന്നെങ്കിൽ ഒരു  പാവം പ്രവാസി തന്റെ സമ്പാദ്യമെല്ലാം ചെലവാക്കിയിട്ട് അവസാനം ആത്മഹത്യ ചെയ്യില്ലായിരുന്നു.  കാപട്യം നിറഞ്ഞ ഈ ജനാധിപത്യത്തിൽ നിന്നും മാനസിക പീഡനം ഏറ്റുവാങ്ങിയതുകൊണ്ടാണ് നിരാശനായി അദ്ദേഹം ഈ ലോകത്തോട് സ്വയം വിട പറഞ്ഞത്. ഇതുപോലെ എത്രയെത്ര നിരപരാധികൾ അധികാരികളിൽ നിന്ന് പീഡനങ്ങൾ അനുഭവിക്കുന്നു. ആത്മാഹുതി ചെയ്യുന്നു, ആത്മാഹുതിയുടെ വക്കിലെത്തുന്നുവെന്ന കാര്യം അധികാരികൾ ഓർക്കുന്നുണ്ടോ? 
മലയാളക്കരയെ പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളെ കാലാകാലങ്ങളായി എങ്ങനെ കാണുന്നു എന്നുള്ളതിന്റെ തെളിവാണ്  സാജൻ തന്റെ ഭാര്യയോട് പറഞ്ഞ അവസാന മൊഴികൾ. അതിന്റെ ഓഡിയോ വീഡിയോ ചോദിക്കുമെന്നറിയില്ല.  കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ  കൈക്കൂലി കൊടുത്തില്ലെങ്കിൽ മനുഷ്യരുടെ മനസ്സിലും ശരീരത്തും റേഡിയേഷൻ കൊടുക്കുന്ന മനുഷ്യ യന്ത്രങ്ങൾ എല്ലായിടവുമുണ്ട്. കൈക്കൂലി കൊടുത്തില്ലെങ്കിൽ യന്ത്രരാജൻ പണിമുടക്കും. കൈക്കൂലി കൊടുത്തിട്ടുള്ളവർക്ക് അറിയാവുന്ന കാര്യമാണത്.   മരണപ്പെട്ടു കഴിഞ്ഞാൽ യന്ത്രരാജൻ റീത്തുമായിട്ടെത്തും.  ഈ കാര്യത്തിൽ അചഞ്ചലമായ മനോധൈര്യം അവർക്കുണ്ട്. ഇതുപോലെ ആത്മഹത്യ ചെയ്ത പുനലൂർക്കാരൻ സുഗതന്റെ മകനും പരാതികളുണ്ട്.   ഇങ്ങനെ എത്രയോ പ്രവാസികൾക്ക് നാട്ടിലെ രാഷ്ട്രീയക്കാർ ശല്യക്കാരായി മാറുന്നു. ഇന്ത്യയിൽ പണിയെടുക്കാതെ ജീവിക്കാനുള്ള ഏക മാർഗം രാഷ്ട്രീയ കൃഷിയാണെന്ന് മനസ്സിലാക്കി അത് കൊണ്ടുനടക്കുന്നവരാണിവർ.  കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവർക്ക് ഒരു തൊഴിലും ലഭിക്കാതിരിക്കുമ്പോഴാണ് ഈ മടിയൻമാർ അധികാരികളായി മാറി സമൂഹത്തിന് ഒന്നും ചെയ്യാതെ വെറും ബിംബങ്ങളായി കാലഘടികാരത്തിനുള്ളിൽ സുഖഭോഗികളായി മദിച്ചു ജീവിക്കുന്നത്. ഇവരെ മാലോകരറിയുന്നത് ഏതെങ്കിലും പദവികളിൽ വരുമ്പോഴാണ്. ബാക്കി കാര്യങ്ങൾ മാധ്യമങ്ങൾ ചെയ്തുകൊള്ളും. 
സത്യത്തിൽ പ്രവാസികൾക്ക് നമ്മുടെ ഏതെങ്കിലും സർക്കാർ എന്തെങ്കിലും ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടോ? മോഹനസുന്ദര വാഗ്ദാനങ്ങളല്ലാതെ? 
പട്ടിണിയിൽ നിന്നും പടുത്തുയർത്തിയ പ്രവാസികളുടെ സമ്പത്ത് മാത്രം മതിയോ സർക്കാരിന്?  വിദേശ രാജ്യങ്ങളിൽ പലവിധത്തിൽ ദുഃഖമനുഭവിക്കുന്ന ധാരാളം  പ്രവാസികളുണ്ട്. അവരുടെ നീറുന്ന വിഷയങ്ങളിലിടപെടാത്ത സർക്കാർ, നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ നിർദയം അവഗണിക്കുന്നു. പ്രവാസികളെ വെറും കറവപ്പശുക്കളായി കാണുന്ന ദയനീയാവസ്ഥ.   സാജന്റെ ആത്മാഹുതിയിൽ ഉൽക്കണ്ഠാകുലരായ ചില പ്രവാസി സംഘടനകൾ രംഗത്തു വന്നെങ്കിലും  ഉപരിവർഗത്തോട് വിധേയത്വമുള്ള പല സംഘടനകളും സാംസ്‌കാരിക നായകരും മൗനവ്രതത്തിലാണ്. സഹതാപാർഹമാണ് ഈയവസ്ഥ.
പാവങ്ങളുടെ ഒപ്പം നിൽക്കേണ്ട ഇടത് പാർട്ടികൾ ഭരിക്കുമ്പോൾ എന്തുകൊണ്ടാണ് കൈക്കൂലിയും സ്വജന പക്ഷപാതവും സങ്കുചിത പ്രവർത്തനങ്ങളും നടക്കുന്നത്? ഇത് ഈ പാർട്ടി മാത്രം ചെയ്യുന്ന കാര്യമല്ല എല്ലാവരും കൈക്കൂലി, അഴിമതിക്ക് ബിരുദമെടുത്ത് പാലം പണിയാനും പൊളിക്കാനും കമ്മീഷൻ വാങ്ങാനും  ഉപരിപഠനം നടത്തുന്നവരാണ്. 
പ്രവാസി സമൂഹം ആവശ്യപ്പെടുന്നത് ആത്മഹത്യ ചെയ്ത സാജന് നീതി കിട്ടണമെന്നാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം.
 

Latest News