Sorry, you need to enable JavaScript to visit this website.

ടാങ്ക് വേധ മിസൈലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും; ഇസ്രായില്‍ കരാര്‍ ഉപേക്ഷിക്കുന്നു

ന്യൂദല്‍ഹി- ഇസ്രായിലില്‍നിന്ന് 500 ദശലക്ഷം ഡോളറിന്റെ ടാങ്ക് വേധ മിസൈലുകള്‍ വാങ്ങാനുള്ള കരാര്‍ ഇന്ത്യ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് സ്വന്തമായി രണ്ട് വര്‍ഷത്തിനകം ഇത്തരം മിസൈലുകള്‍ നിര്‍മിക്കാനാകുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് കരാറില്‍നിന്ന് പിന്‍വാങ്ങുന്നത്.

ആളുകള്‍ക്ക് എടുത്തു കൊണ്ടു പോകാവുന്ന ടാങ്ക് വേധ മിസൈലുകള്‍ (എംപിഎടിജിഎം) വികസിപ്പിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വിജയിച്ചിരിക്കയാണ്. തുടര്‍ച്ചയായി നടത്തിയ പരീക്ഷണങ്ങള്‍ വിജയകരമായി. രണ്ടു വര്‍ഷത്തിനകം മിസൈല്‍ നിര്‍മിക്കാനാകുമെന്നാണ് ഡിആര്‍ഡിഒ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റത്തില്‍നിന്ന് സ്‌പൈക്ക് മിസൈലുകള്‍ വാങ്ങാനുള്ള കരാര്‍ ഉപേക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഇസ്രായിലിനെ അറിയിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2015 മുതലാണ് മൂന്നാം തലമുറ എംപിഎടിജിഎം മിസൈലുകള്‍ വികസിപ്പിക്കാന്‍ ഡിആര്‍ഡിഒ ആരംഭിച്ചത്. രണ്ടാംഘട്ട പരീക്ഷണങ്ങള്‍ ഈയിടെ വിജയകരമായി പൂര്‍ത്തിയാക്കി. 2021 ഓടെ മിസൈല്‍ നിര്‍മാണം ആരംഭിക്കാനാകും.

 

Latest News