Sorry, you need to enable JavaScript to visit this website.

തെറ്റുതിരുത്തൽ നടപടികളുമായി സി.പി.എം

തിരുവനന്തപുരം - ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തെറ്റുതിരുത്തൽ പ്രക്രിയ ആരംഭിക്കുന്നതിന് സി.പി.എം തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നേതാക്കൾ വീടുകൾ കയറിയിറങ്ങി ജനങ്ങളെ കാണും. അതിനുവേണ്ട തീരുമാനങ്ങൾ രണ്ട് ദിവസങ്ങളായി ചേർന്ന സംസ്ഥാന സമിതി യോഗം എടുത്തതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിരമായി പാർട്ടിക്ക് വോട്ടുചെയ്തിരുന്ന ഒരു വിഭാഗം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പിന്തുണച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 22 മുതൽ 28 വരെ ഗൃഹസന്ദർശനം ഉൾെപ്പടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഗൃഹസന്ദർശനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അവർ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കുകയും പാർട്ടി  നിലപാടുകൾ വിശദീകരിക്കുകയും ചെയ്യും. ജൂലൈ മൂന്നിന് എറണാകുളത്തും ജൂലൈ നാലിന് കോഴിക്കോടും അഞ്ചിന് തിരുവനന്തപുരത്തും മേഖലാ യോഗങ്ങൾ വിളിച്ചു ചേർക്കും. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, സംസ്ഥാന സെക്രട്ടറി എന്നിവരാണ് യോഗങ്ങളിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റിൽ പാർട്ടി കുടുംബ യോഗങ്ങൾ വിളിച്ചു ചേർക്കും. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിൽ സംസ്ഥാനത്തെ ഒരു വിഭാഗം വോട്ടർമാർ പാർട്ടിയെ കൈവിട്ടതായി പറയുന്നുണ്ട്. ആ വിഭാഗത്തെ തിരിച്ചു കൊണ്ടുവരുന്നതിനുളള നടപടികളാണ് സ്വീകരിക്കുന്നത്. 
ഓഗസ്റ്റ് 19ന് പി. കൃഷ്ണപിള്ള ദിനത്തിൽ കിടപ്പുരോഗികളെ സന്ദർശിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തും. 2019 ലെ പാർട്ടി അംഗങ്ങളുടെ അഗത്വ പുതുക്കൽ പ്രക്രിയ പൂർത്തികരിച്ചു. 5,17,781 പാർട്ടി അംഗങ്ങൾ സംസ്ഥാനത്തുണ്ട്. ഈ വർഷം 25,695 പേർക്ക് പാർട്ടി അംഗത്വം നൽകിയതായും കോടിയേരി പറഞ്ഞു. സി.എം.പിൽനിന്ന് സി.പി.എമ്മുമായി ലയിച്ച ഒരു വിഭാഗത്തിന് പാർട്ടി അംഗത്വം നൽകാനുള്ള തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. 3160 പേർക്ക് പാർട്ടി അംഗത്വം നൽകുന്നതിനാണ് തീരുമാനം. അവർക്ക് സംസ്ഥാന കമ്മിറ്റി ഉൾപ്പടെയുള്ള വിവിധ ഘടകങ്ങൾ നൽകും. ഈ മാസം 26 അടിയന്തരാവസ്ഥാ വിരുദ്ധ ദിനമായി ആചരിക്കും. അന്ന് ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നയം രാജ്യത്തെ പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു. 

Latest News