Sorry, you need to enable JavaScript to visit this website.

അബഹ എയർപോർട്ട് ആക്രമണം ലോക രാജ്യങ്ങൾ അപലപിച്ചു

റിയാദ് - അബഹ അന്താരാഷ്ട്ര എയർപോർട്ടിനു നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചും സൗദി അറേബ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ലോക രാജ്യങ്ങൾ രംഗത്ത്. ഭീഷണികൾ നേരിടുന്നതിന് സൗദി അറേബ്യക്കൊപ്പം ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്ന് യു.എ.ഇ പറഞ്ഞു. ആക്രമണത്തെ യു.എ.ഇ അപലപിച്ചു. മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണ് അബഹ എയർപോർട്ട് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ ശത്രുതാ മനോഭാവത്തിനും സമാധാന ശ്രമങ്ങൾക്ക് അവർ തുരങ്കം വെക്കുന്നതിനുമുള്ള പുതിയ തെളിവാണിത്. ഹൂത്തി ഭീകരതയും തീവ്രവാദവും ചെറുക്കുന്നതിന് സൗദി അറേബ്യക്ക് പിന്തുണ നൽകും. രാജ്യരക്ഷയും പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കുമൊപ്പം യു.എ.ഇ നിലയുറപ്പിക്കും. സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സുരക്ഷ അവിഭാജ്യമാണ്. സൗദി അറേബ്യ നേരിടുന്ന ഏതു വെല്ലുവിളിയും ഭീഷണിയും യു.എ.ഇക്കെതിരായ വെല്ലുവിളിയും ഭീഷണിയുമാണെന്നും യു.എ.ഇ വിദേശ, അന്താരാഷ്ട്ര സഹകരണ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
ഹൂത്തി ഭീകരത നേരിടുന്നതിന് സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്ന് ബഹ്‌റൈൻ വിദേശ മന്ത്രാലയവും പറഞ്ഞു. ഭീകരതയും തീവ്രവാദവും അക്രമവും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സൗദി അറേബ്യ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും പിന്തുണ നൽകും. മേഖലയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന ഇറാന്റെയും ഇറാൻ പിന്തുണക്കുന്ന ഭീകര ഗ്രൂപ്പുകളുടെയും ശത്രുതാപരമായ പ്രവർത്തനങ്ങൾ ചെറുക്കുന്ന കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും ബഹ്‌റൈൻ വിദേശ മന്ത്രാലയം പറഞ്ഞു. 
ആക്രമണത്തെ അപലപിച്ച കുവൈത്ത് മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിന് നടത്തുന്ന ശ്രമങ്ങൾക്ക് ഹൂത്തികൾ തുരങ്കം വെക്കുകയാണെന്ന് പറഞ്ഞു. സൗദി അറേബ്യക്കൊപ്പം കുവൈത്ത് നിലയുറപ്പിക്കുമെന്നും രാജ്യരക്ഷയും സുരക്ഷാ ഭദ്രതയും കാത്തുസൂക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികളെയും പൂർണമായും പിന്തുണക്കുമെന്നും കുവൈത്ത് വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 
ആക്രമണത്തെ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഭീരുത്വമാർന്ന ഭീകരാക്രമണമാണ് അബഹ എയർപോർട്ടിനു നേരെയുണ്ടായതെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചു. ജനവാസ കേന്ദ്രങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികൾ ആക്രമണങ്ങൾ തുടരുന്നതിനെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനി ആവശ്യപ്പെട്ടു. ഹൂത്തി മിലീഷ്യകളെ നിലക്കുനിർത്തുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഫ്ഗാനിസ്ഥാൻ ആവശ്യപ്പെട്ടു. ആക്രമണത്തെ ഈജിപ്ത് രൂക്ഷമായ ഭാഷയിൽ അപലപിച്ചു. രാജ്യരക്ഷ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കുമൊപ്പം ഈജിപ്ത് നിലയറുപ്പിക്കുമെന്ന് ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
ആക്രമണത്തെ ജോർദാൻ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടത്തുന്ന ഏതു ആക്രമണവും ജോർദാനും മൊത്തം മേഖലക്കും എതിരായ ആക്രമണമാണെന്ന് ജോർദാൻ വിദേശ മന്ത്രാലയ വക്താവ് സുഫ്‌യാൻ അൽഖുദാത് പറഞ്ഞു. രാജ്യരക്ഷ സംരക്ഷിക്കുന്നതിനും ഭീകരത ചെറുക്കുന്നതിനും സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ജോർദാൻ പിന്തുണക്കുമെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂത്തികൾ തുടരുന്ന ഭീകരാക്രമണങ്ങൾ മുഴുവൻ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് യെമൻ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹൂത്തി മിലീഷ്യകളുടെ മേൽ ഇറാന് എത്രമാത്രം സ്വാധീനമുണ്ടെന്നാണ് ഈ ആക്രമണം വ്യക്തമാക്കുന്നത്. സമാധാന പ്രക്രിയയിൽ ഹൂത്തികൾക്ക് താൽപര്യമില്ലെന്നും ഇത് വ്യക്തമാക്കുന്നു. ആക്രമണത്തെ അപലപിക്കുന്നതിനും യു.എൻ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് ഹൂത്തികളെ നിർബന്ധിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാ സമിതിയും നടപടികളെടുക്കണമെന്നും യെമൻ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. 
അബഹ എയർപോർട്ട് ആക്രമണത്തെ സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് അപലപിച്ചു. ആക്രമണത്തിന് വിധേയമായവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും റിയാദ് അമേരിക്കൻ എംബസിയുടെയും ജിദ്ദ, ദഹ്‌റാൻ കോൺസുലേറ്റുകളുടെയും ഒഫീഷ്യൽ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ യു.എസ് അംബാസഡർ പറഞ്ഞു. 
യെമനിലും സൗദി അറേബ്യയിലും ഹൂത്തി മിലീഷ്യകൾ നടത്തുന്ന ഭീകരതക്ക് തെളിവാണ് അബഹ എയർപോർട്ട് ആക്രമണമെന്ന് ജിബൂത്തി പറഞ്ഞു. ഹൂത്തികളെ നിലക്കുനിർത്തുന്നതിന് അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം. ഇത്തരം ആക്രമണങ്ങൾ ചെറുക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന നിയമാനുസൃതമായ മുഴുവൻ നടപടികളെയും ശക്തമായി പിന്തുണക്കുമെന്നും ജിബൂത്തി പറഞ്ഞു. 

 

Latest News