സൗദി കിഴക്കന്‍ പ്രവിശ്യയിലും സിനിമാ തിയേറ്റര്‍; ആദ്യ തിയേറ്റര്‍ ദമാം അവന്യൂ മാളില്‍

ദമാം വെസ്റ്റ് അവന്യൂ മാളിലെ വോക്‌സ് തിയേറ്റർ.

റിയാദ് - കിഴക്കൻ പ്രവിശ്യയിലെ ആദ്യത്തെ സിനിമാ തിയേറ്റർ ഉദ്ഘാടനം ചെയ്തതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു. ദമാം വെസ്റ്റ് അവന്യൂ മാളിലാണ് വോക്‌സ് തിയേറ്റർ പ്രവർത്തനം തുടങ്ങിയത്. റിയാദിലും ജിദ്ദയിലും നേരത്തെ മുതൽ തിയേറ്ററുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 


രാജ്യത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ നാലു കമ്പനികൾക്ക് ഇതിനകം ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ കമ്പനിയും ലോകത്തെ ഏറ്റവും വലിയ നാലാമത്തെ തിയേറ്റർ ഗ്രൂപ്പുമായ സിനേപോളിസിന് ആണ് ഏറ്റവും ഒടുവിൽ ലൈസൻസ് അനുവദിച്ചത്.

സൗദിയിലെ ആറു നഗരങ്ങളിൽ രണ്ടു വർഷത്തിനുള്ളിൽ ആകെ 63 സ്‌ക്രീനുകൾ തുറക്കുന്നതിനാണ് സിനേപോളിസിന് പദ്ധതി. ആദ്യ മൾട്ടിപ്ലക്‌സ് തിയേറ്റർ ഈ വർഷാവസാനത്തോടെ ദമാം ലുലു മാളിൽ സിനേപോളിസ് തുറക്കും. അടുത്ത കൊല്ലം നാലു മൾട്ടിപ്ലക്‌സുകളും 2021 ൽ ഒരു മൾട്ടിപ്ലക്‌സും സിനേപോളിസ് സൗദിയിൽ തുറക്കും. 


ദമാം ലുലു മാളിനു പുറമെ, ജിസാൻ അൽഹുകൈർ ടൈം, ജിദ്ദ അബ്ഹുർ മാൾ, റിയാദ് കൊർഡോബ മാൾ, നജ്‌റാൻ സിറ്റി സെന്റർ, അൽമസറ മാൾ എന്നിവിടങ്ങളിലാണ് സിനേപോളിസ് തിയേറ്ററുകൾ തുറക്കുക. ആറു തിയേറ്ററുകളിലും കൂടി ആകെ 63 സ്‌ക്രീനുകളാണുണ്ടാവുക. സിനേപോളിസിനു കീഴിൽ ബഹ്‌റൈനിലെ ആദ്യത്തെ സിനിമാ തിയേറ്റർ ഈ വർഷം ജനുവരിയിൽ തുറന്നിരുന്നു.

 

 

Latest News