Sorry, you need to enable JavaScript to visit this website.

അബ്ദുള്ളക്കുട്ടിയുടെ  നോട്ടം മഞ്ചേശ്വരം 

ന്യൂദല്‍ഹി-മോഡി സ്തുതിയോടെ സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടിക്ക് കാവി പരവതാനിയാണ് ബി.ജെ.പി വിരിച്ചിരിക്കുന്നത്. തങ്ങളെ വന്നു കണ്ട അബ്ദുള്ളക്കുട്ടിയോട് ബി.ജെ.പിയില്‍ ചേരാന്‍ സാക്ഷാല്‍ മോഡിയും അമിത്ഷായും നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇനി പട്ടാഭിഷേകം എന്നാണെന്ന് മാത്രമേ അറിയാനുള്ളൂ. അത് അധികം താമസിയാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അബ്ദുള്ളക്കുട്ടിയെ പ്രശംസിച്ചു. ഇതിനു ശേഷമായിരുന്നു ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത് തന്നെ നടക്കാനിരിക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹവും ഇതോടെ ശക്തമായിരിക്കുകയാണ്.
കെ.സുരേന്ദ്രന്‍ 89 വോട്ടിന് കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലത്തില്‍ ബി.ജെ.പിയുടെ പ്രതീക്ഷയും വാനോളമാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയാകുന്നതോടെ ആ വിഭാഗത്തിലെ വോട്ടും സമാഹരിക്കാന്‍ കഴിയുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ്സില്‍ അബ്ദുള്ളക്കുട്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മോഡിയുടെ ഗുഡ് ബുക്കിലായിരുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

Latest News