Sorry, you need to enable JavaScript to visit this website.

ഡ്രോണ്‍ തീഗോളമായത് 15 മീറ്റര്‍ ഉയരത്തില്‍; നടുക്കം വിട്ടു മാറാതെ സെയ്താലിയും കുടുംബവും

റിയാദ് - അബഹയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന മകന് ബോര്‍ഡിംഗ് പാസ് ലഭിച്ചുവെന്നുറപ്പിച്ച ശേഷം ടെര്‍മിനലില്‍നിന്ന് കുട്ടികളോടൊപ്പം പുറത്തിറങ്ങുന്നതിനിടെയാണ് ഡ്രോണ്‍ പറന്നു വരുന്നത് ശ്രദ്ധയില്‍ പെട്ടത്.

ഞൊടിയിടയില്‍ 15 മീറ്റര്‍ മുകളില്‍ വെച്ച് അത് തീഗോളമാകുന്നതും പൊട്ടിത്തെറിക്കുന്നതും കണ്ടു. ആളുകള്‍ ചിതറിയോടുന്നു. പരിക്കേറ്റ് എതാനും പേര്‍ താഴെ കിടക്കുന്നു. ഒരു കുട്ടിയെ ഞാനും മറ്റൊരു കുട്ടിയ ഭാര്യയും കയ്യിലെടുത്ത് പ്രാണരക്ഷാര്‍ഥം ടെര്‍മിനലിലുള്ളിലേക്ക് ഓടി കയറി. അപ്പോഴാണ് ശരീരത്തില്‍ നിനിന്ന് ചോരയൊലിക്കുന്നത് കണ്ടത്.

അബഹ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച ഹൂത്തികള്‍ നടത്തിയ ഡ്രോണ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പാണ്ടിക്കാട് എടയാറ്റൂര്‍ പാലത്തിങ്ങല്‍ സെയ്താലി (39)യും കുടുംബവും ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.

അബഹയില്‍ 10 വര്‍ഷമായി സ്റ്റുഡിയോ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന സെയ്താലി രണ്ട് മാസം മുമ്പാണ് കുടുംബത്തെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നത്. മൂത്തമകന്‍ അമന്‍ മുഹമ്മദി(11)നെ സ്‌കൂള്‍ തുറന്നതിനാല്‍ നാട്ടിലേക്കയക്കാനായിരുന്നു സൈദാലിയും ഭാര്യ ഖൗലത്ത് തുവ്വക്കാടും മറ്റു മക്കളായ ആശിന്‍ മഹ് മൂദും (7) അയാന്‍ അഹമ്മദും(രണ്ട്) വിമാനത്താവളത്തിലെത്തിയത്.

ഞായറാഴ്ച രാത്രി 9.20ന് അബഹ-ജിദ്ദ-കോഴിക്കാട് സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മകനെ യാത്രയാക്കിയ ശേഷം നാലു പേരും ടെര്‍മിനലില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഡ്രോണ്‍ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചത്. ജിദ്ദയിലേക്കുള്ള വിമാനം വൈകിയതിനാല്‍ ഞായറാഴ്ച രാത്രി അമന്‍ മുഹമ്മദിന് പോകാനായിട്ടില്ല. യാത്ര മുടങ്ങിയ നാലു മലയാളികളോടൊപ്പം അമനും ജിദ്ദയില്‍ കുടുങ്ങി. ഇന്ന് രാത്രി പോകാന്‍ സാധിക്കുമെന്ന് കരുതുന്നു.

സെയ്താലിയുടെ ഇടതു നെഞ്ചിനും ഭാര്യയുടെ ഇടതു കാലിനുമാണ് പരിക്കേറ്റത്. വസ്ത്രത്തിന്റെ പല ഭാഗങ്ങളും കീറിയിരുന്നു. പേടിച്ചരണ്ട കുട്ടികള്‍ ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ നാലു പേരെയും മറ്റു പരിക്കേറ്റവരോടൊപ്പം സൗദി ജര്‍മന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ജര്‍മന്‍ ആശുപത്രിയില്‍ കഴിയുന്ന സെയ്താലി പറഞ്ഞു.

അബഹ ഡ്രോണ്‍ ആക്രമണത്തില്‍ 13 സൗദികളും നാലു ഇന്ത്യക്കാരും രണ്ട് ഈജിപ്തുകാരും രണ്ട് ബംഗാളികളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ഒരു സിറിയന്‍ പൗരന്‍ മരിച്ചിരുന്നുവെന്നും സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞിരുന്നു.


 

 

Latest News