അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊതുങ്ങിയെങ്കിലും എന്തെങ്കിലും ശക്തി ബാക്കി നിൽക്കുന്ന കേരളത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകൾ എതിരാളികളെ പോലും ഞെട്ടിക്കുന്നവയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കേരളം ചർച്ച ചെയ്ത പ്രധാന വാർത്തകളെല്ലാം തന്നെ പാർട്ടിയുമായും പാർട്ടി നയിക്കുന്ന സർക്കാരുമായും ബന്ധപ്പെട്ട വീഴ്ചകളുടേയും തെറ്റായ നടപടികളുടേയുമായിരുന്നു. ഇപ്പോഴുമത് തുടരുകയാണ്. അവയിൽ ഭൂരിഭാഗവും സിപിഎമ്മിന്റെ ശക്തിദുർഗ്ഗമായ കണ്ണൂരിൽ നിന്നും.
ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് ഇതുവരേയും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല കുറ്റാരോപിതർക്കെതിരെ കർക്കശ നടപടികളെടുക്കാൻ സർക്കാരോ പാർട്ടിയോ തയ്യാറാകുന്നുമില്ല. പാർട്ടിയുടെ സർവ്വാധിപത്യം നിലനിൽക്കുന്ന, മറ്റു പാർട്ടിക്കാർ മത്സരിക്കാൻ പോലും ഭയപ്പെടുന്ന നഗരസഭയിലാണ് സംഭവം എന്നതാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. ആത്മഹത്യചെയത് സാജനും പാർട്ടിക്കാരനായിരുന്നല്ലോ. സംഭവത്തിൽ നഗരസഭാധ്യക്ഷക്ക് വീഴ്ച വന്നിട്ടില്ല എന്നു വാദിക്കാൻ സിപിഎം നേതാക്കളോ പ്രവർത്തകരോ പോലും തയ്യാറാകുന്നില്ല. എന്നാൽ അത്തരം സന്ദർഭത്തിൽ സ്വാഭാവികമായും ചെയ്യേണ്ടതെന്താണ്്യു? നിരപരാധിത്വം തെളിയുന്നതു വരെ മാറിനിൽക്കാൻ ആവശ്യപ്പെടുക. എന്നാലതിനുപോലും പാർട്ടി തയ്യാറാകുന്നില്ല. അധ്യക്ഷയാകട്ടെ സ്വയം അതിനു സന്നദ്ധയാകുന്നുമില്ല. പകരം നാലു ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്ത് കൈകഴുകാനാണ് പാർട്ടിശ്രമം. അതിരൂക്ഷമായ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന പദ്ധതികൾക്കുപോലും അനുമതി നൽകുകയും എതിർക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമർത്തുകയും ചെയ്യുന്ന കാലത്താണ് നിസ്സാര സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ ഒരു പ്രവാസി സംരംഭകനെ ആത്മഹത്യയിലെത്തിച്ചത് എന്നതു മറ്റൊരു വിഷയം. അതും സംരംഭകരെ ക്ഷണിക്കുകയും ഓരോ ഫയലിനു പുറകിലും നിരവധി ജീവിതങ്ങളുണ്ടെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ.
പാർട്ടിയെ അടിമുടി കുലുക്കുന്ന മറ്റൊന്ന് ബിനോയ് വിഷയം തന്നെ. പ്രായപൂർത്തിയായ ഒരാളുടെ പ്രവൃത്തികളിൽ മാതാപിതാക്കൾക്ക് എന്തു ഉത്തരവാദിത്തം എന്ന ചോദ്യം ന്യായം തന്നെയാണ്. പക്ഷെ കോടിയേരിയുമായി ബന്ധപ്പെട്ട വിഷയം അത്ര ലളിതമല്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും സമ്പന്നരായത് വി എസ് മന്ത്രിസഭയിൽ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലം മുതലാണെന്നതാണ് പ്രധാന ആരോപണം.
കോടിയേരിക്ക് നേരിട്ട് പങ്കില്ലെങ്കിൽ കൂടി അവരുടെ വളർച്ചക്കു കാരണമെന്താണെന്ന ചോദ്യം പ്രസക്തം തന്നെയാണ്. ഇവരുമായി ബന്ധപ്പെട്ട് വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പാരോപണവും ഉയർന്നിരുന്നു. അക്കാരണങ്ങളാൽ സർക്കാരിനെ നയിക്കുന്ന പ്രധാന പാർട്ടിയുടെ സെക്രട്ടറിക്ക് കൈകഴുകാനാകുമോ എന്ന ചോദ്യത്തിൽ കഴമ്പുണ്ട് - സംഭവവുമായി ബന്ധപ്പെട്ട സദാചാര നിലപാടുകൾ തള്ളിക്കളയുമ്പോഴും. അതേസമയം വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കുന്നത് കുറ്റകരവുമാണല്ലോ. എന്തായാലും പെൺകുട്ടിയുടെ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതി തീരുമാനിക്കട്ടെ.
ദിവസങ്ങൾക്കുമുമ്പ് നടന്നതാണെങ്കിലും വടകരയിൽ പി. ജയരാജനെതിരെ മത്സരിച്ച മുൻ സി.പി.എം പ്രവർത്തകൻ നസീറിനു നേരെയുണ്ടായ വധശ്രമത്തിന്റെ അലയൊലികളും തുടരുകയാണ്. സംഭവത്തിൽ നസീർ വിരൽ ചൂണ്ടുന്നത് യുവനേതാവും എംഎൽഎയുമായ ഷംസീറിനു നേരെയാണ്. പോലീസ് അറസ്റ്റുചെയ്തവരാകട്ടെ ഷംസീറുമായി അടുത്തവരും. സിപിഎം എംഎൽഎ ഒരാളെ കൊല്ലാൻ ക്വട്ടേഷൻ കൊടുക്കില്ല എന്നു വിശ്വസിക്കാൻ ആരും വിഡ്ഢികളൊന്നുമല്ലല്ലോ.
ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ മറ്റൊരു അടിയൊഴുക്ക് പാർട്ടിയിൽ നടക്കുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. പിണറായിയെ പോലും മറികടന്ന് കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനായ പി. ജയരാജനെ ഒതുക്കാനായിരുന്നു വടകരയിൽ മത്സരിപ്പിച്ചതും തെരഞ്ഞെടുപ്പിനുമുമ്പെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയതെന്നതും ഏതു രാഷ്ട്രീയ നിരീക്ഷകനും മനസ്സിലായിരുന്നു. മറ്റു ജില്ലകളിലെ സീനിയർ നേതാക്കളെ പോലും പുറകിലാക്കി പാർട്ടി കൈയിലാക്കിയ കണ്ണൂരിലെ നേതാക്കൾ തമ്മിൽ രൂക്ഷമായ ഗ്രൂപ്പിസമാണ് നടക്കുന്നതെന്നും അതിന്റെ പ്രതിഫലനം ഈ സംഭവങ്ങൾക്കു പുറകിലുണ്ടെന്നും വിശ്വസിക്കുന്നവരാണധികവും. സ്വാഭാവികമായും തനിക്കുനേരെ ചൂണ്ടിയ നസീർ ആക്രമണത്തിൽ വളരെ തന്ത്രപൂർവ്വം നിരപരാധിയെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തിയ പി. ജയരാജൻ, ആന്തൂർ വിഷയത്തിലും വ്യത്യസ്ത നിലപാടെടുത്ത് കയ്യടി നേടി. ബിനോയ് വിഷയത്തിൽ അദ്ദേഹം മൗനം അവലംബിക്കുന്നു. കണ്ണൂരിലെ പ്രമുഖ നേതാക്കളായ കോടിയേരി, ഇ. പി ജയരാജൻ, എം. വി ഗോവിന്ദൻ എന്നിവരൊക്കെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയരായിരിക്കുമ്പോഴാണ് പി. ജയരാജന്റെ തിരിച്ചുവരാനുള്ള നീക്കം. അതുണ്ടാക്കുന്ന പ്രശ്‌നങ്ങളും ഈ സംഭവങ്ങളിൽ അടിയൊഴുക്കായി പ്രവർത്തിക്കുന്നു എന്നതിൽ സംശയം വേണ്ട.
ഈ വിഷയങ്ങളിൽ മുങ്ങിപ്പോയെങ്കിലും മറ്റനവധി ഗൗരവമായ വിഷയങ്ങളും പാർട്ടിക്കും സർക്കാരിനുമെതിരെ ഉയർന്നുവന്ന ദിവസങ്ങളാണ് കടന്നുപോയത്. പാർട്ടിയുടെ മറ്റൊരു കോട്ടയായ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്നും ആയുധങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത സംഭവത്തിന് ഈ കോലാഹലത്തിനിടയിൽ വലിയ ശ്രദ്ധ ലഭിച്ചില്ല.
വിയ്യൂർ ജയിലിൽ ടി.പി ചന്ദ്രശേഖരന്റെ ഘാതകരിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തു. സർക്കാരുകൾക്ക് എന്നും തലവേദനയായ ഋഷിരാജ് സിംഗാണ് ഈ റെയ്ഡുകൾ നടത്തിയത്. കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനിടയിലാണ് രാജു നാരായണ സ്വാമിയുടെ ആരോപണവും രംഗത്തുവന്നിരിക്കുന്നത്. ജേക്കബ്ബ് തോമസിനെതിരെ ശിക്ഷാ നടപടി സ്വീകരിച്ച സർക്കാർ അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണ സ്ഥാപനത്തിനെതിരെ പോലും നടപടിയെടുക്കുന്നു. സീനിയറും ജൂനിയറുമായ പല ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും സർക്കാരുമായി ഭിന്നതകളിലാണ്.
അതിനിടയിലാണ് പോലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാക്കിയ പ്രശ്‌നങ്ങൾ. കാർട്ടൂൺ വിവാദവും ശബരിമലയുമായി ബന്ധപ്പെട്ട എൻ.കെ പ്രേമചന്ദ്രന്റെ ബില്ലിനോടുള്ള നിലപാടും സർക്കാരിലേയും പാർട്ടിയിലേയും അഭിപ്രായഭിന്നതകൾ പുറത്തുകൊണ്ടുവരുന്നു. മുഖ്യമന്ത്രിയാകട്ടെ എല്ലാവിഷയങ്ങളിലും മൗനം തുടരുകയാണ്.
ചുരുക്കത്തിൽ പ്രതിപക്ഷത്തുനിന്നു ശക്തമായ ഇടപെടലുകൾ ഇല്ലാതിരുന്നിട്ടും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് സർക്കാരും പാർട്ടിയും കടന്നുപോകുന്നത്. അതാകട്ടെ ആറോളം നിയമസഭാ മണ്ഡങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ആസന്നമായ വേളയിൽ. ഈ പ്രതിസന്ധികളെ അതിജീവിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നേതാക്കൾക്ക് കരുത്തുണ്ടോ എന്നാണ് അണികൾ ഉറ്റുനോക്കുന്നത്.