അബഹ എയര്‍പോര്‍ട്ട് ആക്രമണത്തെ അമേരിക്ക അപലപിച്ചു; മൈക്ക് പോംപിയോ സൗദിയില്‍

ജിദ്ദ- അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ സൗദി അറേബ്യയിലെ യു.എസ് അംബാസഡര്‍ ജോണ്‍ അബിസെയ്ദ് ശക്തിയായി അപലപിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമണമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ വിശേഷിപ്പിച്ചു. സിവിലിയന്മാര്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അംബാസഡര്‍ അനുശോചനം അറിയിച്ചു.

അതിനിടെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ,  യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ  സൗദിയിലെത്തി.
ജിദ്ദയില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അദ്ദേഹം  കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു.

പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ സജ്ജമായിട്ടുണ്ടെങ്കിലും ഇറാനുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് മിഡില്‍ ഈസ്റ്റിലേക്ക് പുറപ്പെടുന്നതിനു മുമ്പ്  യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്ത്രപ്രധാന സഖ്യം ശക്തമാക്കുന്നതിനും പുതിയ വെല്ലുവിളികള്‍ നേരിടുന്നതിന് ആഗോള സഖ്യം രൂപപ്പെടുത്തുന്നതിനും സൗദി അറേബ്യയുമായും യു.എ.ഇയുമായും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിലെ ചര്‍ച്ചകള്‍ക്കുശേഷം പോംപിയോ യു.എ.ഇയിലേക്ക് പോകും.

ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനും ഉപരോധം പിന്‍വലിക്കുന്നതിനുമായി 2015 ല്‍ ഒപ്പുവെച്ച കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ്
ദീര്‍ഘകാല ശത്രുക്കളായ ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.

ഗള്‍ഫിലെ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണവും കഴിഞ്ഞയാഴ്ച യു.എസ് ഡ്രോണ്‍ വെടിവെച്ചിട്ടതും സൗദി വിമാനത്താവളങ്ങള്‍, എണ്ണ സ്ഥാപനങ്ങള്‍ എന്നിവക്കുനേരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലിഷ്യ ആക്രമണം നടത്തിയതും സംഘര്‍ഷം രൂക്ഷമാക്കിയിരിക്കയാണ്.

ഡ്രോണ്‍ വീഴ്ത്തിയതിനു പ്രതികാരമായി ഇറാനില്‍ വ്യോമാക്രമണം നടത്താന്‍ അമേരിക്ക തയാറെടുത്തിരുന്നുവെങ്കിലും അവസാന നിമിഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വാങ്ങുകയായിരുന്നു.

 

Latest News