സൗദിയില്‍ സ്ഥിരം ഇഖാമയുടെ ഗുണം ആര്‍ക്ക് ? ആജീവനാന്ത വിസക്ക് എട്ട് ലക്ഷം റിയാല്‍, ഒരു വര്‍ഷത്തേക്ക് ഒരു ലക്ഷം


അപേക്ഷകര്‍ ഉറപ്പു വരുത്തേണ്ട കാര്യങ്ങള്‍

*മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാകാന്‍ പാടില്ല
*കാലാവധിയുള്ള പാസ്‌പോര്‍ട്ട്
*21 വയസ്സില്‍ കൂടുതല്‍ പ്രായം
*മതിയായ സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകള്‍
*പകര്‍ച്ചവ്യാധി ഇല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്
*സൗദിയില്‍ താമസിക്കുന്നവര്‍ നിയമാനുസൃത ഇഖാമ

സ്ഥിരം ഇഖാമ റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങള്‍

*60 ദിവസത്തില്‍ കുറയാത്ത തടവിനോ ഒരു ലക്ഷം റിയാലില്‍ കുറയാത്ത പിഴക്കോ കോടതി ശിക്ഷിക്കുക
*സൗദിയില്‍നിന്ന് നാടുകടത്തുന്നതിന് കോടതി വിധി അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനം
*വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ച് സ്ഥിരം ഇഖാമ നേടിയതായി കണ്ടെത്തുക
*സ്ഥിരം ഇഖാമ നിയമവും രാജ്യത്തെ മറ്റു നിയമങ്ങളും പാലിക്കാതിരിക്കുക
*ഉടമകള്‍ സ്ഥിരം ഇഖാമ കൈയൊഴിയുക
*മെഡിക്കല്‍ ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുക
*ഉടമയുടെ മരണം


റിയാദ്- സൗദി അറേബ്യയില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ സ്ഥിരം ഇഖാമ ദീര്‍ഘകാലമായി രാജ്യത്തു കഴിയുന്ന ആയിരക്കണക്കിന് അറബ് സമ്പന്നര്‍ക്ക് അനുഗ്രഹമാകും. നിക്ഷേപകര്‍ക്കു പുറമെ പ്രഗത്ഭരായ ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും ശാസ്ത്രജ്ഞരെയും മറ്റും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും നിയമം സഹായകമാകും. പുതിയ പദ്ധതികള്‍ വഴി ദേശീയ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിന് ഇവര്‍ക്ക് അവസരമൊരുക്കും.


സൗദിയില്‍ സ്ഥിര താമസവും രാജ്യത്ത് നിക്ഷേപങ്ങള്‍ നടത്തുന്നതിനും ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രീമിയം ഇഖാമ അനുവദിക്കുന്ന നിയമം അടുത്തിടെയാണ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. രാജ്യത്തിന് കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും കൈവരിക്കാന്‍ ലക്ഷ്യമിട്ട് സ്ഥിരം ഇഖാമ ഉടമകള്‍ക്ക് ആകര്‍ഷമായ നിക്ഷേപ സാഹചര്യം ഒരുക്കും.


ഇന്‍വെസ്റ്റര്‍ വിസ നേടുന്ന വിദേശ നിക്ഷേപകര്‍ക്ക് ലഭിക്കാത്ത ആനുകൂല്യങ്ങള്‍ സ്ഥിരം ഇഖാമക്കാര്‍ക്ക് (പ്രീമിയം റെസിഡന്‍സി കാര്‍ഡ് ഉടമകള്‍) ലഭിക്കുമെന്ന് പ്രീമിയം റെസിഡന്‍സി സെന്റര്‍ അറിയിച്ചു.
വിദേശ നിക്ഷേപ നിയമം അനുസരിച്ച് നിക്ഷേപ ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ഇന്‍വെസ്റ്റര്‍ വിസ അനുവദിക്കുക. ഇതിന് നിക്ഷേപ ലൈസന്‍സില്‍ വിദേശ നിക്ഷേപകന്റെ പേര് രേഖപ്പെടുത്തുകയും വേണം. വിദേശ നിക്ഷേപകരുടെ ഇഖാമക്ക് സ്‌പോണ്‍സര്‍ നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍  സ്ഥാപനമായിരിക്കും സ്‌പോണ്‍സര്‍.


എന്നാല്‍ പ്രീമിയം ഇഖാമ ഉടമക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല. വിദേശ നിക്ഷേപകന്റെ ഇഖാമയിലെ പ്രൊഫഷന്‍ നിക്ഷേപകന്‍ എന്നായിരിക്കും. എന്നാല്‍ പ്രീമിയം ഇഖാമക്ക് ഇത് ബാധകമല്ല. ഇന്‍വെസ്റ്റര്‍ ഇഖാമ ഉടമക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല. പാര്‍പ്പിട ആവശ്യത്തിനുള്ള റിയല്‍ എസ്റ്റേറ്റുകള്‍ ഇന്‍വെസ്റ്റര്‍ ഇഖാമ ഉടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയുമില്ല.


പ്രീമിയം ഇഖാമ സെന്ററിന് സമര്‍പ്പിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ആര്‍ക്കും സ്ഥിരം ഇഖാമ അനുവദിക്കുക. വ്യവസ്ഥകള്‍ പൂര്‍ണമായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സ്ഥിരം ഇഖാമ അനുവദിക്കും. സൗദി വനിതകളെ വിവാഹം ചെയ്യുന്നതിലൂടെ സ്ഥിരം ഇഖാമ ലഭിക്കില്ല. സ്ഥിരം ഇഖാമ ഉടമകള്‍ക്ക് സൗദി പൗരത്വം ലഭിക്കുന്നതിനും അവകാശമുണ്ടായിരിക്കില്ല.
സൗദി പൗരന്മാരെ പോലെ സ്ഥിരം ഇഖാമക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കില്ല. സ്ഥിരം ഇഖാമ ഉടമകളുടെ മക്കള്‍ക്ക് സൗദി യൂനിവേഴ്‌സിറ്റികളിലും സ്‌കൂളുകളിലും ഫീസില്ലാതെ പഠിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ എല്ലാ വിദേശികള്‍ക്കും ബാധകമായത് സ്ഥിരം ഇഖാമ ഉടമകളുടെ മക്കള്‍ക്കും ബാധകമായിരിക്കും. അതുപോലെ, സൗദിയില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് പ്രത്യേക ഇളവുകളൊന്നും സ്ഥിര ഇഖാമ നിയമത്തിലില്ല.  


സൗദി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിന് സ്ഥിരം ഇഖാമ ഉടമകള്‍ക്ക് അവകാശമുണ്ടാകും. സ്ഥിരം ഇഖാമക്കാര്‍ വിദേശങ്ങളിലേക്ക് അയക്കുന്ന പണത്തിന് പ്രത്യേക ഫീസോ നികുതിയോ ബാധകമായിരിക്കില്ല. കുടുംബാംഗങ്ങളില്‍ പെട്ട ഒരാള്‍ നിയമ ലംഘനം നടത്തിയാല്‍ സ്ഥിരം ഇഖാമ ഉടമയുടെ ഇഖാമ റദ്ദാക്കില്ല. പകരം നിയമ ലംഘനം നടത്തുന്ന ആശ്രിതന് സ്ഥിരം ഇഖാമ നിയമം അനുസരിച്ച പ്രയോജനം വിലക്കുകയാണ് ചെയ്യുക.

 

Latest News