Sorry, you need to enable JavaScript to visit this website.

സൗദി സ്ഥിരം ഇഖാമക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി; നിരവധി ആനുകൂല്യങ്ങള്‍


സ്ഥിരം ഇഖാമ ഉടമകള്‍ക്കുള്ള ആനുകൂല്യങ്ങള്‍

  • കുടുംബ സമേതം സൗദിയില്‍ താമസിക്കാം, നിക്ഷേപിക്കാം
  • ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ
  • വീട്ടുവേലക്കാരെ കൊണ്ടുവരാന്‍ വിസ
  • വിദേശ നിക്ഷേപ നിയമം അനുസരിച്ച് സൗദിയില്‍ ബിസിനസ് ചെയ്യാം
  • മക്കയും മദീനയും അതിര്‍ത്തി പ്രദേശങ്ങളും ഒഴികെ റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങാം
  • മക്കയിലെയും മദീനയിലെയും റിയല്‍ എസ്റ്റേറ്റുകള്‍ 99 വര്‍ഷത്തിനു വരെ പാട്ടത്തിനെടുക്കാം
  • സ്വന്തം പേരില്‍ വാഹനങ്ങള്‍ വാങ്ങാം
  • ഇഖാമ ഉടമയ്ക്കും ആശ്രിതര്‍ക്കും ഇഷ്ടാനുസരണം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാം, ജോലി മാറാം
  • സൗദിയില്‍നിന്ന് യഥേഷ്ടം പോകുകയും വരികയും ചെയ്യാം
  • എയര്‍പോര്‍ട്ടുകളില്‍ സൗദികള്‍ക്കുള്ള കൗണ്ടറുകള്‍ ഉപയോഗിക്കാം

റിയാദ് - സൗദിയില്‍ നിയമാനുസൃതം ബിസിനസ്, നിക്ഷേപ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് വിദേശികള്‍ക്ക് അവസരമൊരുക്കുന്ന ഗ്രീന്‍ കാര്‍ഡിന് സമാനമായ സ്ഥിരം ഇഖാമക്ക് (പ്രീമിയം റെസിഡന്‍സി) പ്രീമിയം റെസിഡന്‍സി സെന്റര്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. saprc.gov.sa എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

സ്ഥിരം ഇഖാമക്ക് ആവശ്യമായ മുഴുവന്‍ രേഖകളും സമര്‍പ്പിക്കുന്നതിനും പ്രീമിയം ഇഖാമക്ക് ആവശ്യമായ ഫീസ് ഓണ്‍ലൈന്‍ വഴി അടയ്ക്കുന്നതിനും പോര്‍ട്ടലില്‍ അവസരമൊരുക്കിയിട്ടുണ്ട്. സ്ഥിരം ഇഖാമ നിയമത്തെ കുറിച്ചും പ്രീമിയം റെസിഡന്‍സി സെന്ററിനെ കുറിച്ചുമുള്ള വിവരങ്ങളും പോര്‍ട്ടലിലുണ്ട്.

രണ്ടിനം സ്ഥിരം ഇഖാമകളാണ് വിദേശികള്‍ക്ക് അനുവദിക്കുന്നത്. ആജീവനാന്ത കാലത്തേക്ക് ഒറ്റത്തവണ ഫീസ് അടയ്ക്കുന്ന സ്ഥിരം ഇഖാമയും വര്‍ഷാവര്‍ഷം ഫീസ് അടയ്‌ക്കേണ്ട പരിമിത കാലത്തേക്കുള്ള പ്രീമിയം ഇഖാമയും. ആജീവനാന്ത ഇഖാമക്ക് ഒറ്റത്തവണ എട്ടു ലക്ഷം റിയാലാണ് ഫീസ്. ഒരു വര്‍ഷ കാലാവധിയുള്ള പ്രീമിയം ഇഖാമക്ക് ഒരു ലക്ഷം റിയാലും. ഈ ഇഖാമ വര്‍ഷാവര്‍ഷം പുതുക്കണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള പ്രീമിയം ഇഖാമ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ഫീസ് അടയ്ക്കുമ്പോള്‍ രണ്ടു ശതമാനം ഇളവ് ലഭിക്കും. 

DOWNLOAD APP

കുടുംബ സമേതം സൗദിയില്‍ താമസം, ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ, ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസ, മക്കയും മദീനയും അതിര്‍ത്തി പ്രദേശങ്ങളും ഒഴികെയുള്ള പ്രദേശങ്ങളില്‍ പാര്‍പ്പിട, വ്യാപാര, വ്യവസായ ആവശ്യങ്ങള്‍ക്ക് സ്വന്തം പേരില്‍ റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങുന്നതിന് അനുമതി, മക്കയിലെയും മദീനയിലെയും റിയല്‍ എസ്റ്റേറ്റുകള്‍ 99 വര്‍ഷത്തില്‍ കവിയാത്ത കാലത്തേക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള അനുമതി, സ്വന്തം പേരില്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതി, സ്വകാര്യ മേഖലയില്‍ ഇഷ്ടാനുസരണം ജോലിയില്‍ പ്രവേശിക്കുന്നതിനും തൊഴില്‍ മാറുന്നതിനും സ്വന്തം നിലയ്ക്കും, ആശ്രിതര്‍ക്കും അനുമതി, സൗദിയില്‍നിന്ന് പുറത്തേക്ക് പോകുന്നതിനും തിരിച്ചുവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ സൗദികള്‍ക്കുള്ള കൗണ്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി, വിദേശ നിക്ഷേപ നിയമം അനുസരിച്ച് സൗദിയില്‍ ബിസിനസ് ചെയ്യുന്നതിന് അനുമതി എന്നിവ സ്ഥിരം ഇഖാമ ഉടമകള്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളാണ്. എന്നാല്‍ പൂര്‍ണമായും സൗദിവല്‍ക്കരിച്ച തൊഴിലുകളില്‍ സ്ഥിരം ഇഖാമ ഉടമകള്‍ക്കും ആശ്രിതര്‍ക്കും വിലക്കുണ്ടാകും.
സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തില്‍നിന്ന് പ്രീമിയം ഇഖാമ ഗുണഭോക്താക്കളെ ഒഴിവാക്കും. സ്ഥിരം ഇഖാമക്കാര്‍ക്ക് ലെവി ബാധകമല്ലെന്ന് മാത്രമല്ല, ഇവര്‍ക്കൊപ്പം സൗദിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് ആശ്രിത ലെവിയും അടയ്‌ക്കേണ്ടതില്ല. പ്രീമിയം ഇഖാമ ഉടമക്കൊപ്പം സൗദിയില്‍ താമസിക്കാവുന്ന കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. സ്ഥിരം ഇഖാമ ഉടമകള്‍ക്കും ആശ്രിതര്‍ക്കും പ്രത്യേക നികുതിയുമില്ല. എന്നാല്‍ രാജ്യത്ത് നിലവിലുള്ള നികുതി നിയമം ഇവര്‍ക്കും ബാധകമായിരിക്കും. സ്ഥിരം ഇഖാമക്ക് അപേക്ഷിക്കുന്നവര്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷകരുടെ പ്രായം 21 ല്‍ കുറയാന്‍ പാടില്ല. അപേക്ഷകര്‍ മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാകാനും പാടില്ല. മതിയായ സാമ്പത്തിക ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും സമര്‍പ്പിക്കണം. പകര്‍ച്ചവ്യാധി മുക്തരാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. സൗദി അറേബ്യയില്‍ താമസിക്കുന്നവരാണ് അപേക്ഷകരെങ്കില്‍ അവര്‍ക്ക് നിയമാനുസൃത ഇഖാമയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
സ്ഥിരം ഇഖാമ ലഭിച്ചവര്‍ക്ക് അത് റദ്ദാക്കപ്പെടുന്ന സാഹചര്യങ്ങളും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യത്തില്‍ അറുപതു ദിവസത്തില്‍ കുറയാത്ത കാലത്തേക്ക് തടവിനോ ഒരു ലക്ഷം റിയാലില്‍ കുറയാത്ത പിഴക്കോ കോടതി ശിക്ഷിക്കുക, ഇവരെ സൗദിയില്‍നിന്ന് നാടുകടത്തുന്നതിന് കോടതി വിധിയോ ബന്ധപ്പെട്ട വകുപ്പുകളുടെ തീരുമാനമോ ഉണ്ടാവുക, വ്യാജ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് സ്ഥിരം ഇഖാമക്ക് അപേക്ഷ സമര്‍പ്പിച്ചതെന്ന് തെളിയുക, ഉടമകള്‍ സ്ഥിരം ഇഖാമ നിയമവും രാജ്യത്തെ മറ്റു നിയമ, നിര്‍ദേശങ്ങളും പാലിക്കാതിരിക്കുക, ഉടമകള്‍ സ്ഥിരം ഇഖാമ കൈയൊഴിയുക, ഉടമയുടെ മരണം എന്നീ സാഹചര്യങ്ങളില്‍ സ്ഥിരം ഇഖാമ റദ്ദാക്കപ്പെടുമെന്നും നിയമം വ്യക്തമാക്കുന്നു. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പുതുക്കാതിരിക്കുന്നത് സ്ഥിരം ഇഖാമ റദ്ദാക്കുന്നതിനുള്ള നിയമ ലംഘനമായി പരിഗണിക്കപ്പെടും.

 

 

Latest News