Sorry, you need to enable JavaScript to visit this website.

വിയ്യൂർ ജയിലിലെ റെയ്ഡ്:  അന്വേഷണം ഉദ്യോഗസ്ഥരിലേക്ക്‌

തൃശൂർ- വിയ്യൂർ ജയിലിലെ തടവുപുള്ളികളിൽ നിന്ന് മൊബൈൽ ഫോണടക്കമുള്ളവ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം നീളുന്നത് ഉദ്യോഗസ്ഥരിലേക്ക്. സ്മാർട്ട് ഫോണും ചാർജറുമെല്ലാം ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികൾക്ക് എത്തിച്ചുകൊടുക്കുന്നതിൽ ജയിലിലെ ചില ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന സൂചനയും അഭ്യൂഹവും വ്യാപകമാണ്.
ഇതിൽ എതിർപ്പുള്ള മറ്റു ചില ഉദ്യോഗസ്ഥരാണ് വിയ്യൂർ ജയിലിലെ കള്ളക്കളികളെ കുറിച്ച് ഋഷിരാജ് സിംഗിന് വിവരം നൽകിയതെന്ന പ്രചാരണവും ജയിലിനകത്തുണ്ട്. വിയ്യൂർ ജയിലിൽ പോലീസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെടുത്തത് മൊബൈൽ ഫോണുകളും ആയുധങ്ങളും  കഞ്ചാവും തുടങ്ങി ബീഡി കുറ്റി വരെയുള്ളവയാണ്.  പരിശോധനയുടെ അടിസ്ഥാനത്തിൽ നാല് കേസുകൾ വിയ്യൂർ പോലീസ് രജിസ്റ്റർ ചെയ്തു.  ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയുടെയും, കൊടി സുനിയുടെയും  കൈവശമുണ്ടായിരുന്ന സിംകാർഡ് അടക്കമുള്ള മൊബൈൽ ഫോണുകളാണ് പിടിച്ചെടുത്തത്. കൊടിസുനി റെയ്ഡിന് പോലീസെത്തിയ ഉടൻ സിംകാർഡ് ഒളിപ്പിച്ചു. ക്ലോസറ്റിലിട്ട് വെള്ളം ഒഴിച്ചെന്നാണ് സൂചന. ഈ സിം കാർഡ് പോലീസിന് കണ്ടെത്താനായിട്ടില്ല.
പുറത്തുള്ള പല പ്രധാന വ്യക്തികളേയും കൊടിസുനി ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്. സിം കാർഡ് കിട്ടുകയാണെങ്കിൽ അത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്നതുകൊണ്ടു തന്നെയാണ് അത് നശിപ്പിച്ചതെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. 
ജയിലിൽ നിന്നും കോടതിയിലേക്ക് കേസുകളുടെ വിചാരണക്കായി പോയിവരുമ്പോൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫോണുകൾ ജയിലിനകത്തേക്ക് കടത്തിയെന്നാണ് സൂചന. ജയിലിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി ക്യാമറകൾ മിക്കതും പ്രവർത്തനരഹിതമായതിനാൽ ഫോൺകടത്തിന്റെ ദൃശ്യങ്ങളൊന്നും ലഭിക്കാനിടയില്ല. 
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ  ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ചെ അഞ്ചര മുതൽ ഏഴ് വരെയായിരുന്നു പരിശോധന. ജയിലിനകത്തെ ഒരു കുഞ്ഞുപോലും അറിയാതെയാണ് ഋഷിരാജ് സിംഗും യതീഷ്ചന്ദ്രയും സംയുക്തമായി ഈ റെയ്ഡ് ആസൂത്രണം ചെയ്തത്. 
ഷാഫിയിൽ നിന്നും പിടിച്ചെടുത്ത ഫോണിലെ സിം കാർഡിലെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. വിയ്യൂർ ജയിലിൽ ടി.പി. കേസ് പ്രതികൾ സുഖവാസമാണെന്ന് നേരത്തെ പലതവണ വാർത്തകളും തെളിവു സഹിതമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ഉന്നതരുടെ ഒത്താശയോടെ അവർ സുഖവാസം തുടരുകയായിരുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ജയിലിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ഇന്റർനെറ്റ് കണക്ഷനടക്കമുള്ള സ്മാർട്ട് ഫോണുകൾ. 
വിയ്യൂർ ജയിലിലെ ബി.ഡി.ഇ രണ്ട് ബ്‌ളോക്കുകളിലാണ് പരിശോധന നടത്തിയത്. ഡി ബ്‌ളോക്കിൽ പാർപ്പിച്ചിരിക്കുന്ന മുഹമ്മദ് ഷാഫിയിൽ നിന്നും രണ്ട് മൊബൈൽ ഫോണും നാല് സിംകാർഡുകളും, കൊടി സുനിയിൽ നിന്നും സിം കാർഡ് ഇല്ലാത്ത മൊബൈൽ ഫോണുമാണ് പിടിച്ചെടുത്തത്. 
ചെറിയ 13 പൊതികളിലായി നിറച്ച 30 ഗ്രാം കഞ്ചാവ്, പവർ ബാങ്ക്, ചാർജർ, ഹെഡ് സെറ്റ്, കത്തി, അരം, കത്രിക, ബീഡി, ലൈറ്ററുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. 
2014ൽ കോഴിക്കോട് ജയിലിലായിരിക്കുമ്പോഴും പിന്നീട് വിയ്യൂരിലെത്തിച്ച് 2017ലും ഷാഫിയിൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു. 


 

Latest News