നെടുമ്പാശ്ശേരി- രാജ്യത്ത് സ്വർണ വിലയിൽ ഉണ്ടായിട്ടുള്ള വൻ വില വർധനവ് കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കാനും പരിശോധന ശക്തമാകുന്നതിനും ഇന്റലിജൻസ് വിഭാഗങ്ങൾ കസ്റ്റംസിന് മുന്നറിയിപ്പ് നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം നടത്തിയ കർശന പരിശോധനയിലാണ് അഞ്ചു പേർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പക്കൽ കുടുങ്ങിയത്. സാധാരണയായി രാജ്യത്ത് സ്വർണ വില അമിതമായി വർധിക്കുമ്പോഴാണ് അനധികൃത സ്വർണക്കടത്ത് കൂടുതൽ സജീവമാകുന്നത്. സ്വർണ വില പവന് 25000 രൂപ കടന്നതോടെയാണ് സ്വർണക്കടത്ത് സംഘം കൂടുതൽ സജീവമാകാൻ ഇടയുണ്ടെന്ന വിലയിരുത്തൽ. ഇതിനു മുൻപ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്തരത്തിൽ സ്വർണ വിലയിൽ വർധനവുണ്ടായത്. അന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച വൻ സ്വർണ ശേഖരം പിടികൂടിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഞ്ച് കിലോഗ്രാം സ്വർണമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇത് കൂടാതെ വിവിധ യാത്രക്കാരിൽ നിന്നായി അഞ്ചര കോടിയോളം രൂപ വിലവരുന്ന 16 കിലോഗ്രാം സ്വർണവും കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. ഈ കാലയളവിൽ കരിപ്പൂർ വിമാനത്താവളത്തിലും അനധികൃതമായി കടത്താൻ ശ്രമിച്ച 14 കിലോഗ്രാമോളം സ്വർണമാണ് പിടികൂടിയത്. സാധാരണയായി ഒരു മാസത്തിനിടെ ഇത്ര വലിയ സ്വർണവേട്ട നടക്കുന്നത് അപൂർവ്വമാണ്.
സമാനമായ സാഹചര്യമാണ് ഇപ്പോൾ വീണ്ടും ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗങ്ങളുടെ വിലയിരുത്തൽ. സ്വർണക്കടത്ത് വൻ തോതിൽ വർധിക്കുന്നതായി രഹസ്യ വിവരം കിട്ടുന്നതോടെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. ഇത്തരം സാഹചര്യങ്ങളിൽ വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് സുരക്ഷിതമായി പുറത്ത് കടത്താൻ ലക്ഷ്യമിട്ട് വിമാനത്തിലോ, വിമാനത്താവളത്തിലെ ശുചിമുറികളിലോ ഉപേക്ഷിക്കപ്പെടുന്ന സ്വർണം സ്വർണക്കടത്ത് സംഘത്തിന്റെ സഹായികളായി പ്രവർത്തിക്കുന്ന ജീവനക്കാർക്ക് യഥാസമയം കൈക്കലാക്കി പുറത്തെത്തിക്കാൻ കഴിയാതെ വരും.
ഇതിനിടയിൽ ഇത്തരത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന സ്വർണം മറ്റ് ജീവനക്കാരുടെയോ കസ്റ്റംസ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെടുമ്പോഴാണ് പിടിയിലാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ വിപണികളിൽ ഒന്നാണ് കേരളം. രാജ്യത്ത് സ്വർണ വില വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ നടത്തുന്ന സ്വർണക്കടത്തിൽ 10 ശതമാനം നികുതിക്ക് പുറമെ 2 ശതമാനം മുതൽ 4 ശതമാനം വരെ അധിക ലാഭവും ലഭിക്കുമെന്നതാണ് സ്വർണക്കടത്ത് കൂടുതൽ സജീവമാകാൻ ഇടയാക്കുന്നത്. സ്വർണക്കടത്ത് സജീവമാകുന്നതോടെ വിദേശത്തേക്ക് അനധികൃതമായി വിദേശ കറൻസികൾ കടത്തുന്നതും വൻ തോതിൽ വർധിക്കാൻ ഇടയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് വിദേശത്തേയ്ക്ക് പോകുന്ന യാത്രക്കാരുടെ ലഗേജുകളും സൂക്ഷ്മ നിരീക്ഷണം നടത്താൻ സുരക്ഷാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.