Sorry, you need to enable JavaScript to visit this website.

ആണവായുധങ്ങൾ സ്വന്തമല്ലെങ്കിൽ ഞാൻ ഇറാൻറെ ഉത്തമ സുഹൃത്ത് - ഡൊണാൾഡ് ട്രംപ് 

ന്യൂ  യോർക്ക് - ഇറാൻ ആണവായുധം സ്വന്തമാക്കിയില്ലെങ്കിൽ അത് സമ്പന്നമായേനെയെന്നും  അമേരിക്കൻ പ്രസിഡന്റിനെ  ഒരു 'ഉത്തമസുഹൃത്തായി' അവർക്ക് ലഭിച്ചേനെ എന്നും ഡൊണാൾഡ് ട്രംപ്. യു.എസ് നിരീക്ഷണ ഡ്രോൺ തകർത്തതിന് പ്രതികാരമായി വ്യോമാക്രമണം ആസൂത്രണം ചെയ്ത അമേരിക്ക അവസാന നിമിഷം പിൻവാങ്ങിയതിൻറെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം.

150 പേർ മരിക്കുമെന്നറിഞ്ഞപ്പോഴാണ് ആക്രമണം ഉദ്ദേശിച്ചതിന് 10 മിനിറ്റ് മുൻപ് ഞാൻ പിന്മാറുന്നത്. ആളില്ലാത്ത ഡ്രോൺ വെടി വച്ചിട്ടതിന് 150 പേരുടെ ജീവൻ കളയണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. - ട്രംപ് വെളിപ്പെടുത്തി. 

ഉപരോധങ്ങൾ മൂലം ഇറാൻ ദുർബലമായിക്കഴിഞ്ഞെന്നും  അതിനു പുറമെ വ്യാഴാഴ്ച വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞ ട്രംപ്, അവ നീക്കണമെങ്കിൽ  ഇറാൻ 12 ആവശ്യങ്ങൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ടു. ഇറാൻ ആണവായുധങ്ങൾ വാങ്ങുന്നത് നിർത്തണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. 

ആണവായുധങ്ങൾ അവർ വാങ്ങുന്നത് നിർത്തിയാൽ, അവർ സമ്പന്ന രാജ്യമാകും. സന്തോഷമുള്ള രാജ്യങ്ങളിലൊന്നാകും. അമേരിക്കൻ പ്രസിഡൻറ് അവരുടെ ഉത്തമ സുഹൃത്തുമാകും. ന്യൂയോർക്ക് സിറ്റിയിൽ ധാരാളം ഇറാനികൾ ഉണ്ട്. അവർ നല്ലവരാണ്. എനിക്ക് ഇറാനികളായ ചങ്ങാതിമാരുണ്ട്. വളരെ നല്ല ഉദ്ദേശ്യങ്ങളും ഉയർന്ന നിലവാരമുള്ള ആളുകളുമാണ്. 150 ഇറാനികളെ കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തികച്ചും അനിവാര്യമല്ലെങ്കിൽ ആരെയും കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല. -ട്രംപ് പറഞ്ഞു.

 

2015 ലെ കരാറിൽ അംഗീകരിച്ച ആണവ പദ്ധതിയുടെ പരിധിയിൽ ഇറാൻ ഇതുവരെ ഉറച്ചുനിന്നു.ആണവായുധങ്ങൾ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ തറപ്പിച്ചുപറയുകയും വികസനത്തിനോ ആയുധവത്കരണത്തിന് പരീക്ഷണത്തിനോ സമീപകാല തെളിവുകളില്ലെന്നും  അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയും ആൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കരാറിൽ നിന്ന് അമേരിക്ക പിൻ‌മാറുകയും ഇറാനു മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ട്  ഒരു വർഷത്തിലേറെയായി. 

ഇറാനുമായുള്ള നിലപാട് ചർച്ച ചെയ്യാൻ യോഗങ്ങൾ ചേരുമെന്ന് ട്രംപ് പറഞ്ഞു. ഡ്രോൺ താഴെയിറക്കുമ്പോൾ,  ഗ്ലോബൽ ഹോക്കിന് സമീപമായി  യുഎസ് മനുഷ്യ ചാര വിമാനം ആകാശത്ത് ഉണ്ടായിരുന്നുവെന്ന ഇറാൻറെ അവകാശവാദത്തെ  ട്രംപ് ആദ്യമായി സ്ഥിരീകരിച്ചു.

ഇന്നലെ 38 ആളുകളുമായി ഒരു വിമാനം ഉണ്ടായിരുന്നു, അതൊരു വലിയ കഥയാണെന്ന് ഞാൻ കരുതുന്നു. അവർക്ക് അത് കാഴ്ചയിൽ ഉണ്ടായിരുന്നു, പക്ഷേ ഷൂട്ട് ചെയ്തില്ല. അത് ചെയ്യാതിരിക്കാൻ അവർ വളരെ ബുദ്ധിപരമായി നീങ്ങിയെന്ന് ഞാൻ കരുതുന്നു. അതിൽ അവരെ  ഞങ്ങൾ അഭിനന്ദിക്കുകയും ചെയ്യുന്നു- ട്രംപ് പറഞ്ഞു. 

പക്ഷെ ഇനിയുമൊരാക്രമണം ഉണ്ടായാൽ മുൻപെങ്ങും കാണാത്തതുപോലെ ഇറാൻ ഇല്ലാതാക്കപ്പെടുമെന്നും ട്രംപ് അതോടൊപ്പം മുന്നറിയിപ്പ് നൽകിയിരുന്നു. 

 

Latest News