റിയാദ് - മദ്യശേഖരവുമായി സൗദി പൗരനെ ഹൈവേ പോലീസ് പിടികൂടി. ഖുവൈഇയ്യയിലെ ഹൽബാനിലാണ് ഇയാൾ വാഹന പരിശോധനക്കിടെ കുടുങ്ങിയത്. 80 കുപ്പി വിദേശ മദ്യം ഇയാളുടെ കാറിൽ കണ്ടെത്തി. റിയാദിൽനിന്ന് തായിഫ് ലക്ഷ്യമാക്കി സഞ്ചരിച്ച കാർ സംശയം തോന്നി ഹൈവേ പോലീസുകാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
മയക്കുമരുന്നുമായി മറ്റൊരു സൗദി പൗരനും ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ഹൈവേ പോലീസിന്റെ പിടിയിലായി. 380 ലഹരി ഗുളികകളും 50,000 റിയാലും ഇയാളുടെ കാറിൽ കണ്ടെത്തി. തുടർ നടപടികൾക്കായി തൊണ്ടി സഹിതം ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.