Sorry, you need to enable JavaScript to visit this website.

ദിലീപിനെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ച വിഷ്ണു കസ്റ്റഡിയിൽ

കൊച്ചി- നടൻ ദിലീപിനെയും സംവിധായകൻ നാദിർഷയെയും ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിനെ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്്തു. മറ്റൊരു സഹതടവുകാരനായിരുന്ന ജിൻസനെയും ചോദ്യം ചെയ്യും. ദിലീപിനെ ബ്ലാക്‌മെയിൽ ചെയ്ത് ഒന്നര കോടി രൂപ തട്ടിയെടുക്കാൻ പൾസർ സുനിക്കൊപ്പം ജയിലിൽ കഴിയുമ്പോൾ വിഷ്ണുവും ജിൻസനും ചേർന്ന്് ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായി ദിലീപിന് പൾസർ സുനിയുടെ പേരിൽ കത്തയക്കുകയും ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന്റെ ഡ്രൈവറെ നേരിട്ട് വിളിക്കുകയും ചെയ്തുവന്ന് പോലീസ് കണ്ടെത്തി. കൊച്ചിയിൽ മാത്രം 86 മാല മോഷണക്കേസിലെ പ്രതിയാണ് വിഷ്ണു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. 100 പവനോളം സ്വർണം വിവിധ ജ്വല്ലറികളിൽനിന്നായി കണ്ടെടുക്കുകയും ചെയ്തിരുന്നു. പൾസർ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ മാർച്ചിലാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

ദിലീപിന്റെ മാനേജറെ ഫോണിൽ വിളിച്ചത് പൾസർ സുനിയാണെന്നും പോലീസ് വെളിപ്പെടുത്തി. ജയിലിൽ പൾസർ സുനി ഉപയോഗിച്ച ഡോകോമോ നമ്പറിൽനിന്നാണ് വിളിച്ചത്. ഫോൺ സംഭാഷണത്തിന്റെ റെക്കോഡ് ചെയ്ത ശബ്ദരേഖയും പോലീസിന്റെ പക്കലുണ്ട്. ഇതിന്റെ ചില ഭാഗങ്ങൾ ഇന്നലെ പുറത്തു വന്നു. വിഷ്ണുവിന്റെ പക്കൽ കത്ത് കൊടുത്തുവിട്ട ശേഷമാണ് പൾസർ സുനി ദിലീപിനെ ഫോണിൽ വിളിച്ചത്. സുനിയാണെന്നും ജയിലിൽനിന്നാണ് വിളിക്കുന്നതെന്നും കൊടുത്തയച്ച കത്ത് വായിച്ചോ എന്നും സുനി ചോദിക്കുന്നുണ്ട്. കത്ത് ഏതോ കടയിൽ കൊടുത്തതായാണ് ഫോൺ സംഭാഷണത്തിലെ സൂചന. എന്നാൽ ഇക്കാര്യം പറഞ്ഞ് വിളിക്കേണ്ടെന്ന് പറഞ്ഞ് പൾസർ സുനിയോട് തട്ടിക്കയറുന്ന ദിലീപിന്റെ മാനേജർ നിങ്ങൾ എന്തു വേണമെങ്കിലും ചെയ്‌തോ എന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിക്കുന്നത്. 

സുനിയുടെ പേരിൽ ദിലീപിന് നൽകാനുള്ള കത്തെഴുതിയത് നിയമ വിദ്യാർഥിയായ ജിൻസനാണെന്നാണ് സൂചന. കത്തിലെ കൈപ്പട സുനിയുടേതല്ലെന്ന് സുനിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ വ്യക്തമാക്കി. കത്ത് പോലീസ് ശാസ്ത്രീയ പരിശോധനക്ക് അയക്കും. ആദ്യം ജയിലിൽനിന്ന് ഇറങ്ങിയ വിഷ്ണുവിനെ ജിൻസനാണ് മരട് കോടതി പരിസരത്ത് കത്ത് ഏൽപിച്ചത്. കത്ത് തനിക്ക് ലഭിച്ചില്ലെന്നും എന്നാൽ കത്തിന്റെ വാട്‌സ് ആപ്പ് കോപ്പി ഡ്രൈവർക്ക് ലഭിച്ചെന്നും അത് കൂടി വെച്ചാണ് പോലീസിന് കഴിഞ്ഞ ഏപ്രിലിൽ പരാതി നൽകിയതെന്നും ദിലീപ് പറയുന്നു. 


 

Latest News