Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ടവര്‍ ഭീഷണിക്ക് ശാസ്ത്രീയ തെളിവില്ലെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി- മൊബൈല്‍ ടവറുകള്‍ ആരോഗ്യത്തിന് ഭീഷണിയാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ തെളിവുകളില്ലെന്ന് ദല്‍ഹി ഹൈക്കോടതി. വടക്കന്‍ ദല്‍ഹിയിലെ ഗോപാല്‍ നഗറില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ഹൗസിങ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.


മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതും ടവറില്‍നിന്ന് തരംഗങ്ങള്‍ പ്രസരിക്കുന്നതും മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്നത് തെളിയിക്കാനാവശ്യമായ ശാസ്ത്രീയമായ വിവരങ്ങളില്ലെന്ന് ജസ്റ്റിസ് ജയന്ത് നാഥ് പറഞ്ഞു.
തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തന്നെ ഹരജിയില്‍ കഴമ്പില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചുമായി ജസ്റ്റിസ് ജയന്ത് നാഥ് ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച ശേഷമാണ് ഹരജി തള്ളുന്നതായി ഉത്തരവിട്ടത്.


വടക്കന്‍ ദല്‍ഹിയിലെ ഗോപാല്‍ നഗറില്‍ ക്രിസ്ത്യന്‍ ആരാധനാലയത്തിന്റേയും സ്‌കൂളിന്റെയും സമീപം മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഹൗസിങ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് തലവേദന, ഓര്‍മശക്തി കുറയല്‍, കാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവക്ക് കാരണമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.

 

Latest News