ഞങ്ങളെ വില്‍പനക്ക് വെച്ചിട്ടില്ല; സാമ്പത്തിക പദ്ധതി തള്ളി ഫലസ്തീനികള്‍

ഗാസ സിറ്റി- മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ ഭാഗമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മരുമകന്‍ ജേറഡ് കുഷ്‌നര്‍ മുന്നോട്ടുവെച്ച സാമ്പത്തിക പദ്ധതി ഫലസ്തീനികള്‍ തള്ളി.

ഫലസ്തീനികളെ വിലയ്ക്കു വാങ്ങാമെന്നാണ് ഇസ്രായിലിനെ അനുകൂലിക്കുന്ന യു.എസ് പ്രസിഡന്റ് ട്രംപ് കരുതുന്നതെന്നും സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യത്തില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഹമാസും ഫലസ്തീന്‍ വിമോചന സംഘടനയും (പി.എല്‍.ഒ) ഒരു പോലെ പ്രതികരിച്ചു. ഇസ്രായിലി അധിനിവേശത്തിനു കീഴില്‍ ഫലസ്തീനികള്‍ക്ക് ഒരിക്കലും ക്ഷേമം ഉണ്ടാകില്ലെന്ന് ഇരു സംഘടനകളും വ്യക്തമാക്കി.

ദീര്‍ഘകാലമായി തയാറാക്കുന്ന  മിഡില്‍ ഈസ്റ്റ് സമാധാന പദ്ധതിയുടെ സാമ്പത്തിക ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫലസ്തീന്റേയും അയല്‍ അറബ് രാജ്യങ്ങളുടേയും സമ്പദ്ഘടനകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് 5000 കോടി ഡോളറിന്റെ ആഗോള നിക്ഷേപ ഫണ്ട് സ്വരൂപിക്കുകയെന്ന നിര്‍ദേശമാണ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ചത്. വെസ്റ്റ് ബാങ്കിനേയും ഗാസയേയും ബന്ധിപ്പിക്കുന്ന 500 കോടി ഡോളറിന്റെ ഗതാഗത ഇടനാഴിയും ഇതില്‍ ഉള്‍പ്പെടുന്നു.

ബഹ്‌റൈനില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സമാധാനത്തില്‍നിന്ന് സമൃദ്ധിയിലേക്ക് എന്ന തലക്കെട്ടില്‍ കുഷ്‌നര്‍ ഈ പദ്ധതി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയെ ഇസ്രായില്‍ സ്വാഗതം ചെയ്തു.

http://malayalamnewsdaily.com/sites/default/files/2019/06/23/hanan.jpg

രാഷ്ട്രീയ പരിഹാരമാണ് ഫലസ്തീന്‍ പ്രശ്‌നത്തിനു വേണ്ടതെന്നും പദ്ധതിയിലുള്ളത് വെറും വാഗ്ദാനങ്ങളാണെന്നും മുതിര്‍ന്ന പി.എല്‍.ഒ ഉദ്യോഗസ്ഥ ഹനാന്‍ അശ്‌റവി പറഞ്ഞു. ഫലസ്തീനെ വില്‍പനക്ക് വെച്ചിട്ടില്ലെന്നാണ് ഹമാസിന്റെ പ്രതികരണം.

ആദ്യം ഗാസക്കെതിരായ ഉപരോധം നീക്കണം. ഞങ്ങളുടെ ഭൂമിയും വിഭവങ്ങളും ഫണ്ടുകളും കവരുന്നത് ഇസ്രായില്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും അതിര്‍ത്തികളും വ്യോമപാതയും ജലാതിര്‍ത്തികളും തിരികെ നല്‍കണം.  സ്വതന്ത്ര പരമാധികാര ജനത സമൃദ്ധമായ സമ്പദ്ഘടന പടുത്തുയര്‍ത്തുന്നത് അപ്പോള്‍ കാണാം- ഹനാന്‍ അശ്‌റവി ട്വീറ്റ് ചെയ്തു.

 

Latest News