Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ അപകടമരണം: ഗഫൂര്‍ ഷായെ കണ്ടെത്താനായില്ല; കോഴിക്കോട്ടെത്തുമെന്ന് പ്രതീക്ഷ

ജിദ്ദ- വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ച മുഹമ്മദ് ഷായുടെ പിതാവ് ഗഫൂര്‍ ഷാ മാസത്തിലൊരിക്കലെങ്കിലും കോഴിക്കോട് സന്ദര്‍ശിക്കാറുണ്ടെന്ന് വിവരം ലഭിച്ചു.

മലയാളം ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത ശ്രദ്ധയില്‍പെട്ട കോഴിക്കോട് സ്വദേശിയും ജിദ്ദ മുന്‍ പ്രവാസിയുമായ റഹീമാണ് ഗഫൂര്‍ ഷാ മാസത്തിലൊരിക്കലെങ്കിലും തന്റെ വീട്ടില്‍ വരാറുണ്ടെന്ന വിവരം മലയാളം ന്യൂസിനെ അറിയിച്ചത്.

ജുബൈലില്‍ മകന്‍ വാഹനാപകടത്തില്‍ മരിച്ചതിനുള്ള നഷ്ടപരിഹാരം വര്‍ഷങ്ങളായിട്ടും ലഭിച്ചില്ലെന്ന ഗഫൂര്‍ ഷായുടെ സങ്കടമാണ് വാര്‍ത്തയായിരുന്നത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും കേസ് ഫയല്‍ നമ്പറും ലഭിച്ചാല്‍ നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ തുടരാനാകുമെന്ന പ്രതീക്ഷയില്‍ ഗഫൂര്‍ ഷായെ തേടിപ്പോയെങ്കിലും അദ്ദേഹം കോഴിക്കോട്ടെ താമസസ്ഥലം ഉപേക്ഷിച്ചു പോയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ഒരു പക്ഷേ കേസില്‍ നഷ്ടപരിഹാരത്തിനുള്ള വഴി തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയല്‍ മുഹമ്മദ് ഷായെ കുറിച്ചോ അദ്ദേഹത്തിനു നേരിട്ട അപകടത്തെ കുറിച്ചോ അറിയാവുന്നവരുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

ഇനി ഗഫൂര്‍ഷാ റഹീമിനെ തേടി വന്നാല്‍ മാത്രമേ അപകടം സംബന്ധിച്ച് അദ്ദേഹത്തിന്റെ പക്കലുള്ള ഫയലുകളെ കുറിച്ചും മറ്റും വിശദ വിവരങ്ങള്‍ ലഭിക്കൂ.   

DOWNLOAD APP


പി.എ.എം ഹാരിസിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജുബൈലില്‍ വാഹനാപകടത്തില്‍ മകന്‍ മരിച്ചതിന് നഷ്ടപരിഹാരം കാത്തിരിക്കുന്ന പിതാവിനെക്കുറിച്ച് വിവരം തേടി മേയ് 30ന് ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. നിരവധി പേര്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്തു. പലരും മറ്റു ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുന്നതായി അറിയിച്ചു. പക്ഷെ ഗഫൂര്‍ ഷായെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

റമദാന്‍ ദിനങ്ങള്‍ മക്കളോടൊപ്പം ചിലവഴിക്കുന്നതിന് സന്ദര്‍ശക വിസയില്‍ ഞാനും കുടുംബവും സൗദിയിലെത്തിയിരുന്നു. ജുബൈലിലും റിയാദ് എംബസിയിലും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ഫേസ്ബുക്ക് സുഹൃത്തുക്കളുടെ സഹായം തേടിയത്.

നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് പെട്ടെന്ന് മനസില്‍ ഒരു ആശയം ഉദിച്ചത്. ഗഫൂര്‍ഷായെ കണ്ടെത്തുന്നതിനുള്ള ശ്രമത്തില്‍ മലയാളം ന്യൂസ് പത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പിന്റെ സഹായം തേടാമെന്ന ആശയം. ജിദ്ദയില്‍ സുഹൃത്ത് മുസാഫിറിന് വിവരം നല്‍കി. മുസാഫിര്‍ നിരഞ്ഞ മനസോടെ അനുകൂലമായി പ്രതികരിച്ചു. അടുത്ത ദിവസം തന്നെ മലയാളം ന്യൂസിന്റെ വെബ് പേജില്‍ ഗഫൂര്‍ ഷായെ കണ്ടെത്തുന്നതിന് സഹായം തേടുന്ന എന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധപ്പെടുത്തി. പ്രതീക്ഷ വിഫലമായില്ല.

നാട്ടിലെത്തി അധികം വൈകാതെ മുസാഫിറിന്റെ സന്ദേശമെത്തി. ഗഫൂര്‍ ഷായെ അറിയുന്ന ഒരാള്‍ കോഴിക്കോട്ട് നിന്ന് ബന്ധപ്പെട്ടിരുന്നു. പേര് റഹീം.മുസാഫിര്‍ തന്ന നമ്പറില്‍ റഹീമിനെ വിളിച്ചു സംസാരിച്ചു.

ദീഘകാലം രാജസ്ഥാനില്‍ ജോലി ചെയ്തിരുന്ന ഗഫൂര്‍ഷാ പിന്നീട് കോഴിക്കോട് താമസമാക്കിയിരുന്നു. ഭാര്യ നേരത്തെ മരിച്ചു. ഏക മകന്‍ മുഹമ്മദ് ഷാ ആയിരുന്നു ആശ്രയം. മാസത്തില്‍ ഒരിക്കലെങ്കിലും കോഴിക്കോട് വരുമെന്നും തന്റെ വീട്ടില്‍ വരാറുണ്ടെന്നും റഹീം പറഞ്ഞു. മുമ്പ് പ്രവാസിയായിരുന്നു റഹീം. രണ്ടായിരാമാണ്ട് വരെ റഹീം ജിദ്ദയില്‍ ജോലി ചെയ്തിരുന്നു.
ഗഫൂര്‍ഷായുടെ അടുത്ത വരവില്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണ് റഹീമിനൊപ്പം ഞാനും ഇപ്പോള്‍.
അപകട മരണത്തില്‍ നഷ്ടപരിഹാരം ലഭിക്കുമോ എന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെങ്കില്‍ എംബസിയുടെയും സാമൂഹിക പ്രവര്ത്തകരുടെയും സഹായത്തോടെ അത് നേടിക്കൊടുക്കുന്നതിന് നമുക്ക് സഹായിക്കാനാവുമോ എന്ന ശ്രമം നടത്തുകയാണ്.
അതിന് വഴിയൊരുക്കിയ മലയാളം ന്യൂസിനും മുസാഫിറിനും റഹീമിനും നന്ദി. ഈ കാര്യത്തില്‍ എന്റെ ശ്രദ്ധ പതിയാന്‍ ഉതകുന്ന വാര്‍ത്ത നല്‍കിയ മനോരമക്കും ലേഖകനും നന്ദി. ഇത് സംബന്ധമായി ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്കും സുമനസുകള്‍ക്കും നന്ദി.

 

Latest News