Sorry, you need to enable JavaScript to visit this website.

മക്കയില്‍ കിംഗ് അബ്ദുല്ല പാലം അടച്ചു; മിനായില്‍ പുതിയ നടപ്പാലങ്ങള്‍ നിര്‍മിക്കുന്നു

മക്ക- ഹജ് തീർഥാടകരുടെ നീക്കങ്ങളെയും വാഹന സഞ്ചാരത്തെയും വേർതിരിക്കുന്നതിന് മിനായിൽ പുതിയ നടപ്പാലങ്ങൾ നിർമിക്കുന്നു. കിംഗ് അബ്ദുല്ല മേൽപാലത്തിന് സമാന്തരമായാണ് നടപ്പാലങ്ങൾ നിർമിക്കുന്നത്. ഈ പാലങ്ങളെ തീർഥാടകരുടെ തമ്പുകളുമായും കിംഗ് അബ്ദുല്ല പാലത്തിന് പടിഞ്ഞാറുള്ള റോഡുകളുമായും ബന്ധിപ്പിച്ച് നാലു സ്ലോപ്പുകളും നിർമിക്കുന്നുണ്ട്. 


കല്ലേറ് കർമം പൂർത്തിയാക്കി ജംറ കോംപ്ലക്‌സിൽ നിന്ന് തമ്പുകളിലേക്ക് മടങ്ങുന്ന തീർഥാടകർക്കു വേണ്ടിയാണ് പുതിയ നടപ്പാലങ്ങളും സ്ലോപ്പുകളും നിർമിക്കുന്നത്. രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. 


ആദ്യ ഘട്ടത്തിൽ മിനായ്ക്ക് വടക്ക് 204-ാം നമ്പർ റോഡു വരെയുള്ള ഭാഗത്ത് നടപ്പാലങ്ങൾ നിർമിക്കും. രണ്ടാം ഘട്ടത്തിൽ കിംഗ് ഫൈസൽ സ്ട്രീറ്റിലെ 50-ാം നമ്പർ റോഡ്, 202-ാം നമ്പർ റോഡ്, 204-ാം നമ്പർ റോഡ് എന്നിവയുമായി ബന്ധിപ്പിച്ച് സ്ലോപ്പുകൾ നിർമിക്കും. 


നടപ്പാലങ്ങൾ നിർമിക്കുന്നതിനു വേണ്ടി മക്ക ട്രാഫിക് ഡയറക്ടറേറ്റ് കിംഗ് അബ്ദുല്ല പാലം അടച്ചിട്ടുണ്ട്. അസീസിയയിൽ നിന്ന് അൽ ശറായിഇലേക്കും അൽസൈൽ റോഡിലേക്കും പോകുന്ന വാഹനങ്ങളെ കിംഗ് അബ്ദുൽ അസീസ് റോഡ്, കിംഗ് ഫൈസൽ പാലം, അൽശറായിഅ്, അൽസൈൽ റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. 
അൽശറായിഇൽ നിന്ന് അസീസിയ ലക്ഷ്യമാക്കി പോകുന്ന വാഹനങ്ങൾ കിംഗ് ഫൈസൽ പാലം വഴിയാണ് തിരിച്ചുവിടുന്നത്. നടപ്പാലങ്ങളുടെയും സ്ലോപ്പുകളുടെയും നിർമാണ ജോലികളുടെ 56 ശതമാനം ഇതിനകം പൂർത്തിയായി.

DOWNLOAD APP

Latest News