സി.പി.എമ്മിനോട് പടവെട്ടി ജയിച്ചു; ശ്രീകണ്ഠന്‍ താടിയെടുത്തു

പാലക്കാട്- ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന് പിന്നാലെ മൂന്ന് പതിറ്റാണ്ട് മുമ്പ് ചെയ്ത ശപഥം നിറവേറ്റി വി.കെ.ശ്രീകണ്ഠന്‍ എം.പി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തിയിട്ട് മാത്രമേ താന്‍ താടിയെടുക്കുകയുള്ളൂ എന്ന ശപഥമാണ് നടപ്പാക്കിയത്. വൈകിട്ട് നാലരയോടെ സിവില്‍ സ്റ്റേഷന് സമീപം നാച്ചുറല്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലറിലെത്തിയാണ് ശ്രീകണ്ഠന്‍ താടിയെടുത്തത്.

http://malayalamnewsdaily.com/sites/default/files/2019/06/22/p9sreekandan1.jpg
ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ എസ്.എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കെ.എസ്.യു നേതാവായ ശ്രീകണ്ഠനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ സോഡാക്കുപ്പി കുത്തിക്കയറിയാണ് പരിക്കേറ്റത്. ഇതിന്റെ അടയാളം മറയ്ക്കാനാണ് താടിവെച്ചത്. വീട്ടുകാരില്‍ നിന്ന് വലിയ ശകാരം കിട്ടിയിട്ടും ആ കൗമാരക്കാരന്‍ താടിയെടുത്തില്ല. കണ്ണൂരിന് സമാനമായി പാലക്കാടും സി.പി.എം വേരോട്ടം ശക്തമായതോടെ കോളേജുകളിലും എസ്.എഫ്.ഐ പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായി. പിന്നീട് എസ്.എഫ്.ഐയുമായി സന്ധിയില്ലാ പോരാട്ടമായിരുന്നു. തുടര്‍ന്നാണ് തന്നെ അക്രമിച്ച സംഘടനയും സി.പി.എമ്മും പരാജയപ്പെട്ടതിന് ശേഷം മാത്രമേ താടിയെടുക്കൂ എന്ന് ശ്രീകണ്ഠന്‍ ശപഥമെടുത്തത്.
മുഖ്യധാര രാഷ്ട്രീയത്തിലേക്ക് എത്തിയ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയം അകന്നുനിന്നു. പിന്നീട് മൂന്ന് തവണ ഷൊര്‍ണൂര്‍ നഗരസഭ കൗണ്‍സിലറായി. അപ്പോഴൊന്നും സി.പി.എമ്മിന്റെ പതനം പൂര്‍ണമായിരുന്നില്ല. പക്ഷേ, ഇത്തവണ കഥമാറി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റിലും യു.ഡി.എഫ് വിജയിച്ചു. ഒപ്പം പാര്‍ട്ടിതന്നെ പ്രതീക്ഷ കൈവിട്ട പാലക്കാട് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് നീണ്ട മുപ്പതാണ്ടിന്റെ ശപഥം നിറവേറ്റാന്‍ തീരുമാനിച്ചത്. ഇനി പുതിയ മുഖവുമായാവും ശ്രീകണ്ഠന്‍ പാര്‍ലിമെന്റിലേക്ക് പോകുക.

http://malayalamnewsdaily.com/sites/default/files/2019/06/22/p10srikanadan3.jpg

DOWNLOAD APP

 

Latest News