ന്യൂദൽഹി - വീഡിയോ ഷൂട്ട് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും ശ്രമിക്കുന്നതിനിടെ രാജസ്ഥാനിൽ 12 വയസുള്ള ഒരു കുട്ടി തൂങ്ങിമരിച്ച വാർത്തയിൽ ആശങ്കയറിയിച്ച് ടിക് ടോക് മൊബൈൽ ആപ്പ് ടീം. ആളുകൾക്ക് ദോഷം വരുത്തുന്ന വെല്ലുവിളിയോ പ്രവർത്തനമോ അവർ ആപ്ലിക്കേഷനിൽ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ടിക്ക് ടോക്ക് ടീം പ്രസ്താവനയിൽ പറഞ്ഞു.
ആളുകൾക്ക് സ്വയമോ മറ്റാർക്കെങ്കിലുമോ ദോഷം വരുത്തുന്ന രീതിയിലുള്ള ഹാഷ്ടാഗ് വെല്ലുവിളികളോ പ്രവർത്തനങ്ങളോ വിനോദങ്ങളോ ടിക് ടോക് മൊബൈൽ ആപ്ലിക്കേഷൻ പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കത്തെയും പെരുമാറ്റത്തെയും കുറിച്ച് ഞങ്ങൾക്ക് സഹിഷ്ണുതയില്ലാത്ത നയമാണുള്ളത് - ടിക് ടോക് അറിയിച്ചു. അപകടത്തിൽ പെട്ട് മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ടിക് ടോക് ടീം അനുശോചനം രേഖപ്പെടുത്തി.
ടിക് ടോക് ചാലെഞ്ചിനു വേണ്ടി ഷൂട്ട് ചെയ്യുന്നതിനിടെയാണ് 12 കാരൻ അബദ്ധത്തിൽ തൂങ്ങി മരിക്കാനിടയായത്. കുളിമുറിയിൽ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ടിക് ടോക്കിൽ വീഡിയോ ചിത്രീകരിക്കുന്നതിനായി നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയും കയ്യിൽ വളകളും അണിഞ്ഞിരുന്നു. ടിക് ടോക്കിനു വേണ്ടി ആയിരുന്നില്ലെങ്കിൽ, എന്റെ മകൻ ഇന്ന് ജീവിച്ചിരിക്കുമായിരുന്നു എന്ന കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് കുട്ടി മരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.