നസീര്‍ വധശ്രമം: അന്വേഷണം ഷംസീര്‍ എം.എല്‍.എയിലേക്ക്?

തലശ്ശേരി- സി.പി.എം വിമതനും വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായിരുന്ന സി.ഒ.ടി നസീറിനുനേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട അന്വേഷണം ഷംസീര്‍ എം.എല്‍.എയിലേക്ക് നീങ്ങുമോ? സി.പി.എം തലശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി രാജേഷ് അറസ്റ്റിലായതോടെയാണ് പോലീസ് അന്വഷണം ഷംസീറിലേക്ക് നിങ്ങുമെന്ന സൂചന. ഷംസീര്‍ എം.എല്‍.എയുടെ മുന്‍ ഡ്രൈവറാണ് അറസ്റ്റിലായ രാജേഷ്.

എം.എല്‍.എയാണ് തന്നെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് സി.ഒ.ടി. നസീര്‍ ആവര്‍ത്തിച്ച് മൊഴി നല്‍കിയിരുന്നു. രാജേഷുമായി തനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും നസീര്‍ പറയുന്നു. ഷംസീറിന്റെ അടുത്തയാളാണ് രാജേഷെന്നും എം.എല്‍.എയിലേക്ക് അന്വേഷണം എത്തുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നുമാണ് നസീര്‍ പറയുന്നത്.

അന്വേഷണം രാജേഷിലേക്കെത്തിയതിനാല്‍ കേസില്‍ പ്രതീക്ഷയുണ്ടെന്നും ഷംസീറിലേക്ക് എത്തുമെന്നു തന്നെയാണ് കരുതുന്നതെന്നും നസീര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് രാജേഷ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ പ്രതി പൊട്ടിയന്‍ സന്തോഷ് എന്ന വി.പി.സന്തോഷിനെ നസീറിനെ ആക്രമിക്കാനുള്ള ദൗത്യം ഏല്‍പിച്ചത് രാജേഷാണെന്ന് പോലീസ് പറയുന്നു.

 

Latest News